തീരദേശമുള്ള 9 ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ്

കേരളത്തിലെ ആറാമത്തെ ഫ്ളോട്ടിങ് ബ്രിഡ്ജാണ് കഴിഞ്ഞ ദിവസം കുഴുപ്പിള്ളി ബീച്ചിൽ തുറന്നുകൊടുത്തത്
കേരള ടൂറിസം വകുപ്പ് കോഴിക്കോട് ബേപ്പൂർ ബീച്ചിൽ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ്.
കേരള ടൂറിസം വകുപ്പ് കോഴിക്കോട് ബേപ്പൂർ ബീച്ചിൽ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ്.

കൊച്ചി: സംസ്ഥാനത്ത് തീരദേശമുള്ള ഒൻപത് ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ്. നിലവിൽ ആറ് ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു കഴിഞ്ഞു. ഇനി മൂന്ന് ജില്ലകളിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിക്കാനുള്ളത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ് നിലവിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം തന്നെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിക്കും.

കേരളത്തിലെ ആറാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് കഴിഞ്ഞ ദിവസമാണ് വൈപ്പിൻ കുഴുപ്പിള്ളി ബീച്ചിൽ പ്രവർത്തനം ആരംഭിച്ചത്. ആറ് ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സാഹസിക ടൂറിസവുമായി വിനോദ സഞ്ചാരവകുപ്പ് വിവിധ ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്.

കോഴിക്കോട് ബേപ്പൂര്‍, കണ്ണൂര്‍ മുഴപ്പിലങ്ങാട്, കാസര്‍കോട്‌ ബേക്കല്‍, മലപ്പുറം താനൂർ തൂവല്‍ തീരം, തൃശൂർ ചാവക്കാട് എന്നിവിടങ്ങൾക്ക് ശേഷമാണ് എറണാകുളത്ത് കുഴുപ്പിള്ളി ബീച്ചലും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. ഈ വർഷം തന്നെ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ആഴിമല ബീച്ചിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കുക. പ്രവർത്തനം ആരംഭിച്ച ജില്ലകളിലെല്ലാം കടലിനുമീതെ നടക്കാൻ വലിയ ആൾക്കൂട്ടമാണ് എത്തുന്നത്. രാവിലെ മുതൽ വൈകീട്ട് വരെയാണ് ഫ്ലോട്ടിങ് ബ്രിഡ്ജുകളിലേക്ക് പ്രവേശനം. ചെറിയ കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അവശതയുള്ള വയോധികര്‍, ലഹരി ഉപയോഗിച്ചവര്‍, ഗർഭിണികൾ ഹൃദയസംബന്ധമായ അസുഖമുള്ളവർ എന്നിവര്‍ക്ക് പ്രവേശനമില്ല. 120 രൂപയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.

100 മീറ്റർ ദൈർഘ്യമുള്ള പാലത്തിൽ കടലോളത്തിനൊപ്പം നടക്കാനാകുമെന്നതാണ് സഞ്ചാരികളെ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ആകർഷിക്കുന്നത്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലം നിർമ്മിക്കുന്നത്. ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമേ സഞ്ചാരികളെ പാലത്തിലേക്ക് കയറ്റുകയുള്ളൂ. വിനോദസഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനം എല്ലായിടത്തും ഉറപ്പാക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com