മനം മടുപ്പിക്കുന്ന സ്വപ്നതീരം

കായലില്‍ നിന്നൊഴുകിയെത്തുന്ന പായലുകള്‍ക്ക് പുറമേ മാലിന്യങ്ങളും കുമിഞ്ഞു കൂടിയതോടെ കടപ്പുറത്തേക്ക് കാലെടുത്ത് വയ്ക്കാന്‍ കഴിയാത്ത അവസ്ഥ
മനം മടുപ്പിക്കുന്ന സ്വപ്നതീരം
വൃത്തിഹീനമായി കിടക്കുന്ന ഫോർട്ട് കൊച്ചി ബീച്ച്.

മട്ടാഞ്ചേരി: സഞ്ചാരികളുടെ സ്വപ്ന തീരമായിരുന്ന ഫോര്‍ട്ട് കൊച്ചി കടപ്പുറം വൃത്തിഹീനമായ രീതിയില്‍. കായലില്‍ നിന്നൊഴുകിയെത്തുന്ന പായലുകള്‍ക്ക് പുറമേ മാലിന്യങ്ങളും കുമിഞ്ഞു കൂടിയതോടെ കടപ്പുറത്തേക്ക് കാലെടുത്ത് വയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോൾ.

കടപ്പുറത്തിന്‍റെ വിസ്താരവും നന്നേ കുറഞ്ഞിരിക്കുന്നു. ഉള്ള തീരമാകട്ടെ മനം മടുപ്പിക്കുന്ന വിധത്തിലും. ദിവസേന നൂറു കണക്കിനാളുകള്‍ എത്തുന്ന കടപ്പുറത്തിന്‍റെ അവസ്ഥ ആരെയും വിഷമിപ്പിക്കുന്നതാണ്. സൗത്ത് കടപ്പുറത്തെ നടപ്പാത ഉള്‍പ്പെടെ തകര്‍ന്ന്, നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തീരത്തേക്കിറങ്ങാൻ താത്കാലിക പാതയുണ്ടാക്കിയിട്ടുണ്ടെങ്കിലും തീരത്തിന്‍റെ അവസ്ഥ ശോചനീയം.

മിഡില്‍ ബീച്ചിന്‍റെയും നോര്‍ത്ത് ബീച്ചിന്‍റെയും അവസ്ഥ സമാനം തന്നെ. ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെയും തൊഴിലാളികള്‍ ഇവിടെ ശുചീകരണ ജോലികള്‍ ചെയ്യുന്നുണ്ട്. പക്ഷേ, മാലിന്യങ്ങള്‍ മാത്രം മാറുന്നില്ല! രാവിലെ ഏഴ് മണിക്കെത്തി പതിനൊന്നോടെ തിരിച്ചു പോകുന്ന ഇവര്‍ പൊഴിഞ്ഞ ഇലകള്‍ മാത്രമാണ് നീക്കം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. പുരുഷ തൊഴിലാളികളെ വച്ച് ശുചീകരണ ജോലികള്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സ്ത്രീകളെ മാത്രമാണ് ഇവിടെ ജോലിക്കു നിയോഗിക്കുന്നത്.

കടപ്പുറത്തിന്‍റെ വികസനത്തിനായി കോടികള്‍ ചെലവാക്കുന്നുണ്ടെന്നാണ് പറച്ചിൽ. എന്നാൽ, എല്ലാം കടപ്പുറത്ത് വരച്ച വര പോലെയായി മാറുകയാണ്. കടപ്പുറത്ത് സ്ഥാപിച്ച ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും വരെ ഷൂട്ടിങ്ങിനു വരുന്നവർ നശിപ്പിക്കുന്ന അവസ്ഥയാണ്. ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ അധികൃതരും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com