കേമൻ തന്നെ കുൽഫി; ആഗോള റാങ്കിങ്ങിൽ എട്ടാം സ്ഥാനം! Video
ലോകത്തിലെ ഏറ്റവും മികച്ച 50 ഫ്രോസൻ ഡിസർട്ടുകളുടെ പട്ടിക പുറത്തു വിട്ടപ്പോൾ നമുക്ക് പരിചിതമായ ഒരാളുണ്ട് കൂട്ടത്തിൽ. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മധുരപലഹാരമായ കുൽഫി. പട്ടികയിൽ എട്ടാം സ്ഥാനത്താണ് കുൽഫി. മറ്റു രാജ്യങ്ങളിലെ ജെലാറ്റോയോടും ഫ്രോസൻ യോഗർട്ടിനോടുമൊക്കെ കിടപിടിച്ച് പലരുടെയും കുട്ടിക്കാലം മനോഹരമാക്കിയ രുചിയാണ് കുൽഫി.
കുൽഫി എന്ന പേര് പേർഷ്യൻ വാക്കായ 'ക്വുൽഫി'യിൽ നിന്നാണ് വന്നത്. കുൽഫി തയാറാക്കുന്ന കോണുകളെ സൂചിപ്പിക്കുന്ന 'മൂടിയ പാത്രം' എന്ന അർഥത്തിൽ നിന്നാണ് കുൽഫിയുടെ ഉദ്ഭവം. മാമ്പഴം, പിസ്ത-ബദാം, മലായ്, ചോക്ലേറ്റ്, റോസ് തുടങ്ങി നിരവധി ഫ്ലേവറുകളിൽ കുൽഫി ഇന്ന് സുലഭമാണ്.
16ാം നൂറ്റാണ്ടിൽ മുഗൾ കാലഘട്ടത്തിലാണ് കുൽഫി പ്രചാരത്തിലെത്തുന്നത്. രാജകൊട്ടാരങ്ങളിലെ അടുക്കളകളിൽ കട്ടിയുള്ള പാൽ, ഡ്രൈ ഫ്രൂട്ട്സ്, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് ലോഹ കോണുകളിലാണ് ഇവ തണുപ്പിച്ചിരുന്നത്. ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്ന ഐസാണ് തണുപ്പിക്കാൻ ഉപയോഗിച്ചിരുന്നത്.
പാശ്ചാത്യ ഐസ്ക്രീമുകളിൽ നിന്ന് വ്യത്യസ്തമായി, കുൽഫി കടയാതെ ഉണ്ടാക്കുന്നതിനാൽ ഇവയ്ക്ക് കട്ടിയുള്ള, ക്രീമി പരുവം ലഭിക്കുന്നു. മലയാളികൾക്ക് പരിചിതമായ മിൽക്ക് ഷെയ്ക്ക് ലോക റാങ്കിങ്ങിൽ 26ാം സ്ഥാനത്തുണ്ട്. പ്രമുഖ ഫുഡ്&ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസാണ് പട്ടിക പുറത്തുവിട്ടത്.