നഷ്ടപ്രണയത്തിന്‍റെ ഓർമയ്ക്ക് ഒരു ഭക്ഷ്യവിഭവം: എക്സ് ബോയ്ഫ്രണ്ട്! Video
ഒരു പെൺകുട്ടി തന്‍റെ നഷ്ടപ്രണയവുമായി ബന്ധപ്പെട്ട ഒരു ഭക്ഷ്യ വിഭവം വൈറലാക്കിയാൽ അതിനിടാൻ പറ്റിയ ഏറ്റവും നല്ല പേര് എക്സ് ബോയ്ഫ്രണ്ട് എന്നു തന്നെയാവാം!
അങ്ങനെയൊരു റെസിപ്പിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സംഭവം അത്ര വെറൈറ്റിയൊന്നുമല്ല, ഒരു പാവം ബ്രഡ് ടോസ്റ്റ് മാത്രം. ഇതുണ്ടായതിനു പിന്നിലെ കഥയാണ് ഇതിനെ വൈറലാക്കുന്നത്.
ബ്രെഡ്ഡും ക്രീം ചീസും ബ്ലൂബെറി ജാമും മാത്രമാണ് ഇതിന് ആവശ്യമുള്ള ഘടകങ്ങൾ, അതെ വെരി സിമ്പിൾ.
കൊറിയയിലാണ് ഇതിനു പിന്നിലെ കഥ നടക്കുന്നത്. മുൻ കാമുകൻ ഉണ്ടാക്കിക്കൊടുത്തിരുന്ന വിഭവം കഴിക്കാൻ ആഗ്രഹം തോന്നിയ പെൺകുട്ടി അവനോടു തന്നെ അതു തയാറാക്കുന്ന വിധം ചോദിച്ചു. ബ്രേക്കപ്പ് അവസാനിപ്പിക്കാനുള്ള നമ്പറൊന്നുമല്ലെന്നു പ്രത്യേകം ഓർമിപ്പിച്ചുകൊകൊണ്ടായിരുന്നു ചോദ്യം.
ഈ ബ്രഡ് ടോസ്റ്റ് ഉണ്ടാക്കുന്ന വിധം വിവരിച്ചുകൊണ്ട് അവൻ മറുപടിയും കൊടുത്തു. പെൺകുട്ടി ഇത് അതേപടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഇതു ശ്രദ്ധിച്ച ഒരു സൂപ്പർ മാർക്കറ്റ്, ബോയ്ഫ്രണ്ട് സാൻഡ്‌വിച്ച് എന്ന പേരിൽ ഇതേ റെസിപ്പി ഉപയോഗിച്ച് ബ്രഡ് ടോസ്റ്റ് ഉണ്ടാക്കി വിൽക്കാൻ തുടങ്ങി.
കഥയും വൈറലായതോടെ ബോയ്ഫ്രണ്ട് സാൻഡ്‌വിച്ചിന്‍റെ വിളിപ്പേര് ക്രമേണ എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ് എന്നായി മാറുകയും ചെയ്തു. കൊറിയൻ ടിവി ചാനലുകൾ കൂടി ഏറ്റെടുത്തതോടെ ഇതു കൂടുതൽ പ്രസിദ്ധമായി.
ബട്ടർ പുരട്ടി ടോസ്റ്റ് ചെയ്ത ബ്രഡ്ഡിൽ നാല് ടേബിൾ സ്പൂൺ ക്രീം ചീസും രണ്ട് ടേബിൾ സ്പൂൺ ബ്ലൂബെറി ജാമും തേച്ച് 15-20 മിനിറ്റ് മൈക്രോവേവ്/എയർഫ്രൈ ചെയ്തെടുത്താൽ എക്സ് ബോയ്ഫ്രണ്ട് ടോസ്റ്റ് റെഡി!