വെളിച്ചെണ്ണ വില കുതിച്ചുയരുന്നു: വിപണി കീഴടക്കി 'പൊടിക്കുപ്പികൾ'

വെളിച്ചെണ്ണ വില കുതിക്കുമ്പോള്‍ താളംതെറ്റുന്നത് കുടുംബ ബജറ്റ് മാത്രമല്ല, ഹോട്ടല്‍, കാറ്ററിംഗ്, ചെറുകിട പലഹാരക്കടകളുടെ ബജറ്റുകള്‍ കൂടിയാണ്
Coconut oil 200 g bottles

ചെറിയ അളവിലുള്ള വെളിച്ചെണ്ണ കുപ്പികൾ വിപണിയിൽ സജീവം

പ്രതീകാത്മക ചിത്രം - freepik.com

Updated on

സ്വന്തം ലേഖകൻ

കോതമംഗലം: വെളിച്ചെണ്ണ വില കുതിച്ചുയരുന്നതോടെ സാധാരണക്കാരുടെ അടുക്കള മോഹങ്ങള്‍ക്ക് സഹായകമായി 200 ഗ്രാം വെളിച്ചെണ്ണക്കുപ്പിയും വിപണിയില്‍ സജീവമാകുന്നു. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് വ്യാഴാഴ്ചത്തെ വില 425 രൂപയാണ്. ഒരു കിലോ വെളിച്ചെണ്ണക്ക് 460 രൂപയും. ഇതോടെ സാധാരണക്കാര്‍ക്ക് വെളിച്ചെണ്ണ വാങ്ങാന്‍ നിര്‍വാഹമില്ലാതായതോടെയാണ് ഒട്ടുമിക്ക വെളിച്ചെണ്ണ നിര്‍മാതാക്കളും 200 ഗ്രാം കുപ്പികൾ വിപണിയില്‍ എത്തിച്ചത്.

200 ഗ്രാം വെളിച്ചെണ്ണക്ക് ഇപ്പോള്‍ നൂറുരൂപയാണ് വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെളിച്ചെണ്ണ വില വര്‍ധന 50 രൂപയ്ക്കു മുകളിലാണ്. പ്രാദേശികമായി വെളിച്ചെണ്ണ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളാണ് ഇപ്പോൾ കൂടുതലായി ചെറിയ കുപ്പികൾ രംഗത്തിറക്കിയിട്ടുള്ളത്. സാധാരണക്കാര്‍ ഏറെയും ഇത്തരത്തില്‍ 200 ഗ്രാം വെളിച്ചെണ്ണ കുപ്പിയാണ് വാങ്ങുന്നതെന്ന് അടിവാട് അല്‍കാസ് ചെറുകിട വെളിച്ചെണ്ണ വ്യാപാരി അജില്‍സ് ഒ. ജമാല്‍ പറഞ്ഞു.

വെളിച്ചെണ്ണ വില കുതിക്കുമ്പോള്‍ താളംതെറ്റുന്നത് കുടുംബ ബജറ്റ് മാത്രമല്ല, ഹോട്ടല്‍, കാറ്ററിംഗ്, ചെറുകിട പലഹാരക്കടകളുടെ ബജറ്റുകള്‍ കൂടിയാണ്. പ്രതിസന്ധി മറികടക്കാന്‍ ഭക്ഷ്യവിഭവങ്ങളുടെ വില വര്‍ധിപ്പിക്കേണ്ട അവസ്ഥയാണെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. എണ്ണയില്‍ വറുത്തെടുക്കുന്ന ചിപ്‌സ് വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഒരു കിലോ തേങ്ങയുടെ വില 85 രൂപ കടന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com