
ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന ബേക്ക് എക്സ്പോ 2025
freepik.com
കോട്ടയം: ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന ബേക്ക് എക്സ്പോ 2025 ഒക്റ്റോബർ 10, 11, 12 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 6വരെ അങ്കമാലി അഡ്‌ലക്‌സ് ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ. ബേക്കറി, കൺഫെക്ഷണറി മേഖലകളിലെ ഏറ്റവും പുതിയ ട്രെൻഡുകളും സാങ്കേതികവിദ്യകളും ഒരിടത്ത് അണിനിരത്തുന്ന ബേക്ക് എക്സ്പോ ബേക്കിങ് വ്യവസായത്തിന്‍റെ വളർച്ചയ്ക്കും പുത്തൻ ആശയങ്ങൾ പങ്കുവെക്കുന്നതിനും ഒരു വലിയ വേദിയാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
3 ദിവസം നീളുന്ന പ്രദർശനത്തിൽ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുളള എഴുനൂറിലധികം എക്‌സിബിറ്റർ സ്‌റ്റാളുകളുണ്ടാകും. പ്രീമിയം ചേരുവകൾ, നൂതനമായ യന്ത്രസാമഗ്രികൾ, പാക്കേജിങ് സൊല്യൂഷനുകൾ എന്നിവ ഇവിടെ പരിചയപ്പെടുത്തുന്നു.
ബേക്കിങ് വ്യവസായത്തിലെ പ്രൊഫഷണലുകൾ, സംരംഭകർ, വിദ്യാർഥികൾ, ബേക്കിങ് പ്രേമികൾ എന്നിവരുൾപ്പെടെ 30,000ത്തിലധികം സന്ദർശകരെയും 10,000ത്തിലധികം ബേക്കർമാരെയും എക്സ്പോയിൽ പങ്കെടുക്കും.
കേരളത്തിലെ ബേക്കറി മേഖലയ്ക്ക് വിപുലമായ വിപണിയും, ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനപ്പെടുത്തലും ഉറപ്പാക്കുക എന്നതാണ് ബേക്ക് എക്സ്പോയുടെ ലക്ഷ്യം. ബേക്കറി വ്യവസായത്തിന്‍റെ വികസനത്തിനും തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കാനും യുവ സംരംഭകർ ഈ രംഗത്തേക്ക് കടന്നുവരുന്നതിനും, ഈ എക്സ്പോ നിർണായകമായി മാറുമെന്നും സംഘാടകർ.
ഇന്ത്യൻ സർക്കാരിന്‍റെ എംഎസ്എംഇ അംഗീകാരം നേടിയിട്ടുള്ള ബേക്ക് എക്സ്പോയിൽ പങ്കെടുക്കുന്ന അർഹരായ സംരംഭകർക്ക് എംഎസ്എംഇ സബ്‌സിഡി, പുതിയ ബിസിനസ് ബന്ധങ്ങൾ, ഉൽപ്പന്ന പ്രമോഷൻ അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.