ബിഗ് സല്യൂട്ട് ഫാദര്‍

ഫാദേഴ്‌സ് ഡേ പാശ്ചാത്യ ലോകത്ത് തുടങ്ങിയ ആഘോഷമാണെങ്കിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും ആഘോഷിച്ചുവരുന്നുണ്ട്
father's day

ബിഗ് സല്യൂട്ട് ഫാദര്‍

representative image

Updated on

"സൂര്യനായി തഴുകിയുറക്കമുണര്‍ത്തുന്ന അച്ഛനെയാണെനിക്കിഷ്ടം...'' എന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ കേള്‍ക്കുന്നവരുടെ മനസില്‍ അച്ഛനെക്കുറിച്ചു മിന്നിമറയുന്ന ഭാവങ്ങള്‍ എന്തായിരിക്കും. ചിലരുടെ മനസില്‍ അച്ഛന്‍ കരുത്താണ്, റോള്‍ മോഡലാണ്, ഹീറോയാണ്... ഇതൊന്നുമല്ലാതെ വിപരീത അനുഭവങ്ങളുള്ളവരുമുണ്ടെന്ന യാഥാര്‍ഥ്യം മറക്കുന്നില്ല. എങ്കിലും അച്ഛനോടോ അച്ഛനെപ്പോലെ വാത്സല്യവും കരുത്തും പിന്തുണയും നല്‍കിയ വ്യക്തികളോടോ സ്‌നേഹം പ്രകടിപ്പിക്കാന്‍, സമ്മാനങ്ങള്‍ നല്‍കാന്‍, അഭിനന്ദിക്കാന്‍ ഒരു ദിനം: ഫാദേഴ്‌സ് ഡേ.

ഫാദേഴ്‌സ് ഡേ പാശ്ചാത്യ ലോകത്ത് തുടങ്ങിയ ആഘോഷമാണെങ്കിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും ആഘോഷിച്ചുവരുന്നുണ്ട്. ഒരാളുടെ ജീവിതത്തില്‍ പിതാവ് വഹിക്കുന്ന പങ്ക് തിരിച്ചറിയുന്നതിനു പ്രത്യേക ദിവസമൊന്നും വേണ്ടെങ്കിലും സ്വന്തം കുടുബത്തിനും സമൂഹത്തിനും പിതാക്കന്മാര്‍ നല്‍കുന്ന സംഭാവനകളെ മാനിച്ച് അവരെ ആദരിക്കാ‌ൻ രാജ്യങ്ങള്‍ ഒരു ദിവസം നിശ്ചയിച്ചിരിക്കുകയാണ്. ഊഷ്മള ബന്ധങ്ങളെ തൊട്ടുണര്‍ത്തുന്ന ഒരു അവസരവുമായാണിതിനെ കണക്കാക്കുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഫാദേഴ്‌സ് ഡേയായി ആചരിക്കുന്നു. നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ ആഘോഷത്തിന്. പിതാക്കന്മാരെ അഭിവാദ്യമര്‍പ്പിച്ചും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും ഇത് തുടര്‍ന്നു പോരുന്നു. ഈ വര്‍ഷം ഫാദേഴ്‌സ് ഡേ ഇന്ന് ആഘോഷിക്കും.

ഒരു സ്ത്രീയുടെ മനസിൽ വന്ന ആശയത്തില്‍ നിന്നാണ് ഫാദേഴ്‌സ് ഡേയ്ക്ക് തടുക്കമായതെന്നതാണ് കൗതുകം. അമെരിക്കയിലെ വാഷിങ്ടണിലെ സൊനോറ സ്മാര്‍ട്ട് ഡോഡ് എല്ലാ പിതാക്കന്മാരും അമ്മമാരെപ്പോലെ ആദരിക്കപ്പെടേണ്ടതാണെന്ന് ചിന്തിച്ചതില്‍ നിന്നാണ് ഫാദേഴ്‌സ് ഡേയുടെ തുടക്കം. ഇതിന് അമ്മമാരുടെ ബഹുമാനാര്‍ത്ഥം ആഘോഷിച്ചിരുന്ന മാതൃദിനവും അവര്‍ക്കു പ്രേരണയായിട്ടുണ്ട്. ആറു മക്കളെ പോറ്റി വളര്‍ത്തിയ, അമെരിക്കന്‍ ആഭ്യന്തരയുദ്ധ സേനാനിയായിരുന്ന പിതാവ് വില്യം ജാക്സണ്‍ സ്മാര്‍ട്ടും ഈ അവസരത്തില്‍ സൊനോറയ്ക്ക് പ്രചോദനമായിട്ടുണ്ടാവും. സൊനോറയുടെ നിവേദനത്തെത്തുടര്‍ന്ന് വാഷിങ്ടണിൽ 1910 ജൂണ്‍ 19ന് ആദ്യമായി ഫാദേഴ്‌സ് ഡേ ആഘോഷിക്കപ്പെട്ടു. എല്ലാ രാജ്യങ്ങളിലും ഒരുപോലെയല്ല ഈ ദിനം ആഘോഷിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഫിജി എന്നിവ ഉള്‍പ്പെടുന്ന പസഫിക് രാജ്യങ്ങളില്‍ സെപ്റ്റംബറിലെ ആദ്യ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ.

ഫാദേഴ്‌സ് ഡേ വാണിജ്യവത്കരിക്കപ്പെട്ടത് ഗ്രേറ്റ് ഡിപ്രഷന്‍ എന്നറിയപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെയും രണ്ടാം ലോക മഹാ യുദ്ധത്തിന്‍റെയും കാലത്താണ്. അക്കാലത്ത് പിതാക്കന്മാര്‍ക്കു നല്‍കാനായി സമ്മാനങ്ങള്‍ ധാരാളമായി കുട്ടികള്‍ വാങ്ങിയത് വില്‍പ്പനക്കുറവു മൂലം ബുദ്ധിമുട്ടിയിരുന്ന വ്യാപാരികള്‍ക്ക് ആശ്വാസമാവുകയായിരുന്നു. പിതൃദിനങ്ങളില്‍ ജീവിത മുഹൂര്‍ത്തങ്ങളുമായി കോര്‍ത്തിണക്കിയ പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതും വിപണന തന്ത്രം തന്നെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com