പറവൂർ: അഴുക്കിൽ നിന്ന് അഴകിലേക്ക് എന്ന ആശയവുമായി വടക്കേക്കര പഞ്ചായത്തിലെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ ഒരുക്കിയ പൂന്തോട്ടം ആകർഷകമായി. ഒരു വർഷം മുമ്പാണ് പഞ്ചായത്ത് മുൻകൈയെടുത്ത് മടപ്ലാതുരുത്തിൽ ബഡ്സ് സ്കൂളിന് തുടക്കമിട്ടത്. സ്ക്കൂളിന് പുറകുവശത്ത് മടലടി മില്ല് പ്രവർത്തിച്ചിരുന്നു . മില്ല് പ്രവർത്തനരഹിതമായതോടെ ഇവിടം ചികിരിചോറും മാലിന്യവും നിറഞ്ഞ് കാടുപിടിച്ച നിലയിലായിമാറിയിരുന്നു. ആ സ്ഥലമാണ് ഇപ്പോൾ ചെണ്ടുമല്ലി പൂക്കൾ നിറഞ്ഞ പൂന്തോട്ടമായി പരിലസിക്കുന്നത്.
പരിസ്ഥിതി പരിപാലനത്തോടൊപ്പം, ശാരീരിക മാനസീക വെല്ലുവിളികൾ നേരിടുന്നവർക്ക് നൽകുന്ന ഹോട്ടികൾച്ചർ തെറപ്പിയും ഈ പൂന്തോട്ടം ഒരുക്കുന്നതിൽ പ്രചോദനമായെന്ന് അധ്യാപിക കെ.ബി. ഗീതു ലക്ഷ്മി പറഞ്ഞു.
സമൂഹത്തിലെ ഇതരവിഭാഗക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളോടും ഒപ്പമെത്താൻ ശാരീരിക മാനസീക വെല്ലുവിളികൾ നേരിടുന്നവർക്കും കഴിയുമെന്നതിന് നേർകാഴ്ച്ച കൂടിയാണിതെന്ന് പഞ്ചായത്ത് അധ്യക്ഷ രശ്മി അനിൽ കുമാറും, ഉപാധ്യക്ഷൻ വി എസ് സന്തോഷ്, സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ മിനി വർഗ്ഗീസ് മാണിയാറ ലൈജു ജോസ്ഥ് എന്നിവരും വ്യക്തമാക്കി.
പതിനഞ്ച് വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. ഇവരോടൊപ്പം കൂട്ടാളികളായി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും, കൃഷിഭവൻ ജീവനക്കാരും, തൊഴിലുപ്പു തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും ഉണ്ടായിരുന്നു. നിലവിലെ പൂക്കൾ ഓണക്കാലത്തോടെ വിറ്റഴിക്കപ്പെടുന്ന തുക കുട്ടികൾക്ക് ഓണസമ്മാനങ്ങൾ വാങ്ങിയ ശേഷം തുടർകൃഷിക്കായി ഉപയോഗപ്പെടുത്തും. ശീതകാല പച്ചകറി ഇനങ്ങളായ കോളിഫ്ലവർ,ക്യാബേജ് എന്നിവ കൃഷി ചെയ്യാനുള്ള പദ്ധതിയുമുണ്ട്.