പ്രകൃതിയുടെ അപൂർവ പ്രതിഭാസം: അനാർക്കലിക്ക് ഇരട്ടക്കുട്ടികൾ | Video

മധ്യ പ്രദേശിലെ പന്നാ കടുവ സംരക്ഷണ കേന്ദ്രത്തിൽ ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. അത്യപൂർവമായാണ് ആനയ്ക്ക് ഇരട്ടക്കുട്ടികൾ പിറക്കുന്നത്.

ഭോപ്പാൽ: പ്രകൃതിയുടെ അപൂർവ പ്രതിഭാസമായി പന്ന ടൈഗർ റിസർവിലെ അനാർക്കലി എന്ന 57 വയസുള്ള ആന ഇരട്ട പെൺകിടാങ്ങൾക്ക് ജന്മം നൽകി. സംരക്ഷിത വനമേഖലകളിൽ പോലും ഇരട്ട ആനക്കുട്ടികൾ ജനിക്കുന്നത് ലോകമെമ്പാടും വളരെ അസാധാരണമായ സംഭവമാണ്.

മൂന്ന് മണിക്കൂർ വ്യത്യാസത്തിൽ ജനനം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. മൃഗഡോക്റ്റർമാരുടെയും വന്യജീവി വിദഗ്ധരുടെയും മേൽനോട്ടത്തിലായിരുന്നു പ്രസവം. നിലവിൽ അമ്മയാനയും നവജാത ശിശുക്കളും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു.

ഇത് പ്രകൃതിയുടെ ഒരു അദ്ഭുതവും അപൂർവ സംഭവവുമാണ്- വന്യജീവി മൃഗഡോക്റ്റർ ഡോ. സഞ്ജീവ് കുമാർ ഗുപ്ത പറഞ്ഞു. പന്നാ ടൈഗർ റിസർവിന്‍റെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു ആന ഇരട്ടകൾക്ക് ജന്മം നൽകുന്നത്.

പ്രത്യേക പരിചരണവും ഭക്ഷണക്രമവും അനാർക്കലിക്കും നവജാത ശിശുക്കൾക്കുമായി പ്രത്യേക പരിചരണ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അനാർക്കലിക്ക് കഞ്ഞി, കരിമ്പ്, ശർക്കര, ശുദ്ധമായ നെയ്യ് ലഡ്ഡു എന്നിവ ഉൾപ്പെടെ ഉയർന്ന പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നു- പിടിആർ ഫീൽഡ് ഡയറക്ടർ നരേഷ് സിങ് യാദവ് അറിയിച്ചു. കുഞ്ഞുങ്ങളുടെ പരിചരണത്തിനായി ഒരു പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ഇരട്ടക്കുട്ടികളുടെ വരവോടെ റിസർവിലെ ആനകളുടെ എണ്ണം 21 ആയി വർധിച്ചു. റിസർവിലെ ഒരു സാധാരണ ആനയല്ല അനാർക്കലി. 1986ൽ റിസർവിലേക്ക് കൊണ്ടുവന്നത് മുതൽ വന സംരക്ഷണ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ ആന. കഴിഞ്ഞ ദശകങ്ങളിൽ ആറ് കിടാങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്.

വേട്ടക്കാർ, അനധികൃത മരം മുറിക്കുന്നവർ എന്നിവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഉടൻ പ്രതികരിക്കുകയും ചിലപ്പോൾ കല്ലെറിഞ്ഞ് അവരെ വിരട്ടി ഓടിക്കുകയും ചെയ്യാറുണ്ട് അനാർക്കലി. മഴക്കാലത്ത് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വനപാതകളിൽ കടുവകളെ ട്രാക്ക് ചെയ്യാനും, നിരീക്ഷണം നടത്താനും, വേട്ട തടയാനും, രക്ഷാ പ്രവർത്തനങ്ങൾ നടത്താനുമൊക്കെ അനാർക്കലിയെ പോലുള്ള ആനകളെ ഉപയോഗിച്ചു വരുന്നു.

ഇന്ത്യയിലെ 22ാമതും മധ്യപ്രദേശിലെ അഞ്ചാമത്തെയും കടുവാ സംരക്ഷണ കേന്ദ്രമാണ് വിന്ധ്യാ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന പന്നാ ടൈഗർ റിസർവ്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com