

സൗഹൃദം അവസാനിപ്പിച്ച് പരസ്പരം പോരടിച്ച് ചിമ്പാൻസികൾ, 17 നവജാത ശിശുക്കളെ ഉൾപ്പടെ 28 പേരെ കൊന്നൊടുക്കി; എട്ട് വർഷമായി തുടരുന്ന 'യുദ്ധം'
മനുഷ്യരെപ്പോലെ ഒന്നിച്ചു ചേർന്ന് ജീവിക്കുന്നവരാണ് ചിമ്പാൻസികൾ. ഇരതേടലും കുഞ്ഞുങ്ങളെ വളർത്തലുമെല്ലാം ഇവർ ഒന്നിച്ച് ചേർന്നാണ് നടത്തുക. ഇടയ്ക്ക് വല്ലപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉണ്ടായാൽ പോലും അധികനേരം ഇത് നീണ്ടുപോവാറില്ല. വഴക്കിട്ട ചിമ്പാൻസികൾ പരസ്പരം പരിചരിക്കുന്നതായിരിക്കും പിന്നീട് കാണുക. എന്നാൽ ഉഗാണ്ടയിലെ ചിമ്പാൻസികൾക്കിടയിലെ പ്രശ്നമാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ചിമ്പാൻസികളുടെ കൂട്ടമായ ഉഗാണ്ടയിലെ കിബാലെ ദേശിയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന് ഇടയിലാണ് ആഭ്യന്തരയുദ്ധം മുറുകുന്നത്. കഴിഞ്ഞ എട്ട് വർഷമായി ഇവർ ചേരിതിരിഞ്ഞ് പോരടിക്കുകയാണ്. ഇതിനോടകം 28 ചിമ്പാൻസികൾക്കാണ് ഈ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിൽ 17 എണ്ണം നവജാത ശിശുക്കളാണ്. സയൻസ് എന്ന ജേണലിലാണ് ചിമ്പാൻസികളുടെ സിവിൽ വാറിനേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.
വർഷങ്ങളായി സുഹൃത്തുക്കളായി കഴിഞ്ഞ ചിമ്പാൻസികളാണ് പരസ്പരം ഏറ്റുമുട്ടുന്നത് എന്നാണ് യുഎസിലെ ടെക്സാസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ആരോൺ സാൻഡൽ പറയുന്നത്. പതിറ്റാണ്ടുകളായി 200 ഓളം എൻഗോഗോ ചിമ്പാൻസികൾ സൗഹാർദത്തോടെ കഴിഞ്ഞു പോരുന്ന സ്ഥലമാണ് ഇത്. എന്നാൽ 2015 മുതൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ രൂപപ്പെട്ടുതുടങ്ങിയത്. വെസ്റ്റേൺ ഗ്രൂപ്പ് സെൻട്രൽ ഗ്രൂപ്പ് എന്നിങ്ങനെ രണ്ടായിട്ടാണ് ഇവർ തിരിഞ്ഞാണ് പോരാട്ടം.
2015ൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ പ്രശ്നങ്ങളുണ്ടായി. തുടർന്ന് ആറ് ആഴ്ചയോളം ഇരു ഗ്രൂപ്പുകളും പരസ്പരം അകന്നു നിന്നു. തുടർന്ന് ഒന്നിച്ചെങ്കിലും പഴയ പോലെയുള്ള ബന്ധമല്ല ഇവർക്കിടയിൽ നിലനിന്നത് എന്നാണ് ഗവേഷകർ കണ്ടെത്തിയത്. 2018ൽ വെസ്റ്റേൺ ഗ്രൂപ്പ് സെൻട്രൽ ചിമ്പാൻസികളെ ആക്രമിച്ചു. തുടർന്ന് 24 തവണയാണ് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണമുണ്ടായത്. ഇതിൽ സെൻട്രൽ ഗ്രൂപ്പിലെ ഏഴ് മുതിർന്ന ആൺ ചിമ്പാൻസികളും 17 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്. യഥാർഥത്തിൽ മരണസംഖ്യ ഇതിലും കൂടുതലാണ് എന്നാണ് പറയപ്പെടുന്നത്.
2014ൽ നാല് ആൺ ചിമ്പാൻസികളും ഒരു പെൺ ചിമ്പാൻസിയും മരിച്ചിരുന്നു. കാരണം അറിയാത്ത മരണമാണ് ആഭ്യന്തര കലാപത്തിന് തുടക്കമിട്ടത് എന്നാണ് കരുതുന്നത്. തുടർന്നുള്ള വർഷം ഗ്രൂപ്പിലെ തലവനായ ആൽഫാ മെയിൽ മാറിയതും മറ്റൊരു കാരണമായി പറയുന്നു. യുദ്ധം തുടങ്ങാൻ മറ്റൊരു കാരണമായത് 2017ലെ 25 ചിമ്പാൻസികളുടെ കൂട്ടമരണമാണ്. അന്ന് നാല് മുതിർന്ന ആണുങ്ങളും 10 മുതിർന്ന പെൺ ചിമ്പാൻസികളും ഉൾപ്പടെയാണ് മരിച്ചത്. ഇരു ഗ്രൂപ്പുകളേയും ചേർത്തു നിർത്തിയ അവസാനത്തെ ആൺ ചിമ്പാൻസിയുടെ മരണത്തിന് പിന്നാലെയാണ് പ്രശ്നം രൂക്ഷമായത് എന്നാണ് കരുതുന്നത്. വെട്ടിപ്പിടിക്കാനും കൊന്നൊടുക്കാനുമുള്ള മനുഷ്യന്‍റെ സ്വഭാവ സവിശേഷതകൾ തന്നെയാണ് ചിമ്പാൻസികളിലും കാണുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്.