കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി, 'ജോലി രാജിവെക്കാൻ നിൽക്കുന്നവർക്ക് ഞാൻ പ്രചോദനമാകട്ടെ'; വിഡിയോ വൈറൽ

'കോർപ്പറേറ്റ് അടിമ'യിൽ നിന്ന് ഓട്ടോ ഡ്രൈവറിലേക്കുള്ള തന്‍റെ യാത്ര പറഞ്ഞുകൊണ്ട് രാകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ വൈറലാവുകയാണ്
Bengaluru man quits corporate job, becomes auto driver

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി, 'ജോലി രാജിവെക്കാൻ നിൽക്കുന്നവർക്ക് ഞാൻ പ്രചോദനമാകട്ടെ'; വിഡിയോ വൈറൽ

Updated on

ജോലി രാജിവെക്കണമെന്ന് ഒരിക്കൽ പോലും ചിന്തിക്കാത്ത ആളുകളുണ്ടാവില്ല. എന്നാൽ സാമ്പത്തികവും സാമൂഹികവുമായ സമ്മർദ്ദങ്ങളെ തുടർന്ന് ജോലി രാജിവെക്കാനുള്ള തീരുമാനം പലരും നീട്ടിക്കൊണ്ടുപോകും. എന്നാൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ കഥയാണ് ബംഗളൂരു സ്വദേശിയായ രാകേഷിന് പറയാനുള്ളത്. 'കോർപ്പറേറ്റ് അടിമ'യിൽ നിന്ന് ഓട്ടോ ഡ്രൈവറിലേക്കുള്ള തന്‍റെ യാത്ര പറഞ്ഞുകൊണ്ട് രാകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ വൈറലാവുകയാണ്.

ബംഗളൂരു നഗരത്തിൽ ഓട്ടോ ഓടിച്ചുകൊണ്ടാണ് രാകേഷ് വിഡിയോ പകർത്തിയിരിക്കുന്നത്. നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലിയിലേക്ക് മാറാൻ ശ്രമിക്കുന്നവരെയും തന്നെത്തന്നെയും പ്രചോദിപ്പിക്കാനാണ് ഈ വിഡിയോ എന്നാണ് രാകേഷ് പറയുന്നത്.

'പുതിയൊരു ജീവിതത്തിന് തുടക്കമിട്ടതിൽ എനിക്ക് ഭയം തോന്നുന്നില്ല. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്കു വേണ്ടിയാണ് ഈ വിഡിയോ. ജീവിതം തന്നെ ഉപേക്ഷിക്കാൻ തോന്നിയ, തിരിച്ചു വരവ് അസാധ്യമെന്നു കരുതിയ സമയത്തെയാണ് ഇപ്പോൾ ഞാനോർക്കുന്നത്. ജീവിതം എന്നെ പരാജയപ്പെടുത്തുകയോ, അവസാനിപ്പിക്കുകയോ ചെയ്തില്ലെന്ന തിരിച്ചറിവോടെ ഞാനിപ്പോൾ ഓട്ടോ ഓടിക്കുന്നു. ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയ പ്രധാന കാര്യം ഞാൻ തുടർന്നും നന്നായി ജീവിക്കുമെന്നും എനിക്ക് അർഥപൂർണമായ പല കാര്യങ്ങളും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുമെന്നുമാണ്. നന്നായി ജീവിക്കാൻ പണം ആവശ്യമാണ്. പക്ഷേ സമ്പത്താണ് എല്ലാമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജീവിതത്തിന്റെ യഥാർഥ ലക്ഷ്യവും മൂല്യവും കണ്ടെത്തുക എന്നതാണ് പ്രധാനം. ജീവിതത്തിൽ എന്തെങ്കിലും തടസ്സം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അതിൽ നിന്ന് ഓടിയൊളിക്കാതെ അതിനെ നേരിടണം.’- രാകേഷ് വിഡിയോയിൽ പറഞ്ഞു.

നിരവധി പേരാണ് രാകേഷിന് ആശംസകളുമായി എത്തുന്നത്. ജീവിതത്തിൽ ഒരു പ്രധാന മാറ്റം ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് രാകേഷിന്റെ വിഡിയോയെന്നും അദ്ദേഹത്തിന്റെ ധൈര്യത്തെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും അഭിനന്ദിക്കണമെന്നുമാണ് ചിലർ കുറിക്കുന്നത്. ഈ വിഡിയോയിൽ ഓട്ടോ ഓടിക്കുന്ന ഒരാളെ ഞാൻ കാണുന്നില്ല, മറിച്ച് അഹങ്കാരത്തെയും സാമൂഹിക വിലക്കുകളെയും ജയിച്ച ഒരാളെയാണ് ഞാൻ കാണുന്നത്- എന്നായിരുന്നു ഒരു കമൻറ്. നിരവധി പേർ തങ്ങളുടെ ജീവിതാനുഭവവും വിഡിയോയ്ക്ക് താഴെ പങ്കുവെക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com