Cheeyappara Waterfalls
Cheeyappara Waterfalls

വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി പാൽനുരയായി ഒഴുകി ചീയപ്പാറ

മഴ ലഭിച്ചതോടെ വെള്ളച്ചാട്ടത്തിന് ഭംഗിയേറിയതോടെ കാണാൻ സഞ്ചാരികളുടെ തിരക്കുമേറി

#ഏബിൾ. സി. അലക്സ്‌

കോതമംഗലം: വെള്ളി ചില്ലും വിതറി പാൽ നുരയായി പതഞ്ഞു വരുന്ന ചീയപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുകയാണ്. ഹൈറേഞ്ചിന്റെ കുളിരു തേടി കൊച്ചി - ധനുഷ്‌കോടി ദേശീയ പാത വഴി വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ നേര്യമംഗലം കഴിഞ്ഞാൽ ഈ നയന മനോഹര വെള്ളച്ചാട്ടത്തിനരികെ നിർത്താതെ പോകില്ല. കാലവർഷമെത്തും മുമ്പെ തന്നെ സജീവമായിമാറി ചീയപ്പാറ വെള്ളച്ചാട്ടം.ഇവിടെ നിന്ന് സെൽഫി എടുത്ത് കുളിരണിഞ്ഞാണ് പിന്നീടുള്ള യാത്ര. ഇത്തവണ വേനലിൽ ജീവൻ നഷ്ടപ്പെട്ടിരുന്ന ചീയപ്പാറ വെള്ളച്ചാട്ടം വീണ്ടും ജല സമൃദ്ധമായി. വെള്ളച്ചാട്ടത്തിന് ഭംഗിയേറിയതോടെ കാണാൻ സഞ്ചാരികളുടെ തിരക്കുമേറി.

കാലവർഷമെത്താൻ ഏതാനും ദിവസം മുമ്പെ ചീയപ്പാറ വെള്ളച്ചാട്ടം സജീവമായി. തട്ടുതട്ടായി താഴേക്ക് പതിക്കുന്നുവെന്നതും ജലപാതത്തിന്റെ ഒത്ത താഴെ കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ നിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാമെന്നതുമാണ് ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. മഴ ലഭിച്ചതോടെ വെള്ളച്ചാട്ടത്തിന് ഭംഗിയേറിയതോടെ കാണാൻ സഞ്ചാരികളുടെ തിരക്കുമേറി.

കാലവർഷം കനക്കുന്നതോടെ ചീയപ്പാറ കൂടുതൽ മനോഹരമാകും. ദേശിയപാതയിലൂടെ മൂന്നാറിലേക്ക് കടന്നു പോകുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കാടിന് നടുവിലെ പാറക്കെട്ടിൽ വെള്ളിവര തീർക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിച്ചും ചിത്രങ്ങൾ പകർത്തിയും മാത്രമെ കടന്നു പോകാറുള്ളു. ജലപാതത്തിന് ചുറ്റുമുള്ള കാട് തീർക്കുന്ന ഭംഗിയും വർണ്ണനാതീതമാണ്. ചീയപ്പാറക്ക് പുറമെ വാളറയും ആറ്റുകാടും ശ്രീനാരായണപുരവുമടക്കമുള്ള ഹൈറേഞ്ചിലെ മറ്റ് വെള്ളച്ചാട്ടങ്ങൾക്കും വേനൽമഴ ജീവൻ നൽകി കഴിഞ്ഞു.