കുഴുപ്പിള്ളി ബീച്ചില്‍ ഇനി തിരകള്‍ക്കൊപ്പം നടക്കാം; ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി

പ്രവേശന നിരക്ക് 120 രൂപ, ഒരു സമയം 50 പേർക്ക് കയറാം, ലൈഫ് ജാക്കറ്റ് നിർബന്ധം.
കുഴുപ്പിള്ളി ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ്
കുഴുപ്പിള്ളി ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ്

കൊച്ചി: കുഴുപ്പിള്ളി ബീച്ചില്‍ തിരകള്‍ക്കൊപ്പം നടക്കാന്‍ ഇനി ഫ്ലോട്ടിങ് ബ്രിഡ്ജ്. എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്നതാണ് ഈ സാഹസിക ടൂറിസം. തീരത്ത് നിന്ന് കടലിലേക്ക് നൂറ് മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 1.3 കോടി ചെലവിലാണ് ടൂറിസം വകുപ്പ് ഫ്ലോട്ടിങ് ബ്രിഡ്ജ് കുഴിപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

അഞ്ച് വയസിന് താഴെ ഉള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ആളുകള്‍ക്കും ഹൃദയ സംബന്ധമായ പ്രശ്നം നേരിടുന്നവര്‍ക്കും പാലത്തില്‍ പ്രവേശനം ഉണ്ടാകില്ല. 120 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. പാലത്തിന്‍റെ ഇരുവശത്തുമായി സുരക്ഷാവേലികള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഇവിടെ പ്രവേശനം.

ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമേ പാലത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. ഒരേസമയം പാലത്തില്‍ 50 പേര്‍ക്ക് വരെ കയറാന്‍ സാധിക്കും. 31 ന് വൈകിട്ട് നാല് മണിക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കുഴുപ്പിള്ളിയിലെ പുതിയ ഫ്ലോട്ടിങ് പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. മികച്ച ഗുണനിലവാരമുള്ള പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാണ് കുഴുപ്പിള്ളി ബീച്ച്. അവധി ദിവസങ്ങളിലാണ് ഇവിടെ വിനോദസഞ്ചാരികള്‍ അധികവും വരാറുള്ളത്. ഫ്ലോട്ടിങ് ബ്രിഡ്ജ് കൂടെ എത്തുന്നതോടെ ടൂറിസം മേഖലയ്ക്കും പ്രതീക്ഷകള്‍ ഏറെ. നിലവില്‍ സംസ്ഥാനത്ത് ബേപ്പൂര്‍, ചാവക്കാട്, താനൂര്‍, ബേക്കല്‍, മുഴപ്പിലങ്ങോട് എന്നിവടങ്ങളില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് സംവിധാനം ഉണ്ട്. ഡിടിപിസിക്കാണ് പാലത്തിന്‍റെ നടത്തിപ്പ് ചുമതല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com