

പ്രതീകാത്മക ചിത്രം
വിദേശ യാത്രയ്ക്കിടെ ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കുമോ? സാധാരണയായി ഒരു രാജ്യത്ത് ബാങ്ക് അക്കൗണ്ട് തുറക്കാൻ അവിടുത്തെ താമസക്കാരനായിരിക്കണം എന്നാണ് പലരും കരുതുന്നത്. എന്നാൽ ചില രാജ്യങ്ങൾ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് ചില നിബന്ധനകളോടെ ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരം നൽകുന്നുണ്ട്. പാസ്‌പോർട്ട്, സ്വന്തം രാജ്യത്തെ വിലാസത്തിന്‍റെ തെളിവ്, നികുതി വിവരങ്ങൾ തുടങ്ങിയ രേഖകൾ ആവശ്യമായി വരാം. ചില ബാങ്കുകൾ അക്കൗണ്ട് തുറക്കുന്നതിന്‍റെ ഉദ്ദേശ്യവും വ്യക്തമാക്കാൻ ആവശ്യപ്പെടും. വിനോദസഞ്ചാരികൾക്കും മറ്റ് നോൺ-റസിഡന്‍റുകൾക്കും ചില നിബന്ധനകളോടെ ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാം.
സ്വിറ്റ്സർലാൻഡ്
അന്താരാഷ്ട്ര ബാങ്കിങ്ങിന്‍റെ കാര്യത്തിൽ ഏറെ പ്രശസ്തമായ രാജ്യമാണ് സ്വിറ്റ്സർലാൻഡ്. വിദേശ പൗരന്മാർക്കും നോൺ-റസിഡന്‍റുകൾക്കും നിരവധി സ്വിസ് ബാങ്കുകൾ അക്കൗണ്ട് തുറക്കാൻ അവസരം നൽകുന്നുണ്ട്. എന്നാൽ തിരിച്ചറിയൽ, സാമ്പത്തിക പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് വിശദമായ പരിശോധനകൾ ഉണ്ടാകും. ചില ബാങ്കുകൾ വലിയ പ്രാരംഭ നിക്ഷേപവും ആവശ്യപ്പെടാം. സ്വിറ്റ്സർലാൻഡിൽ താമസിക്കാത്ത ഉപഭോക്താക്കൾക്ക് അധിക ഫീസും ഈടാക്കാൻ സാധ്യതയുണ്ട്.
ജോർജിയ
ഡിജിറ്റൽ നൊമാഡുകൾക്കും ദീർഘകാല യാത്രികർക്കുമിടയിൽ ബാങ്കിങ് സൗകര്യങ്ങളുടെ ലാളിത്യത്തിന് ജോർജിയ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ജോർജിയൻ ബാങ്കുകൾ നോൺ-റസിഡന്‍റുകൾക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നു. പലപ്പോഴും സാധുവായ പാസ്‌പോർട്ട് പ്രധാന രേഖയായിരിക്കും. പൗരത്വവും ബാങ്കും അനുസരിച്ച് അധിക രേഖകളോ ചെറിയ അഭിമുഖമോ ആവശ്യപ്പെട്ടേക്കാം.
പോർച്ചുഗൽ
വിനോദസഞ്ചാരികൾ, വിരമിച്ചവർ, റിമോട്ട് ജോലിക്കാർ, വിദേശത്ത് രണ്ടാമത്തെ വീട് സ്വന്തമാക്കിയവർ എന്നിവരുടെ പ്രധാന ലക്ഷ്യസ്ഥാനമായി പോർച്ചുഗൽ മാറിയിട്ടുണ്ട്. നോൺ-റസിഡന്‍റുകൾക്ക് ഇവിടെ ബാങ്ക് അക്കൗണ്ട് തുറക്കാം. എന്നാൽ മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ രേഖകൾ ആവശ്യമായി വരും. പാസ്‌പോർട്ടിനൊപ്പം പോർച്ചുഗീസ് ടാക്സ് നമ്പറായ എൻഐഎഫ്, സ്വന്തം രാജ്യത്തെ വിലാസത്തിന്‍റെ തെളിവ്, വരുമാനം അല്ലെങ്കിൽ തൊഴിൽ സംബന്ധിച്ച രേഖകൾ എന്നിവ സാധാരണയായി ആവശ്യപ്പെടും.
സിംഗപ്പൂർ
ലോകത്തിലെ സുരക്ഷിതവും ശക്തവുമായ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ് സിംഗപ്പൂർ. രാജ്യത്ത് താമസിക്കാത്ത വിദേശികൾക്കും ചില ബാങ്കുകൾ അക്കൗണ്ട് തുറക്കാനുള്ള അവസരം നൽകുന്നു. ബാങ്കുകൾക്കനുസരിച്ച് ആവശ്യകതകൾ വ്യത്യാസപ്പെടും. പാസ്‌പോർട്ട്, അധിക തിരിച്ചറിയൽ രേഖകൾ, അക്കൗണ്ട് തുറക്കുന്നതിനുള്ള ഉദ്ദേശ്യം എന്നിവ ആവശ്യപ്പെടാം. ചില ബാങ്കുകൾ കുറഞ്ഞ പ്രാരംഭ നിക്ഷേപം ആവശ്യപ്പെടുകയും അപേക്ഷ അംഗീകരിക്കുന്നതിന് മുൻപ് നേരിട്ട് ബ്രാഞ്ചിലെത്താൻ ആവശ്യപ്പെടുകയും ചെയ്യും.
യുഎഇ
ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന യുഎഇയിൽ ചിലർ സ്ഥിരമായി യാത്ര ചെയ്യുന്നതിനാലോ ബിസിനസ് ആവശ്യങ്ങൾക്കോ വസ്തുവകകൾ സ്വന്തമായതിനാലോ പ്രാദേശിക ബാങ്ക് അക്കൗണ്ട് തുറക്കാറുണ്ട്. നിരവധി യുഎഇ ബാങ്കുകൾ നോൺ-റസിഡന്‍റുകൾക്ക് സേവിങ്സ് അക്കൗണ്ടുകൾ നൽകുന്നുണ്ട്. സാധാരണയായി പാസ്‌പോർട്ട്, സാധുവായ ടൂറിസ്റ്റ് വിസ അല്ലെങ്കിൽ എൻട്രി സ്റ്റാമ്പ്, സാമ്പത്തിക രേഖകൾ എന്നിവ ആവശ്യമായി വരും. റസിഡന്‍റ് അക്കൗണ്ടുകളെ അപേക്ഷിച്ച് നോൺ-റസിഡന്‍റ് അക്കൗണ്ടുകൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടാകാം.
പാനമ
ലാറ്റിനമേരിക്കയിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നെന്ന നിലയിൽ പാനമയ്ക്ക് ശക്തമായ ബാങ്കിങ് മേഖലയുണ്ട്. വിദേശ സന്ദർശകർ ഉൾപ്പെടെയുള്ള നോൺ-റസിഡന്‍റുകൾക്ക് നിരവധി ബാങ്കുകൾ അക്കൗണ്ട് നൽകുന്നുണ്ട്. എന്നാൽ അക്കൗണ്ട് തുറക്കാൻ മുൻകൂട്ടി തയ്യാറെടുപ്പ് ആവശ്യമാണ്. പാസ്‌പോർട്ട്, വരുമാനത്തിന്‍റെ തെളിവ്, ബാങ്കിങ് റഫറൻസ് കത്തുകൾ, പ്രൊഫഷണൽ റഫറൻസുകൾ, പണത്തിന്‍റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ എന്നിവ ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്. അന്താരാഷ്ട്ര സാമ്പത്തിക ചട്ടങ്ങൾ പാലിക്കുന്നതിനാലാണ് വിശദമായ പരിശോധനകൾ നടത്തുന്നത്.
എന്തിനാണ് യാത്രക്കാർ വിദേശ ബാങ്ക് അക്കൗണ്ട് തുറക്കുന്നത്?
തുടർച്ചയായി വിദേശയാത്ര നടത്തുന്നവർക്ക് ഓരോ ഇടപാടിനും ഉയർന്ന അന്താരാഷ്ട്ര കാർഡ് ചാർജുകൾ നൽകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. വിദേശത്ത് വീടോ മറ്റ് വസ്തുവകകളോ സ്വന്തമായുള്ളവർ, ഡിജിറ്റൽ നൊമാഡുകൾ, വിരമിച്ചവർ, വിവിധ രാജ്യങ്ങളിൽ നിന്ന് ജോലി ചെയ്യുന്നവർ തുടങ്ങിയവരും പ്രാദേശിക ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്. പണം പിൻവലിക്കൽ, പണമിടപാട്, പ്രാദേശിക പേയ്‌മെന്‍റുകൾ എന്നിവ കൂടുതൽ എളുപ്പമാക്കാനും ഇത് സഹായിക്കും.