താളലയങ്ങളുടെ പുതിയ പ്രമാണി

ഏപ്രിൽ 26-ന് തൃശൂർ പൂരം അരങ്ങുതകർക്കുമ്പോൾ, പാരമ്പര്യത്തിന്‍റെയും ഭക്തിയുടെയും പ്രഗത്ഭ്യത്തിന്‍റെയും കരുത്തുമായി ചെറുശ്ശേരി കുട്ടൻ മാരാർ തിരുവമ്പാടിയുടെ മേളപ്രമാണിയായി അരങ്ങേറുന്നു.
Cherussery Kuttan Marar debut Thrissur Pooram

മേളം എന്നാൽ ഒറ്റയ്ക്കുള്ള കലയല്ലെന്നും, കൊമ്പ്, കുഴൽ, ചെണ്ട, ഇലത്താളം എന്നിവയുടെ സംഗമമാണെന്നും ചെറുശ്ശേരി കുട്ടൻ മാരാർ വിശ്വസിക്കുന്നു.

Jayan U
Updated on

അജയൻ

ഏപ്രിൽ 26-ന് വിസ്മയക്കാഴ്ചകളുമായി തൃശൂർ പൂരം വീണ്ടുമെത്തുമ്പോൾ, ചെറുശ്ശേരി കുട്ടൻ മാരാരെ കാത്തിരിക്കുന്നത് മനോഹരമായൊരു നിയോഗമാണ്. താളാസ്വാദകരും പാരമ്പര്യ വിശ്വാസികളും ഒരുപോലെ കാത്തിരിക്കുന്ന നിമിഷത്തിൽ, തിരുവമ്പാടിയുടെ മേളപ്രമാണിപ്പട്ടം അദ്ദേഹം ഏറ്റെടുക്കുന്നു.

തൃശൂരിലെ ഗംഭീരമായ മേളവേദികളിൽ ചിരപരിചിതനാണ് ചെറുശ്ശേരി. 1997 മുതൽ 2003 വരെ പല്ലാവൂർ അപ്പു മാരാർ, ചക്കംകുളം അപ്പു മാരാർ, രാമങ്കണ്ടത്തിൽ കൃഷ്ണൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ തുടങ്ങിയ ഇതിഹാസ തുല്യരായ ആചാര്യന്മാർക്കൊപ്പം പാറമേക്കാവ് മേളത്തിൽ അദ്ദേഹം തന്‍റെ കലാവിരുന്ന് പകർന്നുനൽകി. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം 2011-ൽ കിഴക്കൂട്ട് അനിയൻ മാരാരുടെ കീഴിൽ തിരുവമ്പാടി വിഭാഗത്തിൽ ചേർന്നു. കിഴക്കൂട്ട് പാറമേക്കാവിന്‍റെ പ്രമാണിയായി മാറിയപ്പോൾ, തിരുവമ്പാടിയുടെ ശിക്ഷണച്ചുമതല ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരിലേക്കും ഇപ്പോൾ ചെറുശ്ശേരിയിലേക്കും എത്തിച്ചേർന്നിരിക്കുകയാണ്.

തൃശൂർ പൂരത്തിന്‍റെ മുഖ്യവേദിയിൽ നിൽക്കുമ്പോൾ ചെറുശ്ശേരി കുട്ടൻ മാരാർ പ്രതിനിധീകരിക്കുന്നത് മഹത്തായൊരു പാരമ്പര്യത്തെയാണ്. ചെണ്ടയിൽ നിന്നുയരുന്ന ഓരോ നാദവും വർഷങ്ങളായുള്ള ആത്മസമർപ്പണത്തിന്‍റെയും സംഗീത പാരമ്പര്യത്തിന്‍റെയും പ്രതിധ്വനികളാണ്.

കഴിഞ്ഞ ഇരുപത്തേഴ് വർഷമായി പൂരപ്രേമികൾ ചെറുശ്ശേരിയുടെ മേളവൈഭവം സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടുന്നുണ്ട്. ഊരകം രോഹിണി വിളക്കിന്‍റെ പഞ്ചാരിമേളമോ, മകയിരം പുറപ്പാടിന്‍റെ പാണ്ടിമേളമോ, പെരുവനം ആറാട്ടുപുഴ പൂരത്തിന്‍റെ ഭാഗമായ അമ്മത്തിരുവടിയുടെ പഞ്ചാരിയോ ആകട്ടെ, ഓരോന്നും കാലാതീതമായ ക്ലാസിക്കുകളായി അവർ നെഞ്ചേറ്റുന്നു.

പഴയകാലം ഓർത്തെടുക്കുന്നവർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു നിമിഷമുണ്ട്. 2000-മാണ്ടിലെ ഒരു സന്ധ്യാനേരം. പെരുവനം നടവഴിയിൽ പണ്ഡിതൻ ആർ.എസ്. പൊതുവാളും ജ്യേഷ്ഠ സഹോദരനും ആശങ്കയോടെ ഒരു കാഴ്ച കണ്ടുനിന്നു. ഇതിഹാസതുല്യനായ തൃപ്പേക്കുളം അച്യുത മാരാർക്കു ശേഷം വെറും 32 വയസ്സുള്ള ചെറുശ്ശേരി പ്രമാണിയായി മുന്നിൽ നിൽക്കുന്നു. മേളം പതികാലം പിന്നിട്ടതോടെ ആശങ്ക അദ്ഭുതത്തിനു വഴിമാറി. പ്രതീക്ഷകളൊക്കെയും മറികടന്നുകൊണ്ട് ആ താളം അത്രമേൽ മനോഹരമായി ഉയർന്നു മുഴങ്ങി. ഒരു ദശകം കഴിഞ്ഞപ്പോൾ അതേ സ്ഥാനത്ത് നിന്നുതന്നെ അവർ പറഞ്ഞു: ആ പഴയ ചെറുപ്പക്കാരൻ ഇതാ ഉന്നതങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു.

എന്നാൽ, ശാന്തമായ വിനയത്തോടെ മാത്രമാണ് ചെറുശ്ശേരി ഇതിനെ കാണുന്നത്. തിരുവമ്പാടിയുടെ പ്രമാണിപ്പട്ടം ദൈവാനുഗ്രഹത്താൽ ലഭിച്ച വിശുദ്ധമായൊരു ഉത്തരവാദിത്വമാണെന്നും, മുൻഗാമികളായ ഗുരുനാഥന്മാരോടുള്ള ആദരസൂചകമായി അചഞ്ചലമായ ഭക്തിയോടെ അത് നിറവേറ്റുമെന്നും അദ്ദേഹം പറയുന്നു.

Cherussery Kuttan Marar debut

ചെറുശ്ശേരി കുട്ടൻ മാരാർ

Jayan U

കുട്ടിക്കാലത്തു തന്നെ തുടങ്ങിയതാണ് ചെറുശ്ശേരിയുടെ താളയാത്ര. അച്ഛൻ കുമരപുരം അപ്പു മാരാർ തന്നെയായിരുന്നു ആദ്യ ഗുരു. പ്രമുഖരായ ഒട്ടനവധി കലാകാരന്മാരുടെ ഗുരുവായ കുമാരപുരം, മേളശാസ്ത്രത്തിൽ അഗ്രഗണ്യനായിരുന്നു. മേളകലയിലെ പല മഹാരഥന്മാരും ഉപദേശം തേടിയിരുന്നത് അദ്ദേഹത്തോടായിരുന്നു. വീട്ടിൽ നിത്യേനയെന്നോണം വന്നിരുന്ന ഈ ആചാര്യന്മാരും, അവർ അച്ഛനുമായി നടത്തിയിരുന്ന ഗഹനമായ സംഗീത ചർച്ചകളും ചെറുപ്പക്കാരനായ ചെറുശ്ശേരിക്ക് വലിയ പാഠങ്ങൾ പകർന്നു നൽകി.

അമ്മവഴിയുള്ള പാരമ്പര്യവും കേമം- പഞ്ചാരിമേളവുമായി അവിഭക്തമായി ബന്ധപ്പെട്ട പ്രശസ്തമായ പണ്ടാരത്തിൽ കുടുംബം. ഏകദേശം അഞ്ച് നൂറ്റാണ്ടു മുൻപ്, മഴമംഗലം നാരായണൻ നമ്പൂതിരിയും പണ്ടാരത്തിൽ രാമ മാരാരും ചേർന്നാണ് ഈ ഉദാത്തമായ മേളരീതിക്കു രൂപം നൽകിയതെന്ന് കരുതപ്പെടുന്നു. ഊരകം അമ്മത്തിരുവടിയുടെ തിരുനടയിൽ ഭക്തിയോടെ സമർപ്പിക്കപ്പെട്ടതാണ് ഈ മേളം.

കുട്ടിക്കാലം മുതലേ ക്ഷേത്രച്ചടങ്ങുകളിൽ ചെണ്ട കൊട്ടി ശീലിച്ചെങ്കിലും, കലയിൽ പൂർണമായി മുഴുകുന്നതിനു മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന് ചെറുശ്ശേരിയുടെ പിതാവിന് നിർബന്ധമുണ്ടായിരുന്നു. ആ ആഗ്രഹം പാലിച്ച് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1988-ൽ തിരുവള്ളക്കാവ് ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചതോടെ അദ്ദേഹത്തിന്‍റെ പ്രശസ്തമായ വാദ്യജീവിതം ആരംഭിച്ചു. പിതാവിന്‍റെ വിയോഗം ചെറുശ്ശേരിയെ ഈ മേഖലയിലേക്ക് പൂർണമായി ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിച്ചു. എന്നാൽ, അതൊരു ആവശ്യമായല്ല, മറിച്ച് തന്നിൽ ഉൾച്ചേർന്ന കലയോടുള്ള അഭിനിവേശമായാണ് അദ്ദേഹം കണ്ടത്.

കുട്ടനെല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, കൊടുങ്ങല്ലൂർ, എറണാകുളം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, കോട്ടയം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, കൊടുന്തരപ്പള്ളി, പുതുക്കോട്, നെന്മാറ, ചിനക്കത്തൂർ, അങ്ങാടിപ്പുറം തുടങ്ങി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ അദ്ദേഹം മേളങ്ങൾക്കു നേതൃത്വം നൽകി.

Cherussery Kuttan Marar debut

ചെറുശ്ശേരി കുട്ടൻ മാരാർ.

Jayan U

തൃശൂർ പൂരം പാറമേക്കാവിന്‍റെ ഇലഞ്ഞിത്തറ മേളത്തിനു പേരുകേട്ടതാണെങ്കിലും, തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് അതിന്‍റേതായ ആരാധകവൃന്ദമുണ്ട്. മഠത്തിൽവരവ് പഞ്ചവാദ്യത്തിനു ശേഷം നടുവിലാലിൽ നിന്ന് ചെമ്പടവട്ടത്തിൽ തുടങ്ങി ആവേശകരമായ പാണ്ടിയിലേക്ക് വഴിമാറി ശ്രീമൂലസ്ഥാനത്ത് വൈകുന്നേരം 4:45-ഓടെ അവസാനിക്കുന്ന മേളം ഗംഭീരമായ അനുഭവമാണ്. ഇതിനു പിന്നാലെയാണ് കാഴ്ചയുടെ വിരുന്നൊരുക്കുന്ന കുടമാറ്റം.

അടുത്ത ദിവസം രാവിലെ നടത്തുന്ന പകൽപ്പൂരത്തിലെ പാണ്ടിമേളവും അത്രതന്നെ മനോഹരമാണ്. തലേദിവസത്തിന്‍റെ തുടർച്ചയെന്നോണം നടുവിലാലിൽ രാവിലെ 8:30-ന് ചെമ്പട തുടങ്ങുകയും ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങുമ്പോൾ പാണ്ടിയായി ആവേശം വിതറുകയും ചെയ്യുന്നു. ഉച്ചയോടെ പാറമേക്കാവ് മേളം കഴിഞ്ഞ് കൃത്യം 15 മിനിറ്റിനു ശേഷം തിരുവമ്പാടി മേളവും പാരമ്പര്യമനുസരിച്ച് അവസാനിക്കുന്നു. തിരമാല പോലെ ഉയരുന്ന കൊലുമ്പലും പതിഞ്ഞ താളത്തിലുള്ള വിളംബകാലവും, ഒടുവിൽ മേളപ്രേമികളെ മറ്റൊരു ലോകത്തേക്കുയർത്തുന്ന തുറന്നുപിടിക്കലും തൃശൂർ പൂരത്തിന്‍റെ ഹൃദയതാളമായ പാണ്ടിമേളത്തെ പൂർണമാക്കുന്നു.

മേളം എന്നാൽ ഒറ്റയ്ക്കുള്ള കലയല്ലെന്നും, കൊമ്പ്, കുഴൽ, ചെണ്ട, ഇലത്താളം എന്നിവയുടെ സംഗമമാണെന്നും ചെറുശ്ശേരി വിശ്വസിക്കുന്നു. ചെറുശ്ശേരിയുടെ വലിയ ഗുണം അദ്ദേഹത്തിന്‍റെ നേതൃപാടവമാണെന്നാണ്, തൃശൂരിലെ പൂരപ്രേമിയായ നന്ദൻ വാകയിൽ പറയുന്നത്. വലിയ പേരുകാർ ചുറ്റിലുമില്ലാത്തപ്പോൾ പോലും, എല്ലാവരെയും ഏകോപിപ്പിച്ച് ഹൃദ്യമായൊരു നാദതരംഗം സൃഷ്ടിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് വിശിഷ്ടമാണ്.

ചെറുശ്ശേരിയുടെ മേളത്തിന് അപൂർവമായ ഒരു ഒതുക്കമുണ്ടെന്ന് ടി.എം. നാരായണൻ നിരീക്ഷിക്കുന്നു. ഓരോ കോലും ഓരോ ഇടവേളയും കൃത്യമായ താളപ്രമാണത്തിൽ അദ്ദേഹം സമന്വയിപ്പിക്കുന്നു. അധികം സംസാരിക്കാത്ത പ്രകൃതമാണെങ്കിലും തന്‍റെ ആത്മസമർപ്പണം മുഴുവൻ ആ പ്രമാണത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നു. നിശബ്ദനും സമചിത്തനുമായി ചെറുശ്ശേരി മേളം നയിക്കുമ്പോൾ അത് ആസ്വാദകരുടെ ഉള്ളിൽ താളവാദ്യത്തിനുപരിയായി മനോഹരമായൊരു സംഗീത സദസ് തന്നെയായി മാറുന്നു. അപൂർവവും സവിശേഷവുമായ ആ നാദപ്രപഞ്ചത്തിന്‍റെ പര്യായമായി ചെറുശ്ശേരി മാറിക്കഴിഞ്ഞു.

Cherussery Kuttan Marar debut

ചെറുശ്ശേരി കുട്ടൻ മാരാർ.

Jayan U

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com