പൂനം പാണ്ഡെ
പൂനം പാണ്ഡെ

പൂനം പാണ്ഡെയുടെ 'വ്യാജ മരണം': ഒരു ഓർമപ്പെടുത്തൽ

ബോളിവുഡ് നടി പൂനം പാണ്ഡെയുടെ അകാല മരണം സംബന്ധിച്ച വ്യാജ വാർത്ത, സെർവിക്കൽ ക്യാൻസറിന്റെ ഭീഷണി; മാരക രോഗം മുൻകൂട്ടി തിരിച്ചറിയാം, പ്രതിരോധിക്കാം, വാക്സിനും ലഭ്യം.

റീന വർഗീസ് കണ്ണിമല

ബോളിവുഡ് മോഡലും നടിയുമായിരുന്ന പൂനം പാണ്ഡെ തന്‍റെ 32ാം വയസിൽ മരിച്ചെന്നൊരു വ്യാജ വാർത്ത അവർ തന്നെ പ്രചരിപ്പിച്ചു. സെർവിക്കൽ ക്യാൻസറാണ് മരണകാരണമായി പറഞ്ഞിരുന്നത്. അടുത്ത കാലത്തു മാത്രമാണ് അവർക്കു രോഗം സ്ഥിരീകരിച്ചതെന്നും അപ്പോഴേയ്ക്കും ചികിത്സിച്ചു ഭേദപ്പെടുത്താനാകാത്ത വിധം അവസാന ഘട്ടത്തിലെത്തിയിരുന്നെന്നുമാണ് പൂനത്തിന്‍റെ പിആർ ടീം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

മരണ വാർത്ത വ്യാജമായിരുന്നു എന്ന് പൂനം തന്നെ തൊട്ടടുത്ത ദിവസം സമ്മതിച്ചെങ്കിലും, ഇതൊരു വലിയ വെളിപ്പെടുത്തലായിരുന്നു. ഇന്ത്യൻ പെൺകുട്ടികളുടെ ആയുസ് കവർന്നെടുക്കുന്ന ഈ മാരകരോഗത്തെ കൂടുതൽ അറിയേണ്ടതിന്‍റെയും ചെറുക്കേണ്ടതിന്‍റെയുമൊക്കെ ആവശ്യകതയിലേക്കുള്ള ചൂണ്ടുപലകയാണ് ഈ വാർത്ത.

സെർവിക്കൽ ക്യാൻസർ ഏറ്റവും കൂടുതൽ ഇന്ത്യയിൽ

ഇന്ത്യൻ സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് സെർവിക്കൽ ക്യാൻസർ. ലോകാരോഗ്യ സംഘടന ഫെബ്രുവരി 1ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ 17.7 ശതമാനമാണ്. ഓരോ എട്ടു മിനിറ്റിലും ഇന്ത്യയിൽ സെർവിക്കൽ ക്യാൻസർ ഓരോ സ്ത്രീയുടെ ജീവനെടുക്കുന്നു എന്നാണ് കണക്ക്. എന്നു വച്ചാൽ ലോകത്തിൽ സെർവിക്കൽ ക്യാൻസർ രോഗികളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന്!

മറ്റു ക്യാൻസർ വൈറസുകളിൽ നിന്നു വ്യത്യസ്തമയി ഹ്യൂമൻ പാപ്പിലോമ എന്ന വൈറസ് ഉണ്ടാക്കുന്ന അണുബാധയാണ് സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നത്. നമ്മുടെ ശരീരത്ത് അരിമ്പാറയുണ്ടാക്കുന്ന ഈ വൈറസ് 120ലധികം തരത്തിലുണ്ട്. ഇതിൽ അത്യപകടകാരികളായ 14 തരമുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് 16, 18, 6, 11 എന്നിവയാണ് സെർവിക്കൽ ക്യാൻസർ ഉണ്ടാക്കുന്ന അപകടകാരികൾ.

അണുബാധ രോഗമായി മാറാൻ 10 വർഷം

സർവസാധാരണമായി കാണപ്പെടുന്ന എച്ച്പിവി കൂടുതലായി കാണപ്പെടുന്നത് ലൈംഗിക ബന്ധം ഉണ്ടായിക്കഴിഞ്ഞാണ്. 50 വയസാകുമ്പോഴേക്കും 80 ശതമാനം സ്ത്രീകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാകും. എന്നാൽ, എച്ച്പിവി അണുബാധ ഉണ്ടായിട്ടുള്ള എല്ലാവർക്കും സെർവിക്കൽ ക്യാൻസർ ഉണ്ടാകുന്നില്ല. 85 ശതമാനം പേരിലും ഈ അണുബാധ രണ്ടു വർഷത്തിനിടയ്ക്ക് മാറുമെങ്കിലും 15 ശതമാനം പേരിൽ ഈ അണുബാധ നിലനിൽക്കും. ഇതിൽ അഞ്ച് ശതമാനം പേർക്ക് ക്യാൻസറിനു മുന്നോടിയായുള്ള കോശവ്യതിയാനങ്ങൾ ഉണ്ടാകാം. വർഷങ്ങളോളം നിലനിൽക്കുന്ന ഈ കോശവ്യതിയാനങ്ങൾ സെർവിക്കൽ ഇന്‍ട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (സിഐഎൻ) എന്നറിയപ്പെടുന്നു.

സെർവിക്കൽ ഇന്‍ട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ ക്യാൻസറായി മാറുന്നതിന് പത്തു വർഷത്തോളമെടുക്കും. ഈ കാലയളവിൽ ഈ കോശ വ്യതിയാനങ്ങൾ കണ്ടുപിടിച്ചു ഫലപ്രദമായ ചികിത്സ നൽകിയാൽ സെർവിക്കൽ ക്യാൻസറിനെ ഫലപ്രദമായി പ്രതിരോധിക്കാനാകും.

സെർവിക്കൽ ക്യാൻസർ കൂടുതലായി കണ്ടു വരുന്നത് ഇങ്ങനെ:

  • പതിനെട്ടു വയസിനു മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പെൺകുട്ടികൾ: ഇവരിൽ പ്രത്യുത്പാദനാവയവങ്ങൾ പൂർണ വളർച്ച എത്തിയിട്ടുണ്ടാകില്ല. അതിനാൽത്തന്നെ വൈറസ് ബാധ കോശങ്ങളിൽ ഉണ്ടാക്കുന്ന വ്യത്യാസങ്ങൾ അതി തീവ്രമായിരിക്കും.

  • കൂടുതൽ പ്രസവിക്കുന്നവർ

  • ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ

  • പങ്കാളിയായ പുരുഷൻറെ പരസ്ത്രീ ബന്ധം

  • രോഗപ്രതിരോധ ശേഷി കുറഞ്ഞവരും എഐവി അണുബാധയുള്ളവരും

ലക്ഷണങ്ങൾ

തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണാറില്ല. എന്നാൽ, അമിതമായ വെള്ളപോക്ക്, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമുള്ള രക്തക്കറ, മാസമുറ അല്ലാതെ ഇടയ്ക്കു വരുന്ന രക്തസ്രാവം, ആർത്തവ വിരാമം വന്നതിനു ശേഷമുള്ള രക്തസ്രാവം എന്നിവയെല്ലാം സെർവിക്കൽ ക്യാൻസർ/സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോ പ്ലാസ ലക്ഷണങ്ങളാണ്.

പ്രതിരോധം

പാപ്സ്മിയർ പരിശോധനയിലൂടെ ഇതു കണ്ടു പിടിക്കാവുന്നതേയുള്ളു. ലളിതവും വേദനാരഹിതവുമായ ഈ ടെസ്റ്റ് വഴി എടുക്കുന്ന കോശങ്ങളെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച് കോശവ്യതിയാനങ്ങൾ മനസിലാക്കാം. യുവത്വത്തിലേക്കു കാലെടുത്തു വയ്ക്കുന്ന പെൺകുട്ടികളിൽ 20 വയസു മുതൽ ഈ ടെസ്റ്റ് മൂന്നു മുതൽ അഞ്ചു വർഷത്തിനിടയ്ക്ക് ചെയ്തു നോക്കുന്നത് സെർവിക്കൽ ക്യാൻസർ പ്രതിരോധം എളുപ്പമാക്കും.

ഇന്ത്യയുടെ സ്വന്തം വാക്സിൻ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാർന്നു തിന്നുന്ന സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിനായി ഇന്ത്യ ഉൽപാദിപ്പിച്ചിരിക്കുന്ന എച്ച്പിവി വാക്സിനാണ് സെർവാവാക്(Cervavac). ഇത് 9-14 വയസു വരെയുള്ള കുട്ടികൾക്കായുള്ളതാണ്. നിലവിൽ ഒരു ഡോസിന് 2000 രൂപയ്ക്ക് ഇത് ഇന്ത്യയിലെമ്പാടും ലഭ്യമാണ്. ഈ ക്വാഡ്രിവാലന്‍റ് വാക്സിനുകൾ സെർവിക്കൽ ക്യാൻസറിനു കാരണമാകുന്ന ഏറ്റവും അപകടകാരികളായ എച്ച്പിവി 16, 18, 6, 11 എന്നിവയുടെ പ്രവേശനത്തെ തടയുന്നു. ഈ അപകടകാരികളായ വൈറസുകളെ പ്രതിരോധിക്കുന്നതിലൂടെ തന്മൂലം ഉണ്ടാകാവുന്ന അണുബാധകളും ജനനേന്ദ്രിയ അരിമ്പാറകളും ഭാവിയിൽ സംഭവിക്കാവുന്ന സെർവിക്കൽ ക്യാൻസറും തടയുന്നു.

എച്ച്പിവിവാക്സിനേഷൻ പ്രോഗ്രാമുകളുള്ള നൂറിലധികം രാജ്യങ്ങളിൽ സെർവിക്കൽ ക്യാൻസർ കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. ​2020ലും 2021ലും, സ്വീഡനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമുള്ള പഠനങ്ങൾ, കൗമാരപ്രായത്തിലുള്ള വാക്സിനേഷൻ 30 വയസിൽ 85 ശതമാനത്തിലധികം സെർവിക്കൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com