
#ഡോ. ഷർമദ് ഖാൻ എംഡി (ആയുർവേദം)
ആരോഗ്യ സംരക്ഷണത്തിനും രോഗ ചികിത്സയ്ക്കും ഫലപ്രദമായി ആയുർവേദ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. ആഗോളവ്യാപകമായി ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് എട്ടാമത് ദേശീയ ആയുർവേദ ദിനം. ധന്വന്തരി ജയന്തി ദിനമായ നവംബർ 10നാണ് ദേശീയ ആയുർവേദ ദിനം ആഘോഷിക്കുന്നത്.
"ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം അഥവാ ടാഗ് ലൈൻ. "ആയുർവേദ ഫോർ വൺ ഹെൽത്ത് ' അഥവാ "ഏകാരോഗ്യത്തിന് ആയുർവേദം' എന്നതാണ് പ്രമേയം.
2006ലാണ് ഏകാരോഗ്യം എന്ന കാഴ്ചപ്പാട് ആരോഗ്യ പരിപാടി എന്ന നിലയിൽ നടപ്പിലാക്കിയത്. 2009ൽ ഏകാരോഗ്യ കമ്മിഷൻ നിലവിൽ വന്നു. 2015ൽ ഐക്യരാഷ്ട്ര സംഘടന വിഭാവന ചെയ്ത സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏകാരോഗ്യം എന്ന പരിപാടിക്ക് മുൻതൂക്കം ലഭിച്ചു.
രണ്ടാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ആയുർവേദ ദിന പരിപാടികളിൽ "ആയുർവേദം എന്റെ ജീവിതത്തിൽ' എന്ന വിഷയത്തിൽ വിദ്യാർഥികളേയും കർഷകരേയും പൊതുജനങ്ങളേയും ഉൾപ്പെടുത്തിയുള്ള നിരവധി ബോധവത്കരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.
ദൈനംദിന ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് എന്ത് കഴിക്കണം, എന്ത് കുടിക്കണം, എന്തൊക്കെ പാടില്ല എന്നുള്ള ഭക്ഷണ നിർദേശങ്ങളും ഏതുതരത്തിലുള്ള വ്യായാമം അഥവാ അധ്വാനമാണ് ആവശ്യമുള്ളത്, അവ ഏത് അളവ് വരെയാകാം, ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കമൊഴിയുന്നത് കൊണ്ടുള്ള ദോഷവും എന്തൊക്കെയാണ്, കാലാവസ്ഥയ്ക്കനുസരിച്ചുള്ള ആരോഗ്യ ശ്രദ്ധ പാലിക്കുന്നുണ്ടോ തുടങ്ങിയ ശീലങ്ങളും ചർച്ചയ്ക്ക് വിധേയമാക്കും.
ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആയുഷ് ക്ലബ്ബ് രൂപീകരിച്ച് ആയുർവേദ വിധിപ്രകാരമുള്ള ആരോഗ്യ സംരക്ഷണ മാർഗങ്ങളെ സംബന്ധിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്ന പരിപാടികളും നടത്തും. ബോധവത്കരണ പരിപാടികളും മത്സരങ്ങളും ഔഷധസസ്യങ്ങളുടെ പരിപാലനവും ഉപയോഗവും സംബന്ധിച്ച അറിവ് പകരുക എന്നിവയും തുടർപരിപാടികളായി നടത്തും.
എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും ജീവിതശൈലീരോഗ ക്ലിനിക്കുകൾ ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിൽ ആരംഭിക്കും. ജീവിതശൈലീ രോഗനിർണയവും ചികിത്സയും അത്തരം രോഗങ്ങളിൽ നിന്ന് ഒഴിവായി നിൽക്കുന്നതിനുള്ള മാർഗങ്ങളും ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകൾ മുൻകൂട്ടി നിർണയിക്കലും അതിനായി ഓരോരുത്തരും ആയുർവേദ വിധി പ്രകാരം ഏതു പ്രകൃതിയിൽ ഉള്ളവരാണെന്ന് നിശ്ചയിച്ച് നിർദേശം നൽകലും നടത്തും. കൂടാതെ ഓരോ ആയുർവേദ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അഞ്ച് വീതം ക്ലാസുകളും എടുക്കും. വിവിധ തരത്തിലുള്ള മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യും. ഇന്നു സംസ്ഥാനതല പൊതുപരിപാടിയുമുണ്ട്.
ഏകാരോഗ്യം
മനുഷ്യന്റെ മാത്രം നിലനിൽപ്പിനായുള്ള ഇടപെടലുകൾ പ്രപഞ്ചത്തിന്റെ വിനാശത്തിലേക്കേ ചെന്നുചേരുകയുള്ളൂ. നമുക്ക് ചുറ്റിലുമുള്ള സസ്യജാലങ്ങൾ, ജന്തുക്കൾ, സമൂഹം, പരിസ്ഥിതി എന്നിവയെയെല്ലാം ഒരേ പ്രാധാന്യത്തോടെ പരിഗണിച്ചു മുന്നോട്ട് പോയില്ലെങ്കിൽ ഇവ തമ്മിലുള്ള സന്തുലിതാവസ്ഥ താളം തെറ്റുകയും അത് പ്രപഞ്ചത്തിന്റെ തന്നെ നാശത്തിന് കാരണമാകുകയും ചെയ്യും.
ആരോഗ്യം മാത്രമല്ല ഏതു കാര്യം പരിഗണിക്കുമ്പോഴും പ്രകൃതിയുമായി ഇഴചേർന്ന് ജീവിക്കുവാൻ ശ്രദ്ധിച്ചേ മതിയാകൂ. ആരോഗ്യകാര്യത്തിൽ പ്രത്യേകിച്ചും. പ്രകൃതിയുമായി സമരസപ്പെട്ട് പോയില്ലെങ്കിൽ മനുഷ്യന്റെ ആരോഗ്യം നശിക്കുകയും, പരിഹരിക്കാനാകാത്ത വിധത്തിലുള്ള രോഗാവസ്ഥകൾ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യും.
മാത്രമല്ല, പലവിധ രോഗങ്ങൾ ആവർത്തിക്കുകയും ജന്തുക്കളും കീടങ്ങളും മറ്റു ജീവികളും രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുകയും അതിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങൾ വർധിച്ച് മനുഷ്യജീവനു ഭീഷണിയാകുകയും അണുനാശക ഔഷധങ്ങൾക്കെതിരെ മനുഷ്യരിൽ കാണുന്ന പ്രതിരോധം കൂടുതൽ രോഗാതുരത വർധിപ്പിക്കുകയും ചികിത്സ ഫലപ്പെടാതിരിക്കുവാൻ അതുതന്നെ കാരണമാകുകയും, ഭക്ഷ്യവസ്തുക്കൾ മനുഷ്യന് ഉപകാരമില്ലാത്ത വിധം ഗുണം കുറയുകയും ചെയ്യും.
ലക്ഷ്യങ്ങൾ
ആയുർവേദത്തെ ലോക ജനതയുടെ ആരോഗ്യത്തിന് വേണ്ടി സജ്ജമാക്കുക.
ആയുർവേദത്തിന്റെ ഇടപെടലുകൾ മെച്ചപ്പെടുത്തി ദേശീയ ആരോഗ്യ നയവും പദ്ധതികളും ആവിഷ്കരിക്കുക.
രോഗാതുരതയും രോഗത്തിന്റെ തീവ്രതയും ആയുർവേദത്തിലൂടെ ലഘൂകരിക്കുക.
മനുഷ്യന്റെ മാത്രമല്ല ഇതര ജന്തുക്കളുടേയും സസ്യജാലങ്ങളുടേയും അതിലൂടെ പ്രകൃതിയുടേയും ആരോഗ്യം ഉറപ്പുവരുത്തുക.
വിദ്യാർഥികൾക്കും കർഷകർക്കും പൊതുജനങ്ങൾക്കും ആയുർവേദത്തിന്റെ സാധ്യതകളും അവരവരുടെ മേഖലയിൽ ലഭിക്കാവുന്ന പ്രയോജനങ്ങളും ബോധ്യപ്പെടുത്തുക.
രോഗാവസ്ഥയിൽ നിന്നും ആരോഗ്യാവസ്ഥയിലേക്ക് മാറുവാൻ ആയുർവേദത്തിന്റെ ഇടപെടൽ എത്രമാത്രം പ്രയോജനകരമാണെന്ന് മനസിലാക്കി കൊടുക്കുക.
തെളിവധിഷ്ഠിത വൈദ്യശാസ്ത്രം എന്ന നിലയിൽ ആയുർവേദത്തെ അവതരിപ്പിക്കുന്നതിനുള്ള ഇടപെടൽ സാധ്യമാക്കുക.
ഏകാരോഗ്യത്തിൽ ആയുർവേദത്തിന്റെ പ്രസക്തി
മനുഷ്യനു മാത്രമായി നിലനിൽപ്പില്ലെന്ന് ആയുർവേദ ആചാര്യന്മാർ 5,000 വർഷങ്ങൾക്കു മുമ്പു തന്നെ വിധിയെഴുതിയിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യന്റെ ഉല്പത്തി മുതൽ ആരംഭിക്കുന്നതാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും അവയുടെ ശരിയായ സംയോജനം കൊണ്ട് ലഭിക്കുന്ന ആരോഗ്യവും, അല്ലാത്തപക്ഷം ഉണ്ടാകുന്ന അനാരോഗ്യവും ഏറ്റവും കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത് ആയുർവേദത്തിലാണ്.
പ്രകൃതിദത്ത വിഭവങ്ങളെ പ്രധാനമായി ഉപയോഗിച്ച് ആരോഗ്യം നിലനിർത്തുകയും രോഗ ചികിത്സ നടത്തുകയും ചെയ്യുന്ന രീതിയാണ് ആയുർവേദം സ്വീകരിച്ചിട്ടുള്ളത്. മനുഷ്യന് ജന്മനാ സാത്മ്യമായതിനെ സ്വീകരിക്കുകയും അല്ലാത്തതിനെ പരമാവധി അകറ്റി നിർത്തുകയും ചെയ്യുന്ന സമീപനമാണിത്. അതിലൂടെ മനുഷ്യന്റെ ശരീരത്തിൽ അവന് കുറവുള്ളതിനെ പ്രകൃതിയിൽ നിന്ന് സ്വീകരിച്ച് പരിപോഷിപ്പിച്ചും, അധികമുള്ളതിനെ വീണ്ടും സ്വീകരിക്കാതെയും സന്തുലിതാവസ്ഥ നിലനിർത്താൻ ഭക്ഷണംപോലെതന്നെ മരുന്നുകൾക്കും സാധിക്കണമെന്ന നിർദേശമാണ് ആയുർവേദം നൽകുന്നത്.
അതുപോലെ രോഗ ചികിത്സയേക്കാൾ പ്രാധാന്യമാണ് ആരോഗ്യ സംരക്ഷണത്തിന് ആയുർവേദം നിർദേശിക്കുന്നത്. അധികമായ വിഭവശേഷി ഉപയോഗിക്കാതെതന്നെ ആരോഗ്യം സംരക്ഷിക്കുവാനുള്ള മാർഗങ്ങളാണ് അവയിൽ പലതും. ദിനചര്യയും കാലാവസ്ഥയ്ക്കനുസരിച്ച ജീവിതരീതികളും വ്യായാമവും ഭക്ഷണവുമെല്ലാം അപ്രകാരമുള്ളവയാണ്. ഒരു ദിവസം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ എന്തൊക്കെ ചെയ്യണം, എന്തൊക്കെ പാടില്ല എന്ന നിർദേശം ആയുർവേദത്തിന്റെ തുടക്കം മുതൽ നൽകിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ തന്നെ പരമ്പരാഗത അറിവുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഏകാരോഗ്യ പരിപാടിയുടെ പ്രധാന ഭാഗമായി നിർദേശിച്ചിട്ടുമുണ്ട്.
മൃഗങ്ങളിലെ ആന്റിബയോട്ടിക് റസിസ്റ്റൻസ്, പാലിൽ കാണുന്ന ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം, മറ്റു ഭക്ഷണ വസ്തുക്കളിൽ ചേർക്കുന്ന കൃത്രിമ വസ്തുക്കൾ തുടങ്ങിയവ, സസ്യവിഭവങ്ങളും ധാതു വിഭവങ്ങളും ഉപയോഗിച്ചുള്ള ജീവനവും ചികിത്സ, വെറ്റിനറി ഔഷധങ്ങളുടെ നിർമാണവും, കൃഷിക്കാവശ്യമായ ജൈവ വസ്തുക്കളുടെ ഉപയോഗം, ഭക്ഷണം എന്ന പേരിൽ നാം കഴിക്കുന്ന വസ്തുക്കളുടെ കൃത്രിമത്വം, ആരോഗ്യദായകമായ ഭക്ഷ്യവസ്തുക്കളുടെ നിർമാണവും ലഭ്യതയും, പ്രാദേശികവും പരമ്പരാഗതവുമായ ആഹാരങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് പ്രാധാന്യം നൽകൽ, ശുദ്ധജലവും ശുദ്ധവായുവും ശുചിയായ പരിസരവും ലഭ്യമാക്കൽ... ഇവയെല്ലാം ഏകാരോഗ്യത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതാണ്.
അതിനുതകുന്ന പ്രവർത്തനങ്ങളാണ് ദേശീയ ആയുർവേദ ദിനവുമായി ബന്ധപ്പെട്ട് വകുപ്പും സർക്കാരും ഒരുക്കിയിട്ടുള്ളത്. കേന്ദ്ര ആയുഷ് മന്ത്രാലയം 2018 മുതലാണ് എല്ലാവർഷവും ദേശീയ ആയുർവേദ ദിനം ആഘോഷിക്കുന്നത്.