യൂറോപ്പിൽ നിന്ന് ഡൽഹിയിലേക്ക് ബിസിനസ് ക്ലാസിൽ പറന്നത് വെറും 17,000 രൂപയ്ക്ക്; ദമ്പതികളുടെ യാത്രാ സീക്രട്ട് വൈറൽ

പ്രാഗിൽ നിന്ന് ന്യൂഡൽഹിയിലേക്കായിരുന്നു ദമ്പതികളുടെ യാത്ര
Couple travels from Europe to Delhi in business class for ₹17,000.

യൂറോപ്പിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിൽ ബിസിനസ് ക്ലാസിൽ 17,000 രൂപയ്ക്ക് യാത്ര ചെയ്ത് ദമ്പതികൾ

Updated on

യൂറോപ്പിൽ നിന്ന് ഡൽഹിയിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രയ്ക്ക് സാധാരണയായി ലക്ഷക്കണക്കിന് രൂപ ചെലവാകും. എന്നാൽ യാത്രാ കണ്ടന്‍റ് ക്രിയേറ്റർമാരായ പ്രകൃതി അറോറയും ആശിഷും രണ്ട് പേർക്കായി ഇതേ യാത്ര നടത്തിയത് വെറും 17,000 രൂപയ്ക്കാണ്. ക്രെഡിറ്റ് കാർഡ് പോയിന്‍റുകളും അവസാന നിമിഷം ലഭിച്ച ‘അവാർഡ് സീറ്റു’കളുമാണ് ഇവരുടെ യാത്രാചെലവ് ഇത്രയും കുറയ്ക്കാൻ സഹായിച്ചത്.

പ്രാഗിൽ നിന്ന് ന്യൂഡൽഹിയിലേക്കായിരുന്നു ദമ്പതികളുടെ യാത്ര. വാർസോ വഴി ഡൽഹിയിലെത്തുന്ന വിമാനത്തിൽ പുറപ്പെടുന്നതിന് വെറും അഞ്ച് ദിവസം മുൻപാണ് രണ്ട് ബിസിനസ് ക്ലാസ് സീറ്റുകൾ ലഭിച്ചത്. സീറ്റ്സ്.എയ്റോ എന്ന വെബ്സൈറ്റ് വഴിയാണ് സീറ്റുകൾ കണ്ടെത്തിയത്. രണ്ട് പേർക്കും ചേർന്ന് 80,000 പോയിന്‍റും ഏകദേശം 17,000 രൂപ നികുതിയും നൽകേണ്ടിവന്നു. അതേസമയം, സാധാരണ ടിക്കറ്റ് നിരക്ക് രണ്ട് പേർക്കുമായി നാല് ലക്ഷം രൂപയിലധികമായിരുന്നു. ഇതിനായി ഒരു ലക്ഷം ആക്സിസ് ബാങ്ക് പോയിന്‍റുകൾ എയർ കാനഡയുടെ എയ്റോപ്ലാൻ പദ്ധതിയിലേക്ക് മാറ്റിയാണ് ആവശ്യമായ 80,000 പോയിന്‍റുകൾ നൽകിയത്.

വീട്ടുചെലവുകൾ ഉൾപ്പെടെയുള്ള വലിയ ചെലവുകൾ ക്രെഡിറ്റ് കാർഡുകൾ വഴി നടത്തിയാണ് ഇവർ പോയിന്‍റുകൾ ശേഖരിച്ചത്. എം4ബി, അറ്റ്ലസ്, ഡിസിബി തുടങ്ങിയ കാർഡുകളാണ് പ്രധാനമായും ഉപയോഗിച്ചത്. മുൻ യാത്രകളിൽ വിമാന ടിക്കറ്റുകൾക്കായി ഏകദേശം 3.3 ലക്ഷം രൂപ ചെലവഴിച്ചതിലൂടെയും പോയിന്‍റുകൾ ലഭിച്ചിരുന്നു.

ബിസിനസ് ക്ലാസ് യാത്രയുടെ അനുഭവം

യാത്രയുടെ ആദ്യഘട്ടത്തിൽ ക്രാക്കോവിൽ നിന്ന് വാർസോയിലേക്കാണ് ദമ്പതികൾ പറന്നത്. ഏകദേശം ഒരു മണിക്കൂർ മാത്രമുള്ള ഈ വിമാനയാത്രയിലും ഷാംപെയിനും ലഘുഭക്ഷണവും ലഭിച്ചതായി അവർ പറഞ്ഞു. വാർസോയിലെത്തിയ ശേഷം എൽഒടി എയർലൈൻസിന്‍റെ ബിസിനസ് ലോഞ്ചും ഉപയോഗിച്ചു. എന്നാൽ ലോഞ്ച് അത്ര മികച്ച അനുഭവമായിരുന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം.

വാർസോയിൽ നിന്ന് ഡൽഹിയിലേക്കുള്ള ദീർഘദൂര യാത്രയായിരുന്നു കൂടുതൽ ആകർഷകമായത്. 2-2-2 ക്രമീകരണമുള്ള ബിസിനസ് ക്ലാസ് ക്യാബിനിൽ വിശാലവും സുഖകരവുമായ സീറ്റുകളായിരുന്നു. യാത്ര തുടങ്ങുന്നതിന് മുൻപ് ഷാംപെയിനും ലഘുഭക്ഷണവും നൽകി. പിന്നീട് പാനീയങ്ങളും സ്റ്റാർട്ടറുകളും വിളമ്പി. ഇരുവരും ഗ്രിൽ ചെയ്ത വഴുതനങ്ങയാണ് തെരഞ്ഞെടുത്തത്. പ്രധാന ഭക്ഷണമായി സാൽമണും മത്തങ്ങ ഗോന‌്ച്ചിയും ലഭിച്ചു. ചീസ്, ബ്രെഡ്, ഐസ്ക്രീം, കേക്ക് തുടങ്ങിയവ ഉൾപ്പെടുന്ന വിപുലമായ ഡെസേർട്ടും പിന്നാലെയെത്തി. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം ഉണർന്നപ്പോൾ റോസ്-ലൈം പുഡ്ഡിംഗും ലഭിച്ചു. ഇത്രയധികം ഭക്ഷണം കഴിച്ചതിനാൽ രണ്ടുമൂന്ന് കിലോ ഭാരം കൂടിയതുപോലെ തോന്നിയെന്നും പ്രകൃതി തമാശയായി പറഞ്ഞു.

17,000 രൂപയെന്നത് യഥാർഥ ടിക്കറ്റ് നിരക്കല്ല

ദമ്പതികൾ പറഞ്ഞ 17,000 രൂപ യഥാർഥ ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കല്ല. 80,000 പോയിന്‍റുകൾ ഉപയോഗിച്ച് ലഭിച്ച അവാർഡ് ടിക്കറ്റിനായി അടച്ച നികുതിയാണ് ഈ തുക. ഇത്തരത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് പോയിന്‍റുകൾ ശേഖരിക്കാനാണ് ദമ്പതികളുടെ നിർദേശം. ആവശ്യത്തിന് പോയിന്‍റുകൾ ഇല്ലാത്തവർക്ക് ബോണസ് ഓഫറുകളുള്ള സമയത്ത് പോയിന്‍റുകൾ വാങ്ങാനും സാധിക്കുമെന്ന് അവർ പറഞ്ഞു. ഇത്തരത്തിലുള്ള തന്ത്രങ്ങളിലൂടെ സാധാരണ ടിക്കറ്റ് നിരക്കിന്‍റെ ഏകദേശം 40 മുതൽ 60 ശതമാനം വരെ ചെലവിൽ യാത്ര ചെയ്യാനാകുമെന്ന് ഇവർ അവകാശപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com