
ടേസ്റ്റ് അറ്റ്‌ലസ് എന്ന ട്രാവൽ ഓൺലൈൻ ഗൈഡ് ലോകത്തെ ഏറ്റവും ഐതിഹാസികമായ 150 റസ്റ്ററന്‍റുകളുടെ പട്ടിക തയാറാക്കിയപ്പോൾ, മുംബൈയിലുള്ള റാംആശ്രയ എന്ന സ്ഥാപനവും അതിൽ ഇടംപിടിച്ചിരുന്നു. തനതായ പാചകവിധികൾക്കും പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾക്കും പ്രാധാന്യം നൽകിയ പട്ടികയിൽ റാംആശ്രയക്ക് ഇടം നേടിക്കൊടുത്തതോ, അവിടത്തെ പ്രശസ്തമായ ഉപ്പുമാവും. അതെ, നമ്മുടെ പാവം ഉപ്പുമാവ് തന്നെ.
റാംആശ്രയയിലെ പാരമ്പര്യ പാചകം അവിടെ നിൽക്കട്ടെ. രാവിലെ തിരക്കിട്ട് ജോലിക്കു പോകേണ്ടവർക്ക് വേഗത്തിൽ ഉണ്ടാക്കി കഴിക്കുകയോ കുട്ടികൾക്ക് കൊടുക്കുകയോ ഒക്കെ ചെയ്യാവുന്ന ഒരു സിമ്പിൾ ആൻഡ് പവർഫുൾ ബ്രേക്ക് ഫാസ്റ്റാണ് ഉപ്പുമാവ്.
ഉണ്ടാക്കാൻ എളുപ്പമായതുകൊണ്ടാണ് സിമ്പിൾ എന്നു പറഞ്ഞത്. പവർഫുൾ ആകാൻ കാരണം, അതിന്‍റെ പോഷക സമൃദ്ധി തന്നെ. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഉത്തമമാണ് കൊഴുപ്പ് കുറഞ്ഞ റവ കൊണ്ടുള്ള ഭക്ഷണം. ഊർജം നിലനിർത്താൻ കാർബോഹൈഡ്രേറ്റ്സ് ആവശ്യംപോലെ ഉണ്ടുതാനും.
ഇനി റവ ഉപ്പുമാവ് ഉണ്ടാക്കുന്നതിനുള്ള ലളിതമായ പാചകക്കുറിപ്പ് ഒന്നു നോക്കാം:
രണ്ടു പേര്‍ക്കുള്ള ഉപ്പുമാവിന് ആവശ്യമുള്ള സാധനങ്ങൾ
റവ ഒരു ഗ്ലാസ്
സവാള ഒരെണ്ണം
പച്ചമുളക് നാലെണ്ണം
ഇഞ്ചി ഒരു കഷണം
കറിവേപ്പില ഒരു കതിര്‍
കടുക് ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
സവാള ചെറുതായി അരിഞ്ഞ് എടുക്കുന്നതാണ് ഇതിൽ ഏറ്റവും 'കടുപ്പമേറിയ' ജോലി. പച്ചമുളകും ചെറുതായി തന്നെ അരിയണം. ഇഞ്ചിയും അങ്ങനെ തന്നെ.
വറുത്ത റവയാണു വാങ്ങിയതെങ്കില്‍ അതൊന്നു ഫ്രൈ പാനില്‍ ചൂടാക്കി എടുക്കണം. വറുത്തതല്ലെങ്കില്‍ പാന്‍ അടുപ്പത്ത് വച്ച് റവയിട്ട് തുടര്‍ച്ചയായി ഇളക്കിക്കൊടുക്കണം. ചെറിയ ബ്രൗണ്‍ കളറാകുമ്പോള്‍ തീയണയ്ക്കാം. പാനില്‍നിന്ന് റവ കടലാസിലേക്കോ മറ്റോ മാറ്റി പരത്തിയിടണം.
പാന്‍ അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിക്കുന്നതാണ് അടുത്ത പരിപാടി. ചൂടായി വരുമ്പോള്‍ കടുക് പൊട്ടിക്കുക. ഉടന്‍തന്നെ തീ കുറച്ച്, കറിവേപ്പില ഇടുക. പിന്നാലെ സവാള, ഇഞ്ചി, പച്ചമുളക് എല്ലാം ചേര്‍ത്ത് ഒന്ന് ഇളക്കുക, എല്ലാം വാടുന്നതു വരെ മാത്രം. പച്ചമുളകിന്‍റെ കളര്‍ മഞ്ഞയിലേക്കും ഉള്ളി ബ്രൗണിലേക്കും മാറുന്നുണ്ടോന്ന് നോക്കണം. മാറുമ്പോൾ അര ടീസ്പൂണ്‍ ഉപ്പിടാം. നന്നായി വാടുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. ഇനി തീ കൂട്ടി വയ്ക്കാം.
വെള്ളം തിളച്ചു വരുമ്പോള്‍ റവ കുറേശ്ശെ അതിലേക്കിടുക. ഇളക്കിക്കൊടുക്കുകയും വേണം. മുഴുവന്‍ റവയും ഇട്ടു കഴിഞ്ഞ് വീണ്ടും നന്നായി ഇളക്കുക. തീ കുറച്ച് വെള്ളം വറ്റിച്ച് ആവശ്യകത്തിനു ഡ്രൈ ആക്കിയെടുക്കാം. വറ്റിക്കുമ്പോള്‍ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കട്ടകള്‍ ഉടച്ചെടുക്കുന്നതോടെ ഉപ്പുമാവ് റെഡി.