എങ്ങുമെത്താതെ ബോള്‍ഗാട്ടി പാലസ് നവീകരണം

കഴിഞ്ഞ വര്‍ഷം 80 ശതമാനം മുറികളും ബുക്ക് ചെയ്യപ്പെട്ടിരുന്നു. മുറികളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയാല്‍ ഇത് നൂറു ശതമാനമാകുമെന്ന് ഉറപ്പ്.
ബോൾഗാട്ടി പാലസ്
ബോൾഗാട്ടി പാലസ്

ജിബി സദാശിവന്‍

കൊച്ചി: വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കൊച്ചി ബോള്‍ഗാട്ടി പാലസും ഐലന്‍ഡ് റിസോര്‍ട്ടും നവീകരിക്കാനുള്ള പദ്ധതി അനിശ്ചിതമായി നീളുന്നു. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് നവീകരണം വൈകാന്‍ ഇടയാക്കുന്നതെന്നാണ് സൂചന. കെടിഡിസിക്കു കീഴിലുള്ള ബോള്‍ഗാട്ടി പാലസ് വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം 80 ശതമാനം മുറികളും ബുക്ക് ചെയ്യപ്പെട്ടിരുന്നു. മുറികളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയാല്‍ ഒക്കുപ്പന്‍സി നിരക്ക് നൂറു ശതമാനമാകുമെന്ന് ഉറപ്പ്.

വിദേശ വിനോദ സഞ്ചാരികള്‍ക്കൊപ്പം തദ്ദേശ വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രിയമാണിവിടം. ഉത്തരേന്ത്യയില്‍ നിന്ന് മധുവിധു ആഘോഷിക്കാന്‍ എത്തുന്നവര്‍ മുഖ്യ പരിഗണന നല്‍കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. ഏറെ പഴക്കമുള്ള വലിയ മരങ്ങളും ചുറ്റും ജലാശയവും ശാന്തമായ അന്തരീക്ഷവും ശുദ്ധവായുവും ഒക്കെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കെടിഡിസിയുടെ കൈവശമുള്ള സ്ഥലങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരിടമാണിത്. ഇതിനോട് ചേര്‍ന്നുള്ള കൊച്ചി ഇന്‍റര്‍നാഷണല്‍ മറീന ഇന്ത്യയിലെ ആദ്യത്തേതാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ബോൾഗാട്ടിയിലേക്കു വരാൻ വിദേശ സഞ്ചാരികള്‍ രണ്ടാമതൊന്നു ആലോചിക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മറീനയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ഹണിമൂണ്‍ കോട്ടേജുകളുടെ നവീകരണം നടപ്പാക്കുകയും ചെയ്താല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. ബോള്‍ഗാട്ടി പാലസിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കായലിനോട് ചേര്‍ന്നുള്ള ഹണിമൂണ്‍ കോട്ടേജുകള്‍ എണ്‍പതുകള്‍ മുതല്‍ പ്രസിദ്ധമാണ്. ഒട്ടേറെ സിനിമകളിലും ഈ പാലസും പരിസരവും ഇടം പിടിച്ചിട്ടുണ്ട്.

പാലസും മറീനയും മോടിപിടിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്താല്‍ കേരളത്തിലെ ഏറ്റവും മൂല്യമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി ഇവ മാറ്റാന്‍ കഴിയും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി പദ്ധതിക്ക് വിലങ്ങുതടി ആവുകയാണ്. മറീനയുടെ വടക്ക് ഭാഗത്ത് നഗരത്തിനും കായലിനും അഭിമുഖമായി 50 മുറികളുള്ള ഹോട്ടല്‍ സമുച്ഛയം തുടങ്ങാനും പദ്ധതിയുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗോള്‍ഫ് കോഴ്സും ഉപയോഗപ്പെടുത്തുന്നില്ല. ഇതിനോട് ചേര്‍ന്ന് 2015 ല്‍ നിര്‍മിച്ച ബോള്‍ഗാട്ടി ഈവന്‍റ് സെന്‍ററും വിവാഹ സത്കാരങ്ങള്‍ക്കുള്ള ഇഷ്ട വേദിയായി മാറിക്കഴിഞ്ഞു.

രാജ്യാന്തര കപ്പല്‍ റൂട്ട് പരിഗണിച്ചാണ് ഇന്‍റര്‍നാഷണല്‍ മറീന നിര്‍മിച്ചത്. 34 യാട്ടുകള്‍ക്ക് ബെര്‍ത്ത് ചെയാനുള്ള സൗകര്യം ഇവിടെയുണ്ട്. കപ്പലുകള്‍ക്ക് വെള്ളം, വൈദ്യുതി, സൂവിജ് പമ്പുകള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇവിടെയുണ്ടായിരുന്ന വുഡന്‍ റാമ്പും തകര്‍ച്ചയുടെ വക്കിലാണ്. മറീനയുടെയും ഈവന്‍റ് സെന്‍ററിന്‍റെയും നവീകരണത്തിനായി രണ്ടരക്കോടി രൂപ അനുവദിച്ചെങ്കിലും പ്രവൃത്തികള്‍ ഒന്നും തുടങ്ങിയിട്ടില്ല. ബോള്‍ഗാട്ടി പാലസ് പരിസരത്ത് കാരവന്‍ പാര്‍ക്കിനായി ഒന്നരക്കോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. വലിയ ബോട്ടുകള്‍ക്ക് സൗകര്യം ഒരുക്കുന്ന തരത്തില്‍ മറീനക്ക് ചുറ്റും ഡ്രഡ്ജിംഗ് നടത്തേണ്ടതുണ്ട്. സി എസ് ആര്‍ ഫണ്ടും ഉപയോഗപ്പെടുത്താനാകുമോയെന്ന അന്വേഷണത്തിലാണ് ടൂറിസം വകുപ്പ് അധികൃതര്‍. ബോള്‍ഗാട്ടി നവീകരണത്തിനായി കേന്ദ്ര ടൂറിസം ഫണ്ടും ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com