വിനോദ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനായി അയ്യപ്പൻമുടി

ഹൈറേഞ്ചിന്‍റെ കവാടമായ കോതമംഗലത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രകൃതിസുന്ദര കാഴ്ചകൾ ഒരുക്കിയയിടമാണ് അയ്യപ്പന്‍ മുടി
അയ്യപ്പൻമുടി
അയ്യപ്പൻമുടി

ഏബിൾ സി. അലക്സ്‌

കോതമംഗലം: ദൃശ്യചാരുത പകർന്ന് വിസ്മയ കാഴ്ചകൾ നിറച്ച് പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ ഒരു മലയുണ്ട് കോതമംഗലത്ത്. അതാണ് പ്രകൃതിയുടെ വരദാനമായ കോതമംഗലത്തെ അയ്യപ്പൻ മുടി. ഈ മുടി ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച് വിനോദ സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയുടെ കേന്ദ്ര ബിന്ദുവും കാർഷിക മേഖലയും ഹൈറേഞ്ചിന്‍റെ കവാടവുമായ കോതമംഗലത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രകൃതിസുന്ദര കാഴ്ചകൾ ഒരുക്കിയയിടമാണ് അയ്യപ്പന്‍ മുടി. വിനോദ സഞ്ചാരികൾക്ക് ഇഷ്‌ടതാവളമാണ്‌ നാടുകാണിയിലെ അയ്യപ്പന്‍മുടി. അവധിക്കാലത്തെ ആഘോഷമാക്കാന്‍ അയ്യപ്പന്‍മുടി കാഴ്‌ചകളുടെ വ്യത്യസ്‌ത അനുഭവമൊരുക്കി ചരിത്രാന്വേഷികള്‍ക്ക്‌ വഴികാട്ടിയാകുന്നു.

ഏകദേശം 700 അടി ഉയരത്തില്‍ ഒറ്റപ്പാറയില്‍ വിരിഞ്ഞയിടമാണ്‌ അയ്യപ്പന്‍മുടി. വേട്ടയ്‌ക്കിടെ സാക്ഷാല്‍ അയ്യപ്പസ്വാമി കീരംപാറയ്‌ക്കടുത്തുളള നാടുകാണി മലയിലെത്തി വിശ്രമിച്ചെന്നാണ്‌ ഐതിഹ്യം. കുത്തനെയുള്ള പാറകയറി മുകളിലെത്തിയാല്‍ ആകാശം തൊട്ടടുത്താണന്ന പ്രതീതിയുണ്ടാകും. അയ്യപ്പസ്വാമിയെത്തിയതിന്‍റെ സ്‌മരണാര്‍ഥമായി നാട്ടുകാര്‍ പാറമുകളില്‍ അയ്യപ്പക്ഷേത്രം നിര്‍മിച്ച്‌ ആരാധന നടത്തി വരുന്നു.

1300 ഓളം ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന പാറപ്പുറമാണ്‌ അയ്യപ്പന്‍മുടി. കോതമംഗലം പട്ടണവും,പൂയംകുട്ടിയിലെ ഹരിതവനവും പര്‍വ്വതനിരകളും ഇവിടെനിന്നു ബൈനോക്കുലറിലൂടെ വീക്ഷിക്കാനാകുമെന്നാണ് ഏറെ ശ്രദ്ധേയം. അയ്യപ്പന്‍മുടിയുടെ വിവിധ ഭാഗങ്ങളിലായി മുനിയറകളുണ്ട്‌. വളരെ പണ്ട്‌ ഋഷിമാര്‍ തപസ്സനുഷ്‌ഠിച്ചിരുന്നയിടത്തെ മുനിയറകളെന്നാണ്‌ പറയുന്നത്‌. പാറക്കു മുകളില്‍ കടുവ അള്ളും നായ്‌ക്കള്‍ക്ക്‌ ഉരുള കൊടുത്തിരുന്ന ഉരുളപ്പാറയും കാണാം.

പണ്ട് മലമുകളിൽ വന്യമൃഗങ്ങൾ ധാരാളമുണ്ടായിരുന്നതായി കാരണവൻമാർ സാക്ഷ്യപ്പെടുത്തുന്നു. അയ്യപ്പന്‍മുടിയിലെ സന്ധ്യാ കാഴ്‌ചയാണ്‌ ഏറെ കൗതുകം. വൈദ്യുത വെളിച്ചത്തില്‍ സമീപ സ്ഥലങ്ങൾ കണ്‍ നിറയെ ആസ്വദിക്കാം. വേനല്‍ക്കാലത്തെ പകല്‍കാഴ്‌ച തികച്ചും വിഷമകരമാണ്‌. ചുട്ടുപൊള്ളുന്നപാറയില്‍ നിന്ന്‌ പരിസരങ്ങള്‍ വീക്ഷിക്കുകയെന്നത്‌ ശ്രമകരമാണ്. മുടിക്കു മുകളിലെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ചെറിയ പാലമരങ്ങളുടെ തണലാണ്‌ ഏക ആശ്വാസം. വേനലിലും പറ്റാത്ത കുളവും പാറമുകളിലെ മറ്റൊരു കൗതുകമാണ്‌. കോതമംഗലം മുനിസിപ്പാലിറ്റി ആറാം വാർഡിലാണ് അയ്യപ്പൻ മുടി സ്ഥിതി ചെയ്യുന്നത്. കോതമംഗലത്തു നിന്നും ഇലവും പറമ്പു വഴി നാടുകാണി റൂട്ടിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യപ്പന്‍മുടിയിലെത്താം. പ്രകൃതി സ്നേഹികൾക്ക് കണ്ണ് നിറയെ കാണാനും മനം നിറയെ ആസ്വദിക്കാനും അയ്യപ്പൻ മുടി നൽകുന്ന സൗന്ദര്യം വാക്കുകൾക്ക് അതീതമാണെന്ന് ഇവിടെയെത്തുന്നവർ പറയുന്നു. കോതമംഗലത്തെത്തുന്ന പ്രകൃതി സ്നേഹികൾ അയ്യപ്പൻ മുടി സന്ദർശിക്കാതെ മടങ്ങാറില്ല.ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി അയ്യപ്പന്‍മുടിയിലേക്ക്‌ വിനോദസഞ്ചാരികളെ കൂടുതൽ ആകര്‍ഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയാൽ ടൂറിസം രംഗത്ത് വൻ സാദ്ധ്യതയാണു അയ്യപ്പൻ മുടിക്കുള്ളത്. വിദേശ സഞ്ചാരികളെയടക്കം അയ്യപ്പൻ മുടിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞാൽ ലോക ടൂറിസം രംഗത്ത് അയ്യപ്പൻ മുടിയും ഇടം പിടിക്കാനുള്ള സാദ്ധ്യതയേറെയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com