
മുമ്പെങ്ങുമില്ലാത്ത വിധം ലോകമെമ്പാടും കഞ്ചാവ് ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകൾ. കഞ്ചാവിന്‍റെ അമിത ഉപയോഗം ഒരു വ്യക്തിയുടെ ഓർമകളെയും തലച്ചോറിന്‍റെ പ്രവർത്തനങ്ങളെയും തകർക്കാൻ പര്യാപ്തമാണെന്നും മുൻകാല ഗവേഷണങ്ങൾ പറയുന്നുണ്ട്. ആഗോള തലത്തിൽ വർധിച്ചു വരുന്ന ഡിമെൻഷ്യയ്ക്കുള്ള വലിയൊരു കാരണമായും കനത്ത കഞ്ചാവ് ഉപയോഗം പരിഗണിക്കപ്പെടുന്നു.
കൊളറാഡോ സർവകലാശാലയിലെ അൻഷൂട്ട്സ് മെഡിക്കൽ ക്യാംപസിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. 2011ൽ 180.6 ദശലക്ഷം ആളുകളാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നത്. 2021ലെ കണക്കു പ്രകാരം ഇത് 219 ദശലക്ഷം പേരായി വർധിച്ചു.
അമെരിക്ക, കാനഡ, തായ്‌ലന്‍ഡ്, സ്പെയിൻ, ദക്ഷിണാഫ്രിക്ക, നെതർലാൻഡ്സ്, ഉറുഗ്വെ തുടങ്ങി നിരവധി രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാനുള്ള സമീപകാല നീക്കങ്ങളാണ് ഈ ത്വരിത വളർച്ചയുടെ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
സ്ഥിരമായ കഞ്ചാവ് ഉപയോഗം ഒരു വ്യക്തിയുടെ ശ്വാസകോശ ക്ഷതം, മാനസികാരോഗ്യ പ്രശ്നങ്ങൾ, സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് തുടങ്ങിയ ചില ആരോഗ്യ പ്രശ്നങ്ങൾക്കുളള സാധ്യത വർധിപ്പിക്കും.
കഞ്ചാവ് ഉപയോഗം ഡിമെൻഷ്യയ്ക്കുള്ള അപകട സാധ്യത വർധിപ്പിക്കുന്നതായും പഠനങ്ങൾ സ്ഥിരീകരിക്കുന്നു. കൊളറാഡോ സർവകലാശാലയിലെ അൻഷുട്ട്സ് മെഡിക്കൽ ക്യാംപസിലെ ഗവേഷകരുടെ ഈ പഠനം ജമാ നെറ്റ് വർക്ക് ഓപ്പൺ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.