ദീപാവലിക്ക് അയോധ്യ ഒരുങ്ങി; തെളിയുന്നത് 28 ലക്ഷം ദീപങ്ങൾ

ദീപാവലി ഉത്സവത്തിനു മുന്നോടിയായി അയോധ്യയിൽ സരയൂ നദിയിലെ റാംകി പൗഡിയിലേക്കുള്ള 17 ഉപ റോഡുകൾ അടച്ചു
ദീപാവലിക്ക് അയോധ്യ ഒരുങ്ങി; തെളിയുന്നത് 28 ലക്ഷം ദീപങ്ങൾ | Ayodhya set for Diwali
ദീപാവലിക്ക് അയോധ്യ ഒരുങ്ങി; തെളിയുന്നത് 28 ലക്ഷം ദീപങ്ങൾ
Updated on

അയോധ്യ: ദീപാവലി ഉത്സവത്തിനു മുന്നോടിയായി അയോധ്യയിൽ സരയൂ നദിയിലെ റാംകി പൗഡിയിലേക്കുള്ള 17 ഉപ റോഡുകൾ അടച്ചു. ഈ റോഡുകൾക്ക് ഇരുപുറവും താമസിക്കുന്നവരുടെ പട്ടിക പൊലീസ് തയാറാക്കി. ഇവർക്കു മാത്രമാകും ദീപാവലി കഴിയുന്നതു വരെ ഇതുവഴി സഞ്ചാരാനുമതി. റാംപഥിന് ഇരുവശത്തുമുള്ള താമസക്കാരുടെ വിവരങ്ങളും ശേഖരിച്ചു. സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണം.

ഛോട്ടീ ദീപാവലി ദിനമായ ബുധനാഴ്ച 28 ലക്ഷം ദീപങ്ങൾ തെളിക്കാനാണു തീരുമാനം. ഇതു പുതിയ റെക്കോഡാണ്. പെട്ടികളിൽ ചെരാതുകളുമായി സരയൂ തീരത്തേക്കു വൊളന്‍റിയർമാർ നീങ്ങുന്ന കാഴ്ചയാണ് അയോധ്യയിലെമ്പാടും.

ദീപാവലിയുടെ ഭാഗമായ ദീപോത്സവ് തയാറാക്കുന്നതിനു പാസ് ഏർപ്പെടുത്തി. കടവുകളിൽ ഉദ്യോഗസ്ഥർക്കും വൊളന്‍റിയർമാർക്കും പ്രത്യേക പാസുള്ളവർക്കും മാത്രമാകും പ്രവേശനം. റാംകി പൗഡിയിലേക്കുള്ള ഉപറോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

ഓരോ ഉപ റോഡിലും ഒരു എസ്ഐയും നാലു കോൺസ്റ്റബിൾമാരും വീതം പരിശോധനയ്ക്കുണ്ടാകുമെന്ന് അയോധ്യ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്റ്റർ മനോജ് കുമാർ ശർമ അറിയിച്ചു. ദീപാവലി ദിനത്തിൽ ഈ റോഡുകൾക്ക് ഇരുപുറത്തെയും താമസക്കാർ വഴിയിലിറങ്ങരുതെന്നും വീടുകളുടെ മേൽക്കൂരയിൽ കയറരുതെന്നും നിർദേശമുണ്ട്.

കടുകെണ്ണ ഉപയോഗിച്ചാകും ദീപം തെളിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തിയശേഷമുള്ള ആദ്യ ദീപാവലിയാണിത്. യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റതോടെയാണ് അയോധ്യയിൽ ദീപോത്സവിനു തുടക്കമിട്ടത്. ഇത് എട്ടാമത്തെ ദീപോത്സവമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com