

പ്രമേഹരോഗികൾക്ക് മാങ്ങ കഴിക്കാം, പക്ഷേ ശ്രദ്ധിക്കണം
പ്രതീകാത്മക ചിത്രം
മാങ്ങയോട് എല്ലാവർക്കും പ്രത്യേക ഇഷ്ടമാണ്. മാങ്ങാക്കാലം തുടങ്ങുന്നതോടെ പലരുടേയും വീട്ടിൽ ദിവസം മുഴുവൻ മാങ്ങ തന്നെയായിരിക്കും. എന്നാൽ പ്രമേഹരോഗിയായാൽ പിന്നെ മാങ്ങ ഒന്നു രുചിച്ചു നോക്കാൻ പോലും സാധിക്കില്ല. മാങ്ങയിലുള്ള ഉയർന്ന പഞ്ചസാരയെ ഭയന്നാണ് പലരും മാങ്ങയോട് മുഖംതിരിക്കാൻ നിർബന്ധിതരാവാറുള്ളത്. എന്നാൽ മാങ്ങയെ പൂർണമായി ഒഴിവാക്കേണ്ടതില്ല എന്നാണ് പ്രമുഖ ഡയബെറ്റോളജിസ്റ്റായ ഡോ. അനൂപ് മിശ്ര പറയുന്നത്.
ഡോക്‌ടർ വേഴ്സസ് ദി ഇന്‍റർനെറ്റ് എന്ന പോഡ്കാസ്റ്റിലൂടെയായിരുന്നു പ്രതികരണം. പ്രമേഹമുള്ളവർ മാങ്ങ പൂർണമായി ഒഴിവാക്കേണ്ടെന്നും മറ്റ് കാർബോഹൈഡ്രേറ്റുകൾക്ക് പകരമായി മാങ്ങ കഴിക്കാം എന്നുമാണ് ഡോക്‌ടർ പറയുന്നത്. ഒരു പഠനത്തിൽ ബ്രേക്ഫാസ്റ്റിന് ബ്രെഡിന് പകരമായി 250 ഗ്രാം മാങ്ങ നൽകിയപ്പോൾ രക്തസമ്മർദ്ദത്തിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ത്യൻ വെറൈറ്റികളായ ലാൻഗ്ര, ദശേരി, ബംഗനപ്പള്ളി എന്നീ മാങ്ങകളാണ് പഠനത്തിനായി ഉപയോഗിച്ചത്.
റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾക്ക് പകരമായി മിതമായി മാങ്ങ ഉപയോഗിക്കുന്നത് പ്രശ്നമല്ല. എന്നാൽ മാങ്ങ കഴിക്കുന്നതിൽ പ്രശ്നമില്ല എന്ന് കേൾക്കുന്നതോടെ ആളുകൾ നിയന്ത്രണമില്ലാതെ മാങ്ങ കഴിക്കുമെന്നും അവിടെയാണ് പ്രശ്നമെന്നും അനൂപ് മിശ്ര വ്യക്തമാക്കുന്നു. പ്രമേഹമുള്ളവരായാലും അല്ലാത്തവരായാലും 250 ഗ്രാം മാങ്ങ കഴിക്കുന്നതാണ് നല്ലത്. അമിതമായി മാങ്ങ കഴിക്കാൻ പാടില്ല. എത്ര കഴിക്കണം എന്നതിൽ നിയന്ത്രണം വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.