

കരളിനെ കാപ്പി സംരക്ഷിക്കുമെന്ന് പുതിയ പഠനം
രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലം കരളിന്‍റെ ആരോഗ്യത്തിനും ഗുണകരമാകാമെന്ന് പുതിയ പഠനം. ഫാറ്റി ലിവർ, ലിവർ സിറോസിസ്, കരൾ കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കാൻ കാപ്പിക്ക് സഹായിക്കാനാകുമെന്ന് ഗവേഷകർ കണ്ടെത്തി. ലോകമെമ്പാടും ഏകദേശം 25 ശതമാനം ആളുകളെ ബാധിക്കുന്ന ഫാറ്റി ലിവർ രോഗം ഇന്ന് പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നായി മാറിയ സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ.
യുകെയിലെ ബയോബാങ്ക് പദ്ധതിയിൽ ഉൾപ്പെട്ട 3,54,957 പേരുടെ ആരോഗ്യവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പഠനം ആരംഭിക്കുമ്പോൾ ഇവരിൽ ആർക്കും സിറോസിസോ കരൾ കാൻസറോ ഉണ്ടായിരുന്നില്ല. തുടർന്ന് 13 വർഷത്തോളം ഇവരുടെ ആരോഗ്യനില നിരീക്ഷിച്ച് കാപ്പി കുടിക്കുന്ന ശീലവും കരൾ രോഗങ്ങളും തമ്മിലുള്ള ബന്ധം ഗവേഷകർ വിലയിരുത്തി.
പ്രതിദിനം അഞ്ച് കപ്പോ അതിലധികമോ കാപ്പി കുടിച്ചവരിൽ സിറോസിസ് ഉണ്ടാകാനുള്ള സാധ്യത 32 ശതമാനവും കരൾ കാൻസറിന്‍റെ സാധ്യത 47 ശതമാനവും കരൾ രോഗം മൂലമുള്ള മരണസാധ്യത 42 ശതമാനവും കുറവാണെന്ന് പഠനം കണ്ടെത്തി. കാപ്പി കുടിക്കാത്തവരുമായി താരതമ്യം ചെയ്താണ് ഈ കണക്ക്. അതേസമയം, ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നവർക്കും ചില ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും മികച്ച ഫലം മൂന്ന് മുതൽ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നവരിലാണ് കണ്ടത്.
കാപ്പിയിലുള്ള ക്ലോറോജെനിക് ആസിഡുകൾ, പോളിഫിനോളുകൾ തുടങ്ങിയ ആന്‍റിഓക്സിഡന്‍റുകളാണ് കരളിന് സംരക്ഷണം നൽകുന്നതെന്നാണ് വിലയിരുത്തൽ. ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ഫാറ്റി ലിവർ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങാനുള്ള സാധ്യത കുറയാം.
എംആർഐ പരിശോധനകളിൽ കാപ്പി കുടിക്കുന്നവരിൽ കരളിലെ കൊഴുപ്പും ഇരുമ്പിന്‍റെ അളവും കരൾവീക്കവും കുറവായതായി കണ്ടെത്തി. രക്തപരിശോധനകളിലും കരളിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രോട്ടീനുകൾ കൂടുതലും വീക്കത്തിനും മുറിവുകൾക്കും കാരണമാകുന്ന പ്രോട്ടീനുകൾ കുറവുമാണെന്ന് കണ്ടെത്തി. കഫീൻ മാത്രമല്ല, കാപ്പിയിലെ മറ്റ് പ്രകൃതിദത്ത ഘടകങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
എന്നിരുന്നാലും, ഈ പഠനം വ്യക്തികളെ നിരീക്ഷിച്ച് മാത്രമുള്ള പഠനമായതിനാൽ കാപ്പി നേരിട്ട് കരൾ രോഗങ്ങളെ തടയുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ശരീരഭാരം നിയന്ത്രിക്കുക, മദ്യപാനം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണത്തിലാക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതാണ് ഏറ്റവും പ്രധാനമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.