ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്ക് മാത്രം മതിയോ?

പ്രസവരക്ഷയുടെ പേരിൽ ഉൾപ്പെടെ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ആവശ്യത്തിൽ കൂടുതൽ കലോറി കഴിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നുണ്ട്
Representative image
Representative image
Updated on

സകല കാര്യങ്ങളിലും സമത്വം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് മറന്നു പോകുന്ന ഒന്നാണ് സ്ത്രീകളുടെ ശരീരാരോഗ്യം. വിദ്യഭ്യാസ കാര്യത്തിലും തൊഴിലിടങ്ങളിലും തുടങ്ങി സകല മേഖലകളിലും സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ച് സംസാരിക്കുന്നവര്‍ അറിയാതെ വിട്ടു പോകുന്ന ഒരു കാര്യമാണിത്. 18 വയസ് കഴിയുന്നതു മുതല്‍ പുരുഷന്‍മാർ പലരും ശാരീരികാരോഗ്യം സംരക്ഷിക്കാന്‍ തുടങ്ങും. എന്നാല്‍ സ്ത്രീകള്‍ മാത്രം ഇത്തരം കാര്യങ്ങളില്‍ എന്തുകൊണ്ട് പിന്നോട്ടു പോകുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.

ശരീരഭാരം വര്‍ധിക്കുന്നവരുടെ കണക്കെടുത്താല്‍ എന്നും മുന്‍പന്തിയിലുള്ളത് സ്ത്രീകളാണ്. വിവാഹത്തിന് മുന്‍പാണെങ്കിലും ശേഷമാണെങ്കിലും ശരി വീട്ടുകാര്യങ്ങളും ജോലി സ്ഥലത്തെ കാര്യങ്ങളും മറ്റു കുടുംബകാര്യങ്ങളുമെല്ലാം നോക്കി നടത്തുന്ന സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്‍റെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടാറില്ല. ഇതിനു പുറമെയാണ് ഓരോ മാസത്തിലും ജീവിതത്തിലൂടെ കടന്നു പോകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍.

വിവാഹത്തിനു ശേഷമാണെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നേരിടുന്നതിനു പുറമെ ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍, മാസമുറയെ തുടര്‍ന്നുണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ സ്ത്രീകളെ സ്വന്തം ശരീരം നോക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. പുരുഷന്‍ ഒന്നു തടിക്കാനോ ശാരീരികാരോഗ്യം മോശമാകാനോ തുടങ്ങിയാല്‍ കുടുംബം മുഴുവന്‍ അവന്‍റെ ആരോഗ്യ കാര്യത്തില്‍ വേവലാതിപ്പെടാന്‍ തുടങ്ങും. എന്നാല്‍, സ്ത്രീകളുടെ ഇത്തരം പ്രശ്‌നങ്ങളൊന്നും കുടുംബത്തിനകത്തായാലും പുറത്തായാലും ചര്‍ച്ചയാകാറില്ലെന്നതാണ് വാസ്തവം.

ജിമ്മില്‍ പോകലും ട്രെന്‍ഡ് വര്‍ക്കൗട്ടുകളുമെല്ലാം സ്ത്രീകള്‍ക്കും ആവശ്യമാണ്. പുരുഷന്‍മാര്‍ ചെയ്യുന്നതിലുപരി ഇക്കാര്യങ്ങളിലെല്ലാം സ്ത്രീസമൂഹവും മുന്നോട്ടു വരേണ്ടതുണ്ട്. ശരീര സൗന്ദര്യമെന്നത് പുരുഷനു മാത്രം പോരാ. സ്ത്രീകള്‍ക്കും വേണം. സെലിബ്രിറ്റി സ്റ്റാറ്റസിലുള്ള സ്ത്രീകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കള്‍. അതിലുപരി മുഴുവന്‍ സ്ത്രീകളും ഇക്കാര്യത്തില്‍ ബോധവത്കരിക്കപ്പെടേണ്ടതുണ്ട്.

ഒരു പ്രസവം കഴിഞ്ഞാല്‍ സ്ത്രീ തടിച്ചില്ലെങ്കില്‍ അതൊരു കുറച്ചിലായി കാണുന്ന സമൂഹമാണ് പ്രബുദ്ധ മലയാളികളുടേത്. പ്രസവത്തിനു ശേഷം പ്രസവ രക്ഷാ മരുന്നുകള്‍ അകത്താക്കിയില്ലെങ്കില്‍ വീട്ടിനകത്തും പുറത്തുമുള്ള ആരോഗ്യ അന്ധവിശ്വാസികള്‍ വച്ചു പൊറുപ്പിക്കില്ല. നെയ്യും പഞ്ചസാരയും നാട്ടുമരുന്നുകളും ചേര്‍ത്തുണ്ടാക്കിയ ഹൈ കലോറി സോ കോള്‍ഡ് ഔഷധങ്ങളാണ് ഒരു സ്ത്രീയെ കൊണ്ട് മാസങ്ങള്‍ കഴിപ്പിക്കുന്നത്. ഇതിനു പുറമെയാണ് കൊഴുപ്പു കൂടിയ മാംസമായ ആട്ടിറച്ചിയും ആട്ടിന്‍ സൂപ്പുമെല്ലാം. ഒരു സ്ത്രീയ്ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കലോറി മറ്റുള്ളവരുടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ കഴിക്കേണ്ടി വരുന്ന അവസ്ഥ.

ആവശ്യത്തിലധികം തടിയുള്ള ഒരു സ്ത്രീയെ തടി കുറയ്‌ക്കേണ്ടുന്ന ആവശ്യകത ബോധ്യപ്പെടുത്തി അവരുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനായി ആരോഗ്യ സംരക്ഷണത്തിനുള്ള വഴികള്‍ നിര്‍ദേശിക്കുന്നതിനു പകരം മൈ ബോഡി മൈ റൈറ്റ് എന്നു പറഞ്ഞ് പുളകിതയാക്കി അവരെ അനാരോഗ്യത്തിലേയ്ക്കു നയിക്കുന്ന പ്രവണതയും കണ്ടുവരുന്നു.

കഴിക്കുന്ന ആഹാരം എന്തെന്നോ, അതിലെ മൈക്രോ ന്യൂട്രിയന്‍സുകളെ കുറിച്ചോ കേരളത്തില്‍ എത്ര സ്ത്രീകള്‍ ബോധവതികളാണ്?.

മൂന്നു നേരം കാര്‍ബോ ഹൈഡ്രേറ്റ് ഇന്‍ടേക് ചെയ്തില്ലെങ്കില്‍ ആരോഗ്യം സംരക്ഷിക്കപ്പെടില്ലെന്ന മിഥ്യാധാരണ കൊണ്ടു നടക്കുന്ന എത്ര പേരുണ്ട്?

ഒരാള്‍ക്ക് ഒരു ദിവസം വേണ്ട ഭക്ഷണത്തെ കുറിച്ചും ശരീരത്തിലേക്കെത്തേണ്ട കലോറിയെ കുറിച്ചുമുള്ള ധാരണയുണ്ടാക്കുന്നതിനു പകരം ആരോഗ്യ സംരക്ഷണം അപ്പാടെ കപട വൈദ്യങ്ങളില്‍ ഏല്‍പ്പിക്കുന്ന പ്രവണതയില്‍ നിന്നും മുക്തമാകാതെ ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടില്ല. എത്രയൊക്കെ ശാസ്ത്രാവബോധമുണ്ടായാലും ശരി കുടുംബത്തിനകത്തു നിന്നു പോലും കപട വൈദ്യങ്ങള്‍ക്കും ആരോഗ്യ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്.

Manuja Mythri
Manuja Mythri

എസന്‍സ് ഗ്ലോബലിന്‍റെ വാര്‍ഷിക പരിപാടിയായ ലിറ്റ്മസ് വേദിയില്‍ മേല്‍പ്പറഞ്ഞ വിഷയത്തില്‍ പ്രഭാഷണം നടത്തുകയാണ് പ്രഭാഷകയായ മനൂജ മൈത്രി.

വ്യക്തിപരമായി സ്വതന്ത്രചിന്തയും ശാസ്ത്രാവബോധവും ഉണ്ടായിരുന്ന ഘട്ടത്തില്‍ പോലും ആവശ്യത്തിലധികം ശരീരഭാരത്തോടെ ജീവിച്ചതിന്‍റെ ദുരനുഭവം ലേഖിക കൂടിയായ മനൂജ മൈത്രി പ്രഭാഷണത്തിലൂടെ പങ്കു വയ്ക്കുന്നു. 2023 മാര്‍ച്ച് മുതല്‍ ആരംഭിച്ച ഫാറ്റ് ലോസ് ബില്‍ഡിങ് യാത്രയിലൂടെ ശരീര ഭാരം കുറച്ച് ബോഡി സ്‌ട്രോങ്ങായപ്പോഴുണ്ടായ ആത്മവിശ്വാസം ഒരു ചിന്തകള്‍ക്കും പണത്തിനും വിദ്യഭ്യാസത്തിനും നല്‍കാന്‍ സാധിച്ചില്ലെന്ന് മനൂജ പങ്കുവയ്ക്കുന്നു. ഒരു പ്രസവം കഴിഞ്ഞാലോ ശരീരഭാരം കൂടിയാലോ ഉടനെ സ്ത്രീകളെ ഊമയാക്കുന്ന സമൂഹത്തില്‍ അവള്‍ക്ക് സ്‌ട്രെങ്ത്തനിങ് വര്‍ക്ക് ഔട്ട് നല്‍കി കൃത്യമായ ഭക്ഷണം കഴിക്കേണ്ടതിന്‍റെ ആവശ്യകതയാണ് മനൂജ മൈത്രി ഡംപ് ഹെര്‍ എന്ന തന്‍റെ പ്രസന്‍റേഷനിലൂടെ പങ്കു വയ്ക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com