ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട വർണാഭമായ 'റെഡ് ബീച്ച്' | Video
ഒരു ബീച്ചിന് മുഴുവൻ ചുവപ്പ് നിറമാണെങ്കിലോ? ലോകത്താകമാനം വ്യത്യസ്ത തരത്തിലുള്ള ബീച്ചുകളുണ്ട്. ഓരോ ബീച്ചിനും ഓരോ തരത്തിലുള്ള സവിശേഷതകളുമുണ്ട്. എന്നാൽ, അത്തരത്തിലൊരു ബീച്ചാണ് ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ പാൻജിനിലുള്ള റെഡ് ബീച്ച്.
റെഡ് ബീച്ചിൽ മണൽ ഒരു തരിപോലുമില്ലെന്നതാണ് മറ്റൊരു സവിശേഷത. കാരണം ഈ പ്രദേശം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളിലൊന്നാണ്. പേരിൽ മാത്രമേ ബീച്ച് ഉള്ളൂവെന്ന് ചുരുക്കം. സുയെദ സൽസ എന്ന ഒരു പ്രത്യേക തരം ചെടിയാണ് ബീച്ചിനെ മുഴുവൻ ചുവപ്പിക്കുന്നത്. വസന്തകാലത്ത് പച്ച നിറത്തിലാണ് ഈ ചെടി കാണപ്പെടുക. പിന്നീട് ശരത്കാലത്ത് ഇത് കടും ചുവപ്പ് നിറമായി മാറുന്നു. ഇതോടെ ബീച്ച് മുഴുവൻ ചുവന്ന് തുടുക്കും. ശൈത്യകാലം ആരംഭിക്കുമ്പോൾ ഈ ചെടിയ്ക്ക് പർപ്പിൾ നിറമാകുകയും ചെയ്യും.
കണ്ണെത്താ ദൂരത്തോളം നീണ്ടുനിൽക്കുന്ന റെഡ് ബീച്ചിലെത്തിയാൽ മറ്റൊരു ലോകത്ത് എത്തിയ അനുഭൂതിയാണ് ലഭിക്കുക. മാത്രമല്ല, റെഡ് ബീച്ച് ഒരു വന്യജീവി സങ്കേതം കൂടിയാണ്. അപൂർവ ഇനം പക്ഷികൾ ഉൾപ്പെടെ 260-ലധികം പക്ഷി ഇനങ്ങളുടെ ആവാസ കേന്ദ്രമാണിത്.