ഏഷ്യൻ രാജ്യമായ യെമനിലെ അദ്ഭുത ദ്വീപാണ് സൊകോട്ര. നിവർത്തിയ കുടയുടെ ആകൃതിയുള്ള ഡ്രാഗൺ ബ്ലഡ് ട്രീയാണു സൊകോട്രയിലെ താരം. സാധാരണ മരങ്ങളുടെ കറ വെള്ള നിറത്തിലോ നിറമില്ലാതെയോ ആണെങ്കിൽ ഡ്രാഗൺ ബ്ലഡ് ട്രീയുടെ കറയ്ക്കു നിറം ചോരച്ചുവപ്പാണ്. സൊകോട്രയിൽ മാത്രമാണ് ഇത്തരം മരങ്ങൾ കാണപ്പെടുന്നത്. കൂണുകളുടെ ആകൃതിയിൽ വിരിഞ്ഞുനിൽക്കുന്നതാണ് ഈ മരങ്ങളുടെ ഇലകൾ. ചുഴലിക്കാറ്റുകൾ, ആടുകളുടെ അമിതമായ മേയൽ തുടങ്ങിയവ ഈ മരങ്ങളുടെ അതിജീവനത്തെ ബാധിക്കുന്നതാണ്. 825 സസ്യങ്ങളാണ് ഈ ദ്വീപിലുള്ളത്. തടിയൻ മരമായ കുക്കുംബർ ട്രീ, കുപ്പി പോലെയുള്ള പൂമരം ഡെസേർട് റോസ് തുടങ്ങിയവയും ഇതിലുൾപ്പെടും.
ചെറിയ കാലുകളും നീണ്ട ശരീരവുമായി പാമ്പിനെ അനുസ്മരിപ്പിക്കുന്ന പല്ലി, വിവിധ നിറങ്ങളിലെ ഞണ്ടുകൾ തുടങ്ങിയ വലിയ ജൈവവൈവിധ്യവും സൊകോട്രയിലുണ്ട്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാണ് ഇത്തരം എൻഡമിക് സ്പീഷീസുകൾക്കു കാരണം. യെമനിലെ ആഭ്യന്തര കലഹം വകവയ്ക്കാതെ പ്രതിവർഷം അയ്യായിരത്തോളം ടൂറിസ്റ്റുകളാണ് സൊകോട്രയിലെത്തുന്നത്. അതിനുള്ള പ്രധാനകാരണം ഡ്രാഗൺ ബ്ലഡ് കാണുക എന്നതാണ്. വിനോദസഞ്ചാരികൾ വന്നാൽ തദ്ദേശീയരായ ഗൈഡുകളുടെ സേവനം തേടണമെന്നും സൊകോട്രൻ കുടുംബങ്ങൾ നടത്തുന്ന ക്യാംപ്സൈറ്റുകളിൽ വസിക്കണമെന്നും ഇവിടെ ചട്ടമുണ്ട്.
ഇത് സൊകോട്രയിലെ ആളുകൾക്ക് വിദേശനാണ്യ രൂപത്തിൽ വരുമാനം നേടിക്കൊടുക്കുന്ന കാര്യമാണ്. ഈ മരങ്ങൾ നശിച്ചാൽ തദ്ദേശീയ സാമ്പത്തിക വ്യവസ്ഥയെ അതു തകിടം മറിക്കും. പരിസ്ഥിതിപരമായ ദൗത്യവും ഈ മരങ്ങൾക്കുണ്ട്. മഴ, മൂടൽമഞ്ഞ് തുടങ്ങിയവ ഇലകളാൽ പിടിച്ചെടുത്ത് മണ്ണിലെത്തിക്കുന്നതിൽ ഇവ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ഇത് മറ്റു ചെടികൾക്ക് ഗുണകരമാകും. ഇത്രയേറെ പ്രാധാന്യമുള്ള മരങ്ങളായതിനാൽ ഇവയെ സംരക്ഷിക്കണമെന്നു ലോകമെമ്പാടുനിന്നും പരിസ്ഥിതിവാദികളുടെ ആവശ്യം ഉയരുന്നുണ്ട്.
