
കോട്ടയം: വാഗമണ്ണിൽ കാൻഡി ലിവർ മാതൃകയിലുള്ള ഏറ്റവും നീളം കൂടിയ ചില്ലുപാലത്തിൽ കയറാനുള്ള ഫീസ് കുറച്ചു. 500 രൂപയായിരുന്ന ഫീസ് 250 രൂപയാക്കി പുതുക്കി നിശ്ചയിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ചില്ലു പാലം വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. വാഗമണ്ണിലെ ചില്ലുപാലം ഇതിനോടകം തന്നെ വലിയ ആകർഷമായി മാറിക്കഴിഞ്ഞു. ഉദ്ഘാടനവേളയിലും, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും നിരവധിപേർ ചില്ലുപാലത്തിന്റെ പ്രവേശനഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണു 40 മീറ്റർ നീളത്തിൽ ചില്ലുപാലം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തോടെ അഡ്വഞ്ചർ പാർക്കിലാണിതു നിർമിച്ചിരിക്കുന്നത്.
ഒരേ സമയം 15 പേർക്ക് പാലത്തിൽ കയറാം. അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ പാലത്തിൽ നിൽക്കാൻ അനുവദിക്കും. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിലാണു പാലം നിർമിച്ചത്. മൂന്നു കോടി രൂപ ചെലവ്. 35 ടണ്‍ സ്റ്റീൽ പാലം നിർമാണത്തിന് ഉപയോഗിച്ചു. ഇതിൽ നിന്നാൽ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍വരെ കാണാന്‍ സാധിക്കും.