ക്രോക്സാണോ സ്ഥിരം ഉപയോഗിക്കുന്നത്; പണി കിട്ടും!

യഥാർഥത്തിൽ വാട്ടർപ്രൂഫ് ബോട്ടിങ് ഷൂസായി രൂപകൽപ്പന ചെയ്തവയാണ് ക്രോക്സുകൾ
crocs footwear usage issues

ക്രോക്സാണോ സ്ഥിരം ഉപയോഗിക്കുന്നത്; പണി കിട്ടും!

Updated on

പ്രത്യേക രൂപകൽപ്പനയിലുള്ള ക്രോക്സുകൾ ഇന്ന് നമ്മുടെയെല്ലാം പ്രിയപ്പെട്ട ചെരുപ്പുകളാണ്. കാണാൻ ഭംഗിയുമുണ്ട്, ഉപയോഗിക്കാൻ സൗകര്യപ്രദവുമാണ്. അതു കൊണ്ടു തന്നെ വേഗത്തിൽ തന്നെ ക്രോക്സുകൾ ഫാഷൻ ലോകത്ത് തരംഗമായി മാറി. മഴയത്തും വെയിലത്തും ഒരു പോലെ ഉപയോഗിക്കാം. ഷൂസുകൾ പോലെ ദുർഗന്ധമില്ല, എളുപ്പത്തിൽ വൃത്തിയാക്കാനുമാകും. ‌സ്ത്രീ പുരുഷ ഭേദമില്ലാതെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ക്രോക്സുകളുടെ ആരാധകരായി മാറിയതിന്‍റെ കാരണവും ഇതൊക്കെ തന്നെയാണ്.

വളരെ ഭാരം കുറഞ്ഞതും മൃദുവായതുമായ മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതിൽ സുഖകരമായി ഉപയോഗിക്കാനാവും എന്നതാണ് ക്രോക്ക്സുകളുടെ പ്രധാന സവിശേഷത.

കാനഡയിലെ ഫോം ക്രിയേഷൻ കമ്പനിയിലെ ആൻഡ്രൂ റെഡ്ഡിഹോഫാണ് ക്രോക്സിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ആദ്യ കാഴ്ചയിൽ പലരും അത്ര നല്ലതല്ലെന്ന് വിലയിരുത്തിയെങ്കിലും പിന്നീടിത് ഫാഷൻ ലോകത്തെ ഐക്കണായി മാറുകയായിരുന്നു.

ആദ്യ കാലത്ത് ക്രോക്സുകൾ വിപണിയിലെത്തിയപ്പോൾ അതിന്‍റെ വില സാധാരണക്കാർക്ക് താങ്ങാനാകുന്നതായിരുന്നില്ല. എന്നാൽ പിന്നാലെ തന്നെ ക്രോക്സിന്‍റെ വ്യാജൻ വിപണികളിൽ സുലഭമായി. ചെറിയ വിലയിൽ ക്രോക്സ് ലഭിച്ചു തുടങ്ങിയതോടെ ജനപ്രിയതയും വർധിച്ചു.

എന്നാൽ ക്രോക്സുകൾ ദൈംദദിന ഉപയോഗത്തിന് അനുയോജ്യമല്ലെന്ന് ആർക്കൊക്കെ അറിയാം!

യഥാർഥത്തിൽ വാട്ടർപ്രൂഫ് ബോട്ടിങ് ഷൂസായി രൂപകൽപ്പന ചെയ്തവയാണ് ക്രോക്സുകൾ. ബീച്ച്, കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വിധം നോൺ സ്ലിപ്പ് സോണുകളും ഫോം മെറ്റീരിയലുകളും ഇവയിലുണ്ട്.

എന്നാലിപ്പോൾ ആളുകൾ സ്വഭാവികമായി എല്ലാ സാഹചര്യങ്ങളിലും ക്രോക്സുകൾ ഉപയോഗിച്ചു തുടങ്ങി. ക്രോക്സുകൾ കാലുകൾക്ക് തീരെ സുരക്ഷ നൽകുന്നില്ലെന്നതാണ് വാസ്തവം. ഇവയുടെ ദീർഘകാലമായ ഉപയോഗം കാലുകൾക്ക് വേദനയും പ്രശ്നങ്ങളുമുണ്ടാക്കും.

ക്രോക്സ് ധരിക്കുമ്പോൾ വിരലുകൾ ചേർന്ന് ചലിക്കാനാവാതെ ഇരിക്കുന്നത് കാലിന് നല്ലതല്ല. ഇത് കാല് വേദനയിലേക്ക് നയിക്കും. ഇതിനെ രൂപ കൽപ്പന മൂലം ആളുകളിൽ ഫ്ലാറ്റ് ഫൂട്ട് (flat foot - പരന്ന പാദം) ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

ക്രോക്സ് കുട്ടികളിൽ ഉപയോഗിക്കുമ്പോഴുള്ള പ്രധാന ആശങ്കകളിലൊന്ന് അവയുടെ കുറഞ്ഞ ആർച്ച് സപ്പോർട്ടാണ്. കുട്ടികളുടെ പാദങ്ങൾ എപ്പോഴും വളരുകയും വികസിക്കുകയും ചെയ്യുന്നതിനാൽ, ശരിയായ വിന്യാസം നിലനിർത്തുന്നതിനും പാദ പ്രശ്നങ്ങൾ തടയുന്നതിനും ശരിയായ ആർച്ച് സപ്പോർട്ട് നിർണായകമാണ്. ഇത് ഇല്ലാത്തതിനാൽ അസ്വസ്ഥത, വേദന, ദീർഘകാല പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

ക്രോക്സുകൾ ഹീൽസ് സ്റ്റെബിലിറ്റി നൽകുന്നില്ല എന്നതിനാൽ തന്നെ വീഴാനുള്ള സാധ്യതയുണ്ട്. ഓടുക, ചാടുക തുടങ്ങിയവ ചെയ്യേണ്ട സാഹചര്യങ്ങളിൽ ക്രോക്സുകൾ‌ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയുടെ നിർമാണം വളരെ കനം കുറഞ്ഞതായതിനാൽ തന്നെ പരുക്കുകൾ പറ്റാനുള്ള സാധ്യതയും ഏറെയാണ്. ക്രോക്സുകൾ ധരിച്ച് സ്ഥിരമായ നടപ്പ്, ഓട്ടം, അല്ലെങ്കിൽ അമിതഭാരം എന്നിവ ഉപ്പൂറ്റി വേദനയിലേക്ക് നയിക്കും.

ക്രോക്സുകളുടെ ഇടയ്ക്കിടെയുള്ള ഉപയോഗം പൊതുവെ സുരക്ഷിതമാണ്, എന്നാൽ, ദീർഘകാല ഉപയോഗത്തിന് പൊതുവെ സപ്പോർട്ടീവ് പാദരക്ഷകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം എന്നു ചുരുക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com