ചാറ്റ്‌ജിപിടി രക്ഷയ്ക്കെത്തി; ഉജ്ജയിൻ ക്ഷേത്രത്തിന് പുറത്ത് നഷ്ടപ്പെട്ട ചെരുപ്പ് കണ്ടെത്തി ഗോവ സ്വദേശി

ചാറ്റ്ജിപിടി ഉപയോഗിച്ച് ചെരുപ്പ് കണ്ടെത്തിയതിന്‍റെ വീഡിയോ ഇയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു
Goa resident finds lost footwear using ChatGPT.

ചാറ്റ്‌ജിപിടി ഉപയോഗിച്ച് നഷ്ടപ്പെട്ട ചെരുപ്പ് കണ്ടെത്തി ഗോവ സ്വദേശി

Updated on

പനാജി: കൃത്രിമബുദ്ധി (എഐ) ഉപയോഗിച്ച് പതിവ് പ്രശ്നങ്ങൾക്ക് പോലും പരിഹാരം കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഗോവ സ്വദേശി. മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിന് പുറത്ത് നഷ്ടപ്പെട്ട തന്‍റെ ചെരുപ്പാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഇയാൾ കണ്ടെത്തിയത്.

ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയവേളയിലാണ് ഗോവ സ്വദേശിയായ ശുഭങ്ക് ബോർകറിന് തന്‍റെ ചെരിപ്പ് നഷ്ടപ്പെട്ടത്. ദർശനം നടത്തിയശേഷം പുറത്തിറങ്ങിയപ്പോൾ ചെരുപ്പ് കാണാനില്ലായിരുന്നു. ക്ഷേത്രത്തിന് പുറത്തെ തിരക്കേറിയ ചെരുപ്പ് റാക്കുകളിൽ നിന്ന് തന്‍റെ ചെരുപ്പ് തിരിച്ചറിയാൻ കഴിയാതെ വന്നതോടെ ശുഭങ്ക് ചാറ്റ്‌ജിപിടിയുടെ സഹായം തേടുകയായിരുന്നു. ക്ഷേത്രത്തിന് പുറത്ത് കിടന്നിരുന്ന നിരവധി ചെരുപ്പുകളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ചാറ്റ്‌ജിപിടിയിലേക്ക് അയച്ചാണ് ഇയാൾ തന്‍റെ ചെരുപ്പ് കണ്ടെത്തിയത്.

ആദ്യം ചുറ്റുമുണ്ടായിരുന്ന ചെരുപ്പുകളുടെ നിരകളുടെ ചിത്രങ്ങൾ ശുഭങ്ക് പകർത്തി. തുടർന്ന് ചാറ്റ്‌ജിപിടി തുറന്ന് ഈ ചിത്രങ്ങളും സ്വന്തം ചെരുപ്പുകളുടെ ചിത്രവും അപ്‌ലോഡ് ചെയ്തു. ഇതിനുശേഷം താൻ മഹാകാൽ ക്ഷേത്രത്തിലാണെന്നും പുറത്തുവച്ചിരിക്കുന്ന നിരവധി ചെരുപ്പുകൾക്കിടയിൽ തന്‍റെ ചെരുപ്പുകൾ നഷ്ടപ്പെട്ടെന്നും ചാറ്റ്‌ജിപിടിയെ അറിയിച്ചു. തുടർന്ന് ചെരുപ്പുകൾ പരിശോധിച്ച് തന്‍റെ ജോഡി കണ്ടെത്താൻ ആവശ്യപ്പെട്ടു. ചിത്രങ്ങൾ വിശകലനം ചെയ്ത ചാറ്റ്‌ജിപിടി ഒടുവിൽ തന്‍റെ ചെരുപ്പുമായി പൊരുത്തപ്പെടുന്ന ഒരു പ്രത്യേക ജോഡി കണ്ടെത്തി നൽകി. തന്‍റെ നഷ്ടപ്പെട്ട ചെരുപ്പ് തന്നെയായിരുന്നു ഇതെന്നും ശുഭങ്ക് പറയുന്നു. ചാറ്റ്ജിപിടി ഉപയോഗിച്ച് ചെരുപ്പ് കണ്ടെത്തിയതിന്‍റെ വീഡിയോ ഇയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com