അകക്കണ്ണിന്‍റെ കാഴ്ചയിൽ സംഗീതവിസ്മയം തീർത്ത് വൈഗ

സംഗീതം പഠിക്കാതെയാണ് ഈ എട്ടുവയസുകാരിയുടെ മാസ്മരിക പ്രകടനം
Vyga playing key board
വൈഗ കീബോർഡ് വായിക്കുന്നു.
Updated on

ബാലരാമപുരം: അകക്കണ്ണിന്‍റെ മാത്രം വെളിച്ചത്തിൽ കീബോർഡിൽ സംഗീതവിസ്മയം തീർത്ത് ആസ്വാദകഹൃദയം കീഴടക്കുകയാണ് മൂന്നാം ക്ലാസുകാരി. വെങ്ങാനൂർ വെണ്ണിയൂർ കൊടുമൂല മേലേനട വീട്ടിൽ പ്രവീണിന്‍റെയും രമ്യയുടെയും ഏകമകൾ വൈഗയാണ് ജന്മനാലുള്ള കാഴ്ചയുടെ പരിമിതികൾ മറികടന്ന് കീബോർഡിൽ രാഗവിസ്മയം തീർക്കുന്നത്.

സംഗീതം പഠിക്കാതെയാണ് ഈ എട്ടുവയസുകാരിയുടെ മാസ്മരിക പ്രകടനമെന്നതും വിസ്മയിപ്പിക്കുന്നു. ജന്മദിന സമ്മാനമായി ലഭിച്ച കളിപ്പാട്ട കീബോർഡ് രക്ഷിതാക്കൾ നാലാംവയസിൽ വൈഗയ്ക്ക് കളിക്കാനായി നൽകുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കകം ആ കുരുന്ന് കരങ്ങളിലൂടെ കീബോർഡിൽ നിന്നും ഒഴുകിവന്നത് ദേശീയഗാനമായ ജനഗണമനയായിരുന്നു. ഇതു കേട്ട വീട്ടുകാർക്ക് അദ്ഭുതമായി. തുടർന്ന് കുഞ്ഞുവൈഗയെ പ്രോത്സാഹിപ്പിക്കാനായി മൊബൈലിലൂടെ സംഗീതം കേൾപ്പിക്കുമായിരുന്നു. കേൾക്കുന്ന ഏത് ഗാനവും മണിക്കൂറുകൾക്കകം വൈഗ മനപ്പാഠമാക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു.

കീബോർഡിൽ വായിക്കുന്ന സംഗീതത്തിന്‍റെ വരികൾ ചോദിച്ചാൽ പറയാനറിയില്ല. വായിക്കുന്ന പാട്ടുകൾ പാടാനുമറിയില്ല. വീട്ടിലാർക്കും സംഗീതവുമായി യാതൊരു ബന്ധവുമില്ലെന്നും, വീട്ടുകാർക്കാർക്കും കീബോർഡ് വായിക്കാനറിയില്ലെന്നും അമ്മ രമ്യ പറഞ്ഞു.

രണ്ടാം ക്ലാസിനിടയ്ക്ക് നിരവധി വേദികളിൽ കഴിവ് തെളിയിക്കാൻ വൈഗയ്ക്ക് അവസരം കിട്ടി. ഈ കഴിവ് തിരിച്ചറിഞ്ഞ വീട്ടുകാർ ഒരു കീബോർഡ് വാങ്ങിക്കൊടുത്ത്, ഒരധ്യാപകനെ കണ്ടെത്തി പരിശീലനവും തുടങ്ങിയെങ്കിലും വൈകാതെ അത് നിലച്ചു.

വൈഗയുടെ അഭിരുചി കണ്ടറിഞ്ഞ സമീപത്തെ സാംസ്കാരികസംഘടന ഒരു കീബോർഡ് സമ്മാനിച്ചു. കീ ബോർഡിലെ ശബ്ദനിയന്ത്രണം ഉൾപ്പെടെയുള്ള എല്ലാ സ്വിച്ചുകളും പ്രവർത്തിപ്പിക്കേണ്ട രീതി സ്വയം കണ്ടെത്തിയാണ് വൈഗ കീബോർഡ് വായിക്കുന്നത്.

നെല്ലിവിള ഗവ. എൽപി സ്കൂളിൽ മൂന്നാംക്ലാസിൽ പഠിക്കുകയാണ് വൈഗ. കാഴ്ചപരിമിതിയുള്ള മറ്റൊരധ്യാപകന്‍റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് ദിവസം ബ്രെയ്ൻ ലിപിയിലാണ് പഠനം. മറ്റ് ദിവസങ്ങളിൽ ക്ലാസിലെ മറ്റു കുട്ടികൾക്കൊപ്പമിരുന്ന് കേട്ടാണ് പഠിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ ചികിത്സിച്ചെങ്കിലും ഞരമ്പ് സംബന്ധമായ തകരാർ കാരണം 10 വയസ് കഴിഞ്ഞാലേ നേത്ര ശസ്ത്രക്രിയയെക്കുറിച്ച് പറയാൻ കഴിയൂവെന്ന് ഡോക്റ്റർമാർ അറിയിച്ചതായി പ്രവീൺ പറഞ്ഞു.

Trending

No stories found.

Latest News

No stories found.