2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ
2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
കണ്ടന്‍റ് ക്രിയേറ്റേഴ്സ് ആയ പ്രകൃതി അറോറയും ആഷിഷ് കുമാറുമാണ് 2025ലെ തങ്ങളുടെ ചെലവിന്‍റെ കണക്ക് പുറത്തുവിട്ടത്. വാടകയും യാത്രയും ഷോപ്പിങ്ങും എല്ലാം ഉൾപ്പടെയുള്ള കണക്കാണ് ഇത്. എന്തായാലും സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് ഇവരുടെ കണക്ക്.
ബെംഗളൂരുവിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. വർഷത്തിൽ വാടക ഇനത്തിൽ അഞ്ച് ലക്ഷം രൂപയാണ് ഇവർ ചെലവാക്കിയത്. പ്രകൃതിയും ആഷിഷും ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകിയ വർഷം കൂടിയായിരുന്നു കഴിഞ്ഞുപോയത്. പേഴ്സണൽ ട്രെയിനറിനും ജിം മെമ്പർഷിപ്പിനും മറ്റുമായി ഒരു ലക്ഷം രൂപ ചെലവായി. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയതോടെ 2.5 ലക്ഷം ചെലവാക്കേണ്ടിവന്നു.
വീട്ടുജോലിക്കാരിക്കും വീട്ടിലെ മറ്റ് ചെലവുകൾക്കും ആപ്പുകളുടെ സബ്സ്ക്രിപ്ഷനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവായി. ടാക്സി ചാർജ്, സൗന്ദര്യ സംരക്ഷണം തുടങ്ങിയ മറ്റ് ചെലവുകൾക്ക് 1.3 ലക്ഷം രൂപയും ചെലവാക്കി. കണ്ടന്‍റ് ക്രിയേറ്റർ എന്ന നിലയിൽ ഇവരുടെ എക്വിപ്മെന്‍റ്സ് അപ്ഗ്രേഡ് ചെയ്തതിന് 2.5 ലക്ഷം ചെലവാക്കേണ്ടിവന്നു. അതുകൂടാതെ കണ്ടന്‍റ് ക്രിയേഷനു വേണ്ടി ഇരുവർക്കും ഒരുപോലെയുള്ള സാധനങ്ങൾ വാങ്ങിയതിന് നാല് ലക്ഷം രൂപയാണ് ചെലവായത്.
ഇരുവരും ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് യാത്രയ്ക്ക് വേണ്ടിയാണ്. ആറ് ഭൂഘണ്ഡങ്ങളിലായി 13 രാജ്യങ്ങളാണ് ഇരുവരും സന്ദർശിച്ചത്. 63 വിമാനയാത്രകൾ നടത്തുകയും 121 രാത്രികൾ ഹോട്ടലുകളും എയർ ബിഎൻബിയിലും താമസിക്കുകയും ചെയ്തു. യാത്രയ്ക്ക് വേണ്ടി മാത്രം 29 ലക്ഷം രൂപയാണ് ചെലവാക്കിയത്. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. അത്ര രൂപ ചെലവാക്കണമെങ്കിൽ എത്രയാണ് നിങ്ങളുടെ വരുമാനം എന്നാണ് പലരും ചോദിക്കുന്നത്.