
ന്യൂഡൽഹി: പൊതുവേ പ്രായമേറിയവരിൽ കണ്ടുവരുന്ന നേത്രരോഗമായ തിമിരം 45 വയസിൽ താഴെയുള്ളവരിൽ വ്യാപകമായിത്തുടങ്ങിയെന്ന് ഡൽഹിയിലെ ചില നേത്രരോഗ ആശുപത്രികൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ്-19 അനന്തര ഫലമാണിതെന്ന് പ്രാഥമിക വിലയിരുത്തൽ.
കണ്ണിന്‍റെ ലെൻസിൽ മങ്ങലുണ്ടാകുന്ന അവസ്ഥയാണ് തിമിരം. രക്താതിസമ്മർദം, എസീമ, പ്രമേഹം, സ്റ്റിറോയ്ഡുകളുടെ സ്ഥിരമായ ഉപയോഗം, കണ്ണിനുണ്ടായിട്ടുള്ള ക്ഷതം, പാരമ്പര്യം എന്നിവയാണ് തിമിരത്തിനു പ്രധാന കാരണങ്ങൾ. ഇതെല്ലാം പൊതുവേ പ്രായമേറിയവരിലാണ് കണ്ടുവന്നിരുന്നത്.
എന്നാൽ, ഇപ്പോൾ നടത്തുന്ന തിമിര ശസ്ത്രക്രിയകളിൽ 15 ശതമാനവും 45 വയസിൽ താഴെയുള്ളവർക്കാണെന്ന് സെന്‍റർ ഫോർ സൈറ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസിന്‍റെ ചെയർമാനും മെഡിക്കൽ ഡയറക്റ്ററുമായ ഡോ. മഹിപാൽ എസ്. സച്ച്ദേവ് ചൂണ്ടിക്കാട്ടുന്നു. 25% ശസ്ത്രക്രിയകളും 50 വയസിനു താഴെയുള്ളവർക്കാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് ബാധിച്ചവർക്ക് നൽകിയ ഉയർന്ന ഡോസിലുള്ള സ്റ്റിറോയ്ഡ് ചികിത്സ ഇതിനൊരു പ്രധാന കാരണമാകാമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
വെള്ളെഴുത്തും പ്രമേഹവും തിമിരത്തിലേക്കു നയിക്കുന്ന മറ്റു ഘടകങ്ങളാണ്. ഇതു രണ്ടും ഇപ്പോൾ പ്രായം കുറഞ്ഞവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്.
ലോകവ്യാപകമായി 60 വയസിനു മേൽ പ്രായമുള്ളവരിലാണ് തിമിരം അധികമായി കണ്ടുവരുന്നത്. ഈ സ്ഥാനത്താണ് ഇന്ത്യയി്ല് 45 വയസിനു താഴെയുള്ളവരിൽ ഇതു വ്യാപകമാകുന്നതെന്ന് ഡോക്റ്റർമാർ ചൂണ്ടിക്കാട്ടുന്നു.