മദ്യ വിപണിയിൽ വിദേശ ബ്രാൻഡുകൾ പിടിമുറുക്കുന്നു

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ വിൽപ്പനയിൽ വളർച്ചയില്ല
Foreign liquor, representative image.
Foreign liquor, representative image.മദ്യപാനം ആരോഗ്യത്തിനു ഹാനികരം

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യന്‍ മദ്യ വിപണിയില്‍ വിദേശ ബ്രാന്‍ഡുകള്‍ അതിവേഗം പിടിമുറുക്കുന്നു. ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വറിന്‍റെ (ഐഎംഎഫ്എല്‍) വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ച ദൃശ്യമല്ലെങ്കിലും ഫോറിന്‍ മെയ്ഡ് ഫോറിന്‍ ലിക്വറിന്‍റെ (എഫ്എംഎഫ്എല്‍) ഉപഭോഗം ഗോപ്പ് ഗിയറില്‍ മുന്നേറുകയാണെന്ന് രാജ്യാന്തര റിസര്‍ച്ച് ഏജന്‍സിയായ ഐഡബ്ല്യൂഎസ്ആറിന്‍റെ പഠന റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ മൊത്തം മദ്യ വിപണിയുടെ 80 ശതമാനത്തിലധികം വിഹിതം വിസ്ക്കിയാണ് കൈവശം വെച്ചിട്ടുള്ളത്. നിലവില്‍ രാജ്യത്തെ പത്ത് പ്രമുഖ വിസ്കി ബ്രാന്‍ഡുകളാണ് വിപണി കൈയടക്കിയിട്ടുള്ളത്. അതേസമയം സ്കോച്ച്, ഐറിഷ് , ജാപ്പനീസ്, റഷ്യന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയിലെ മദ്യ വിപണിയില്‍ അസാധാരണമായ വളര്‍ച്ച നേടുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിദേശ ബ്രാന്‍ഡുകളുടെ വിപണി വിഹിതം നാലു ശതമാനത്തിന് മുകളിലെത്തുമെന്നാണ് വിലയിരുത്തുന്നത്. വിസ്ക്കി, ബ്രാന്‍ഡി, റം എന്നിവയുടെ വില്‍പ്പനയില്‍ പത്ത് മുതല്‍ പതിമൂന്ന് ശതമാനം വരെ വളര്‍ച്ച ദൃശ്യമാകുമ്പോള്‍ വോഡ്ക, ജിന്‍, ഫ്ലേവേര്‍ഡ് മദ്യം എന്നിവയുടെ ഉപഭോഗത്തില്‍ മുപ്പത് ശതമാനത്തിലധികം വർധനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ മൊത്തം മദ്യ വിപണിയുടെ വലുപ്പം 5400 കോടി ഡോളറാണെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം വിസ്ക്കി മുതല്‍ ജിന്‍ വരെയുള്ള മദ്യത്തിന്‍റെ വില്‍പ്പനയില്‍ 11 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ബിയര്‍ വില്‍പ്പനയില്‍ 37 ശതമാനം വര്‍ധന ദൃശ്യമായി. വൈനിന്‍റെ വ്യാപാരത്തിലും രാജ്യത്തെ വിപണി മികച്ച വളര്‍ച്ച നേടുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ മദ്യ വിപണിയാണ് ഇന്ത്യയുടേത്. ഇന്ത്യന്‍ മദ്യ വിപണി കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി മികച്ച വളര്‍ച്ച നേടുകയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുന്നതിനാല്‍ വിപുലമായ സാധ്യതകളുള്ള വിപണിയായാണ് ആഗോള മദ്യ കമ്പനികള്‍ ഇന്ത്യയെ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം വിദേശ ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ മദ്യ വിപണിയില്‍ പുതുതായി എത്തിയത്. മദ്യ ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന ചുങ്കമാണ് പല കമ്പനികള്‍ക്കും കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുന്നത്. എങ്കിലും പരമാവധി വില താഴ്ത്തി ആഭ്യന്തര മദ്യ കമ്പനികളുമായി ആരോഗ്യകരമായ മത്സരം കാഴ്ച വയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് പ്രമുഖ വിദേശ ബ്രാന്‍ഡിന്‍റെ കേരളത്തിലെ വിതരണക്കാർ പറയുന്നു.

കഴിഞ്ഞ വര്‍ഷം സ്കോച്ച് വിസ്കിയുടെ വില്‍പ്പനയില്‍ ഇന്ത്യയില്‍ 32.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഐറിഷ് മദ്യത്തിന്‍റെ വില്‍പ്പനയില്‍ അതേസമയം 82 ശതമാനം വളര്‍ച്ചയുണ്ടായി. അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലെ കമ്പനികളുടെ ഇന്ത്യയിലെ മദ്യ വില്‍പ്പനയില്‍ യഥാക്രമം 70 ശതമാനവും 54 ശതമാനവും വർധന കഴിഞ്ഞ വര്‍ഷം ദൃശ്യമായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com