ഉറങ്ങുമ്പോൾ ഉറപ്പായും ഇടത് പക്ഷം ചേരുക; ഹൃദയഭാരം കുറയ്ക്കാം

നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് നല്ല ഉറക്കം വളരെ പ്രധാനമാണ്
sleeping
sleeping

#ബിനീഷ് മള്ളൂശേരി

കോട്ടയം: കാലം മാറും തോറും മനുഷ്യരുടെ ഉറക്കത്തിൻ്റെ അളവിനെ സാരമായി ബാധിക്കുന്നുണ്ട്. അത് അമിതജോലിഭാരമാകാം ലാപ്ടോപ്പുകളിലൂടെയും മൊബെൽ ഫോണിലൂടെയുമുള്ള ജോലിയും പഠിപ്പുമാകാം, വീടുകളിലെ പ്രശ്നങ്ങളാകാം.

എന്തായാലും ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം നിർണായകമാണെന്ന് പഠനങ്ങൾ ഒരുപാട് തെളിയിച്ചിട്ടുണ്ട്. നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് നല്ല ഉറക്കം വളരെ പ്രധാനമാണ്.

എന്നിരുന്നാലും, നിങ്ങൾ ഉറങ്ങുന്ന ഭാവം പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ ഉറക്കത്തിൻ്റെ ദൈർഘ്യവും. വലത്തോട്ടോ ഇടത്തോട്ടോ ഏത് വശമാണ് ഉറങ്ങാൻ നിങ്ങൾ തെരഞ്ഞെടുക്കുന്നത്. ചിലർ നേരെയോ കമിഴ്ന്നോ ചിലപ്പോൾ ഇരുന്നോ വരെ ഉറങ്ങാറുണ്ട്. എന്തായാലും ഇടതുവശം ചരിഞ്ഞുറങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്നറിയാം.

ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങിയാൽ:

1. ഹൃദയാരോഗ്യത്തിന് അത്യുത്തമം

ഹൃദയം ശരീരത്തിന്റെ ഇടതുവശത്താണുള്ളത്. ഇടതുവശത്ത് ഉറങ്ങുന്നത് ഗുരുത്വാകർഷണബലം മൂലം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നു. ഇടത് വശം ചരിഞ്ഞ് ഉറങ്ങുന്നത് തീർച്ചയായും നിങ്ങളുടെ ഹൃദയത്തിൽ നിന്ന് കുറച്ച് ഭാരം നീക്കി ശരീരത്തിന് വിശ്രമവും നൽകും.

1. ദഹനം മെച്ചപ്പെടുത്തുന്നു

നമ്മുടെ വയറും പാൻക്രിയാസും ഇടതുവശത്തായി സ്ഥിതി ചെയ്യുന്നതിനാൽ, ഒരേ വശത്ത് ഉറങ്ങുന്നത് അവയെ നന്നായി പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നു. ഗുരുത്വാകർഷണം ദഹനനാളത്തിലൂടെ ഭക്ഷണം നന്നായി നീക്കാൻ സഹായിക്കുന്നു, ഇത് പാൻക്രിയാറ്റിക് എൻസൈമുകളുടെ പ്രകാശനത്തിന് സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ഭക്ഷണ മാലിന്യങ്ങൾ എളുപ്പത്തിൽ ഇല്ലാതാക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ദഹനത്തിനും ഊർജം വർധിപ്പിക്കുന്നതിനും ഭക്ഷണത്തിന് ശേഷം ഇടതുവശം ചരിഞ്ഞ് ഉറങ്ങാൻ ആയുർവേദം നിർദ്ദേശിക്കുന്നു. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടും കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് കനത്ത ഭക്ഷണത്തിന് ശേഷം വയറില്‍ നിന്ന് ചെറുകുടലിലേക്കും പിന്നീട് വന്‍കുടലിലേക്കുമൊക്കെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സഹായിക്കാന്‍ ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും.

3. കൂർക്കംവലി തടയുന്നു

ഇടതുവശത്ത് ഉറങ്ങുന്നത് ഒരു പരിധി വരെ കൂർക്കംവലി നിർത്താൻ നിങ്ങളെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഈ പൊസിഷൻ ശ്വാസനാളത്തെ തടസങ്ങളിൽ നിന്ന് മുക്തമാക്കാനും എളുപ്പമുള്ള ശ്വസനത്തെ സഹായിക്കാനും സഹായിക്കുന്നു. കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് അത് കൂടുതൽ വഷളാക്കും, കാരണം ഇത് ഈ പേശികളെ നിങ്ങളുടെ തൊണ്ടയുടെ പുറകിലേക്ക് തള്ളുന്നു, ഇത് നിങ്ങൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടാക്കും.

4. ലിംഫറ്റിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു

ഇടതുവശത്ത് ഉറങ്ങുന്നത് ശരീരത്തെ കൂടുതൽ കാര്യക്ഷമമായി വിഷാംശം കൈകാര്യം ചെയ്യാനും പുറത്തുവിടാനും സഹായിക്കും. ലിംഫറ്റിക് സിസ്റ്റം മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കംചെയ്യാൻ സഹായിക്കുക മാത്രമല്ല, കൊഴുപ്പുകൾ, പ്രോട്ടീനുകൾ, മറ്റ് പ്രധാന വസ്തുക്കൾ എന്നിവ ടിഷ്യൂകളിലേക്ക് കൊണ്ടുപോകുന്നതിനും സഹായിക്കുന്നു. ഇടതുവശത്ത് ഉറങ്ങുന്നത് കോശങ്ങൾക്ക് ഈ പോഷകങ്ങൾ വളരെ വേഗത്തിൽ ലഭിക്കാൻ അനുവദിക്കുന്നു. രാവിലെ എണീറ്റ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്ന ശീലവും നല്ലതാണ്.

5 . ഗർഭിണികൾക്ക് പ്രയോജനങ്ങൾ

പുറകിലെയും നട്ടെല്ലിലെയും സമ്മർദ്ദം ലഘൂകരിക്കാൻ ഗർഭിണികൾ വശങ്ങളിൽ ഉറങ്ങണം. ഇടതുവശത്ത് ഉറങ്ങുന്നത് ഗർഭപാത്രത്തിലേക്കും കുഞ്ഞിലേക്കും രക്തചംക്രമണം വർധിപ്പിക്കും. ആരോഗ്യമുള്ള ഗർഭപിണ്ഡത്തിന് പ്ലാസന്റയിലേക്കുള്ള പോഷകങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ കാൽമുട്ടുകൾ ചെറുതായി വളച്ച്, നിങ്ങളുടെ വശത്ത് ഉറങ്ങുമ്പോൾ സുഖമായിരിക്കാൻ കാലുകൾക്കിടയിൽ ഒരു തലയിണ വയ്ക്കുക. അതിനാൽ നിങ്ങൾ രാത്രി കിടക്കയിലേക്ക് അമരുമ്പോൾ ഇടത് വശം ചേർന്ന് അൽപനേരം ഉറങ്ങാൻ ബോധപൂർവമായ ശ്രമം നടത്തുക.

6. തലച്ചോറിൻ്റെ ആരോഗ്യത്തിന്

ഇടത് വശം ചേര്‍ന്ന് കിടന്ന് ഉറങ്ങുന്നത് കോശങ്ങള്‍ പുറത്ത് വിടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ തലച്ചോറിനെ സഹായിക്കും. ഇത് അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹസംബന്ധമായ രോഗസാധ്യത കുറയ്ക്കും.

7 നെഞ്ചെരിച്ചിലിന് ശമനം

വലതു വശം ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചിരിച്ചിലിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങളിൽ ഉള്ളത്. ഇടതു വശം ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചിരിച്ചില്‍ കുറയ്ക്കും. ഒപ്പം പ്ലീഹയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. വയറിന് സമീപം ഇടത് ഭാഗത്താണ് പ്ലീഹയും സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ മാലിന്യങ്ങള്‍ പ്ലീഹയിലെത്തി അവ അരിക്കാന്‍ ഇടത് വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും.

8. കരളിൻ്റെ സമ്മര്‍ദം കുറയ്ക്കും

കരള്‍ ശരീരത്തിൻ്റെ വലത് വശത്തായതിനാല്‍ ഈ വശം ചെരിഞ്ഞ് ഉറങ്ങുന്നത് കരളിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. ഇത് കരളിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കും.

ശരിയായി ഉറങ്ങിയില്ലെങ്കില്‍ ശ്രദ്ധക്കുറവ്, ക്ഷീണം, ഓര്‍മ പ്രശ്നങ്ങള്‍, അലസത, ഡിപ്രഷൻ, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങള്‍, ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ ഇവയിലേക്കൊക്കെ നയിച്ചേക്കാം. ഒരു വ്യക്തി എത്ര മണിക്കൂർ ദിവസവും രാത്രി ഉറങ്ങണമെന്ന കണക്ക് നാഷനൽ സ്ലീപ് ഫൗണ്ടേഷൻ നിർദേശിച്ചിട്ടുണ്ട്. അതിപ്രകാരമാണ്:

  • 1-3 മാസം വരെ : 14-17 മണിക്കൂർ

  • 4-11 മാസം വരെ : 12-15 മണിക്കൂർ

  • 1-2 വയസ് : 11-14 മണിക്കൂർ

  • 3-5 വയസ് : 10-13 മണിക്കൂർ

  • 6-13 വയസ് : 9-11 മണിക്കൂർ

  • 14-17 വയസ് : 8-10 മണിക്കൂർ

  • 18-25 വയസ് : 7-9 മണിക്കൂർ

  • 26-64 വയസ് : 7-9 മണിക്കൂർ

  • 65 വയസിന് മുകളിൽ : 7-8 മണിക്കൂർ

കുട്ടികൾ പൊതുവെ പണ്ടൊക്കെ വെളുപ്പിന് എഴുന്നേറ്റിരുന്ന് പഠിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. രാത്രി വൈകി അവസാനിക്കുന്ന ടെലിവിഷൻ പരിപാടികളും , മൊബൈൽ / ലാപ് ടോപ്പ് വഴിയുള്ള ഓൺലൈൻ പഠനവുമെല്ലാം അവരുടെ ഉറക്കത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇപ്പോൾ അധികം വിദ്യാർഥികളും സ്കൂൾ വിട്ട് വന്നാലുടൻ യൂണിഫോറം പോലും മാറാതെ സന്ധ്യ വരെ ഉറങ്ങുന്ന കാഴ്ചകൾ പലയിടങ്ങളിലും കാണാം. ഇനി ഒരു ഉറക്ക ക്ലാസ് കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയമായിട്ടുണ്ട്. ശുഭദിനം/ ശുഭരാത്രി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com