അന്താരാഷ്ട്ര വേദിയിൽ സാന്നിധ്യമറിയിക്കാൻ 'ഇന്ത്യയുടെ ക്യാമറാ നൺ'

റോമിൽ നടത്തുന്ന വേൾഡ് കമ്യൂണിക്കേഷൻസ് കോൺഫറൻസിലെ മൂന്ന് പാനലിസ്റ്റുകളിൽ ഒരാളായി മലയാളി കന്യാസ്ത്രീ സിസ്റ്റർ ലിസ്മി പാറയിൽ തെരഞ്ഞെടുക്കപ്പെട്ടു
Sr Lismy Parayil CMC in front of Thgrissur Vadakkunnatha Temple
സിസ്റ്റർ ലിസ്മി പാറയിൽ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിലെ ചിത്രീകരണത്തിൽ.
Updated on

പ്രത്യേക ലേഖകൻ

ഇറ്റലിയിലെ റോമിൽ സംഘടിപ്പിക്കുന്ന വേൾഡ് കമ്യൂണിക്കേഷൻസ് കോൺഫറൻസിലെ പാനലിസ്റ്റുകളിൽ ഒരാളായി മലയാളി കന്യാസ്ത്രീ തെരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ മാധ്യമ കാര്യാലയം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ 'ക്യാമറാ നൺ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന സിസ്റ്റർ ലിസ്മി പാറയിൽ സിഎംസി റോമിൽ എത്തിക്കഴിഞ്ഞു.

ഇങ്ങനെയൊരു അവസരം ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ കന്യാസ്ത്രീയാണ് സിഎംസി സഭാംഗമായ സിസ്റ്റര്‍ ലിസ്മി. ജനുവരി 24 മുതല്‍ 26 വരെ നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായി 22, 23 തീയതികളിൽ ലോകമെമ്പാടുമുള്ള വിവിധ സന്യാസിനി സമൂഹങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ സിസ്റ്റർ ലിസ്മിക്ക് 12 മിനിറ്റ് സംസാരിക്കാൻ സമയം ലഭിക്കും. 23നു നടക്കുന്ന പാനല്‍ മീറ്റിങ്ങിലായിരിക്കും ഈ തൃശൂർ സ്വദേശിനിയുടെ ഊഴം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു മൂന്നു പേരെയാണ് സംസാരിക്കാൻ ക്ഷണിച്ചിരിക്കുന്നത്. സുഡാനില്‍ നിന്നുള്ള സിസ്റ്റര്‍ പവോല മോഗി, ഇറ്റലിയില്‍ നിന്നുള്ള സിസ്റ്റര്‍ റോസ് പക്കാറ്റെ എന്നിവരാണു മറ്റു രണ്ടുപേര്‍.

ക്യാമറ പേഴ്സൺ എന്ന നിലയില്‍ സുവിശേഷവത്കരണത്തിനായി ചെയ്ത ശുശ്രൂഷകളും സംഭാവനകളും ആയിരിക്കും മുപ്പത്തൊമ്പതുകാരിയായ സിസ്റ്റർ ലിസ്മി ഇവിടെ അവതരിപ്പിക്കുക. ഇതിനു ശേഷം ചോദ്യോത്തരവേളയും ഉണ്ടാകും.

കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ അംഗമായ സിസ്റ്റർ ലിസ്മി പാറയില്‍ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍' ഇടം നേടിയ ആദ്യത്തെ കത്തോലിക്കാ കന്യാസ്ത്രീ എന്ന നിലയിലും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതുവരെ 1,500ലധികം വീഡിയോകള്‍ റെക്കോഡ് ചെയ്തിട്ടുള്ള ഈ ക്യാമറാ നൺ സഭയ്ക്കു വേണ്ടി ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബർമാരാണ് ഇതിനുള്ളത്.

Sister Lismy Parayil
സിസ്റ്റർ ലിസ്മി പാറയിൽ

സംഗീത ആല്‍ബങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍, അഭിമുഖങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നു തുടങ്ങി, തൃശൂര്‍ പൂരം വരെ സിസ്റ്റർ ലിസ്മി ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇതിലൂടെ, തന്‍റെ കഴിവിനെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുള്ള ഒരു പുതിയ വഴിയിലേക്ക് വിവര്‍ത്തനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് സിസ്റ്റർ ലിസ്മി പറയുന്നു. സഭയില്‍ തന്‍റെ മതപരമായ വ്യക്തിത്വവും ദൗത്യവും എങ്ങനെ സന്തുലിതമാക്കാമെന്നും ക്യാമറയിലൂടെ സമർഥിക്കാൻ ശ്രമിക്കുകയാണെന്നും സിസ്റ്റർ ലിസ്മി.

വീഡിയോകള്‍ സ്വന്തമായി ഷൂട്ട് ചെയ്യുന്ന സിസ്റ്റർ ലിസ്മി, അവയുടെ എഡിറ്റിങ്ങും ഇപ്പോൾ സ്വന്തമായി തന്നെയാണ് നിർവഹിക്കുന്നത്. ഇതിനായി കോലഴിയിലെ നിര്‍മല പ്രൊവിന്‍സില്‍ അവര്‍ തന്നെ ഡിസൈന്‍ ചെയ്ത ഒരു സ്റ്റുഡിയോയും സജ്ജമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com