
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് റെക്കോഡ് വർധന. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 19.34 ശതമാനമാണ് വർധന.
ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തില്‍ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 133.81 ലക്ഷമായിരുന്നു. 25.88 ലക്ഷം സന്ദര്‍ശകരാണ് ഇക്കൊല്ലം വര്‍ധിച്ചത്. കൊവിഡിനു മുമ്പത്തെ കണക്കുകളില്‍ നിന്ന് 21.12 ശതമാനത്തിന്‍റെ വളര്‍ച്ചയും രേഖപ്പെടുത്തി.
ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവുമധികം എത്തിയത് എറണാകുളം (33,18,391) ജില്ലയിലാണ്. ഇടുക്കി (26,61,934), തിരുവനന്തപുരം (25,61,787), തൃശൂര്‍ (18,22,020), വയനാട് (12,87,166) എന്നിങ്ങനെയാണ് മറ്റു ജില്ലകള്‍.
ഈ വര്‍ഷം സെപ്റ്റംബര്‍ വരെ വിദേശസഞ്ചാരികളുടെ വരവിലും കേരളം വര്‍ധന രേഖപ്പെടുത്തി. 4,47,327 വിദേശ സഞ്ചാരികളാണ് ഇക്കാലയളവില്‍ സംസ്ഥാനം സന്ദര്‍ശിച്ചത്.