1000 മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കി സർക്കാർ മെഡിക്കൽ കോളെജ്

ചെലവേറിയ ഈ ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൂർണമായി സൗജന്യമായും, ഈ പദ്ധതിയിൽ ഉൾപ്പെടാത്ത രോഗികൾക്ക് വളരെ കുറഞ്ഞ ചെലവിലുമാണ് നടത്തുന്നത്.
എറണാകുളം മെഡിക്കൽ കോളെജ് 1000 മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി
എറണാകുളം മെഡിക്കൽ കോളേജ് അസ്ഥി രോഗ വിഭാഗം ടീം അംഗങ്ങൾ

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞ മുപ്പത് മാസത്തിനുള്ളിൽ ആയിരം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. ഒരേസമയം രണ്ടു മുട്ടും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളേജുകളിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രമാണുള്ളത്.

മറ്റ് ആശുപത്രികളിൽ പരാജയപ്പെട്ട ശസ്ത്രക്രിയകളും, വളരെ സങ്കീർണതകൾ നിറഞ്ഞ ഇടുപ്പെല്ല്, തോളെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയകരമായി നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പശ്ചാത്തല സൗകര്യ വികസനവും, രോഗികൾക്കുള്ള സേവനം മെച്ചപ്പെടുത്തിയതുമാണ് മുട്ട് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയക്ക് ഇത്രയേറെ വർധനയുണ്ടാകാൻ കാരണമെന്നു മെഡിക്കൽ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

ചെലവേറിയ ഈ ശസ്ത്രക്രിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൂർണമായി സൗജന്യമായും, ഈ പദ്ധതിയിൽ ഉൾപ്പെടാത്ത രോഗികൾക്ക് വളരെ കുറഞ്ഞ ചെലവിലുമാണ് നടത്തുന്നത്.

ഈ കഴിഞ്ഞ കാലയളവിൽ എറണാകുളം മെഡിക്കൽ കോളേജിൽ അസ്ഥി രോഗ വിഭാഗത്തിൽ രോഗികളുടെ വലിയ വർധനയാണ് ഉണ്ടായത്.

അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജോർജ്കുട്ടിയുടെയും, പ്രഗൽഭരായ ഡോക്റ്റർമാരുടെ മേൽനോട്ടത്തിൽ ദിവസേന പത്ത് മേജർ സർജറികളും,കൂടാതെ എമർജൻസി സർജറി, മൈനർ സർജറി എന്നിവയും നടത്തുന്നു. അസ്ഥിരോഗ വിഭാഗത്തിൽ നാനൂറിലധികം ആളുകളാണ് ദിവസേന ചികിത്സയ്ക്കെത്തുന്നത്. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് സേവനങ്ങൾ സാധാരണ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാൻ കഴിയുന്നു എന്നതാണ് മെഡിക്കൽ കോളേജിന്‍റെ ഈ മുന്നേറ്റത്തിന് കാരണം.

Trending

No stories found.

Latest News

No stories found.