സഞ്ചാരികൾക്കു സ്വാഗതം; ഭൂതത്താൻകെട്ടിൽ ബോട്ടിങ് പുനരാരംഭിച്ചു

ഭൂതത്താൻകെട്ട് ബോട്ട് ജെട്ടിയിൽ ആരംഭിച്ച് പ്രകൃതി മനോഹരമായ പെരിയാറിൽ നടത്തുന്ന സവാരിക്കായി ആദ്യ ദിനം തന്നെ നിരവധി പേരാണ് എത്തിയത്
Bhoothathankettu tourist boating restarted

പെരിയാറിലൂടെയുള്ള ഭൂതത്താൻകെട്ടിലെ ബോട്ട് സവാരി

Updated on

കോതമംഗലം: വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ടൂറിസത്തിന്‍റെ ഭാഗമായുള്ള ബോട്ട് സവാരി പുനരാരംഭിച്ചു. ഭൂതത്താൻകെട്ട് ബോട്ട് ജെട്ടിയിൽ ആരംഭിച്ച് പ്രകൃതി മനോഹരമായ പെരിയാറിൽ നടത്തുന്ന സവാരിക്കായി ആദ്യ ദിനം തന്നെ നിരവധി പേരാണ് എത്തിയത്.

പെരിയാർവാലി കനാലിൽ ജലസേചനത്തിനു ഭൂതത്താൻകെട്ട് ബാരേജിൽ ഷട്ടറുകൾ അടച്ച് പെരിയാറിൽ വെള്ളം സംഭരിച്ച് എല്ലാ സീസണിലും ബോട്ട് സവാരി നടത്തിയിരുന്നു. എന്നാൽ ഇത്തവണ ജനുവരി ആദ്യം വെള്ളം സംഭരിച്ചെങ്കിലും ബോട്ടുകൾ സംഭരണിയിലിറക്കാൻ അനുമതി ലഭിച്ചിരുന്നില്ല. ടൂറിസം സീസണായിട്ടും ബോട്ടുകൾക്ക് അനുമതി നൽകാത്തതും പ്രതിഷേധത്തിനിടയാക്കുകയും ബോട്ടുടമകൾ അടക്കം അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ടൂറിസം കേന്ദ്രത്തിന്‍റെ നടത്തിപ്പു ചുമതല കോഴിക്കോടുള്ള സ്വകാര്യ കമ്പനിക്കു കൈമാറിയതുമായി ബന്ധപ്പെട്ട നടപടികളാണു നേരത്തേ ബോട്ട് സർവീസ് തുടങ്ങാൻ തടസമായത്. മുഖ്യ ആകർഷണമായ ബോട്ട് സവാരി ഇല്ലാത്തതു ഭൂതത്താൻകെട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവുവരുത്തിയിരുന്നു.

നിലവിൽ അധികൃതർ ജൂൺ 10 വരെയാണു പെർമിറ്റ് നൽകിയിരിക്കുന്നത്. 10 ബോട്ടുകളുള്ളതിൽ എട്ടെണ്ണത്തിനു പെർമിറ്റ് പുതുക്കി നൽകി. 5 ചെറിയ ബോട്ടുകളും 3 വലിയ ബോട്ടുകളുമാണു സർവീസ് നടത്തുക.

ഭൂതത്താൻകെട്ടിൽ നിന്നുള്ള സവാരിക്കിടയിൽ തൊട്ടടുത്തുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നുള്ള വിവിധയിനം പക്ഷികളെയും കാണാൻ കഴിയാറുണ്ട്. വേനലിലെ കനത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ എത്തുന്ന വിനോദ സഞ്ചാരികളുടെ ഒഴുക്ക് വരും ദിവസങ്ങളിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com