ഏഴാം ക്ലാസുകാരന് കമ്പം ഡ്രോൺ നിർമാണത്തിൽ

സ്വന്തം ഡ്രോൺ നിർമാണത്തിലൂടെ പ്രസിദ്ധിയിലേക്ക് പറന്നുയർന്ന ഏഴാം ക്ലാസുകാരൻ
പ്രസിദ്ധ്
പ്രസിദ്ധ്

അന്തിക്കാട്: മണലൂർ സ്വദേശിയും ഭാരതീയ വിദ്യാമന്ദിറിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ പ്രസിദ്ധിന് ഡ്രോൺ നിർമാണത്തിലാണ് കമ്പം. യൂട്യൂബിൽ നിന്ന് ഡ്രോൺ നിർമിതിയുടെ വിദ്യ അവൻ സൂക്ഷ്മതയോടെ നോക്കി പഠിച്ചു. ആവശ്യം വേണ്ട സാമഗ്രികൾ വാങ്ങി അസംബിൾ ചെയ്തു നിർമിച്ചപ്പോൾ അവന്‍റെ കൊച്ചുമനസിൽ മൊട്ടിട്ട ആഗ്രഹങ്ങളും ചിറകു വിടർത്തി ആകാശത്തേക്കു പറന്നുയർന്നു. ആഗ്രഹം സഫലീകരിച്ചതിനാൽ തന്‍റെ പേരിനെ അന്വർഥമാക്കി പ്രസിദ്ധനായിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

മണലൂർ ബാങ്ക് സെന്‍ററിനു സമീപം റിട്ട. കെഎസ്ഇബി ജീവനക്കാരനായ കാട്ടിക്കോവിൽ പ്രകാശൻന്‍റേയും സുനന്ദയുടെ രണ്ടു മക്കളിൽ ഇളയവനാണ് പ്രസിദ്ധ്. ഡ്രോണിന്‍റെ നിർമിതിക്കാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും പറപ്പിക്കുന്നതിനുള്ള പ്രൊപ്പല്ലറുകളും ഇതു നിയന്ത്രിക്കുന്നതിനുള്ള റിമോട്ട് നിർമ്മാണത്തിനുള്ള സാമഗ്രികളുമെല്ലാം പ്രസിദ്ധ് തന്നെയാണ് സൂക്ഷ്മതയോടെ മനസിലാക്കി ഇതിന്‍റെ നിർമാണം നടത്തിയിട്ടുള്ളത്. ഏകദേശം 3000 രൂപയോളം ചെലവിൽ തീരെ ചെറിയ ഡ്രോണാണ് പ്രസിദ്ധ് ഇപ്പോൾ രൂപകല്പന നടത്തിയിട്ടുള്ളത്. ക്യാമറ കൂടി ഘടിപ്പിക്കുകയാണെങ്കിൽ ഇതുപയോഗിച്ച് ആകാശതലത്തിൽ നിന്നുള്ള ദൃശ്യങ്ങളും പകർത്താൻ കഴിയും.

ഇപ്പോഴത്തെ ഡ്രോണിന്‍റെ നിർമാണത്തിൽ മാതാപിതാക്കളിൽ നിന്നു നല്ല സഹകരണം ലഭിച്ചുവെങ്കിലും പുറമെ നിന്നുണ്ടായ പരിഹാസ രൂപത്തിലുള്ള പ്രതികരണത്തിൽ നിന്നാണ് ഇത് വളരെ പെട്ടെന്നു തന്നെ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കാനുള്ള പ്രധാന കാരണമെന്ന് പ്രസിദ്ധ് പറയുന്നു. നല്ല ഒരു ചിത്രകാരൻ കൂടിയായ പ്രസിദ്ധ് ഇതു കൂടാതെ സൈക്കിളിന്‍റെ ഡൈനാമോയും ക്രിസ്മസ് നക്ഷത്രവുമൊക്കെ നിർമിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.

സ്വന്തമായി നിർമിച്ച ഡ്രോണുമായി പ്രസിദ്ധ്
സ്വന്തമായി നിർമിച്ച ഡ്രോണുമായി പ്രസിദ്ധ്

ഇപ്പോൾ ഉണ്ടാക്കിയ ഡ്രോണിന് അധികം ഉയരത്തിൽ പറക്കുന്നതിനുള്ള ശേഷി കുറവാണ്. എങ്കിലും അതിനാവശ്യമായ കൂടുതൽ ശേഷിയുള്ള സാമഗ്രികൾ ഉപയോഗിച്ചാൽ ഈ കുറവും പരിഹരിക്കാനാകുമെന്ന് പ്രസിദ്ധ് പറഞ്ഞു. ബിഡിഎസ് വിദ്യാർഥിയായ പ്രണവ് സഹോദരനാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com