

ഈവ
സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ ഒരു യുവാവ് നടത്തിയ 370 രൂപയുടെ ബിരിയാണി കഥ വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ഇപ്പോൾ തനിക്കു നേരിടേണ്ടിവന്ന ഇത്തരത്തിലുള്ള ഒരു അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് യുവതിയായ ഈവ. ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന ഈവ ഡൽഹിയിൽ താമസിക്കുന്നതിനിടെയാണ് 370 രൂപയുടെ ബിരിയാണി അനുഭവമുണ്ടായത്.
ബിരിയാണിക്ക് പകരമായി ഈവയെ വലയിലാക്കാൻ കൊണ്ടുവന്നത് 500 രൂപയുടെ മധുരപലഹാരമായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഈവ തന്നെയാണ് അനുഭവം പങ്കുവച്ചത്. തന്‍റെ ജീവിതത്തിലും 370 രൂപ ബിരിയാണി അനുഭവമുണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാണ് ഈവ തന്‍റെ വിഡിയോ ആരംഭിച്ചത്. രാജസ്ഥാനി മന്ത്രിയുടെ മകനിൽ നിന്നാണ് തനിക്ക് ഇത്തരത്തിൽ അനുഭവമുണ്ടായതെന്നും ഈവ വ്യക്തമാക്കുന്നത്.
ഈവയുടെ വാക്കുകൾ
ജയ്പൂരിൽ നിന്നുള്ള ഒരു യുവാവുമായി ഞാൻ സംസാരിക്കുമായിരുന്നു. മധുരപലഹാരമായ ഖേവർ എനിക്കു കൊണ്ടുവന്ന് തരണമെന്ന് ഞാൻ ഇയാളോട് പറഞ്ഞു. കാരണം ജയ്പൂരിലെ ഖേവർ സ്വാദിഷ്ടമാണ്. കുറച്ചു ദിവസം കഴിഞ്ഞ് അയാൾ ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ പരസ്പരം കണ്ടു. ഡിന്നർ കഴിക്കാനായി പോയി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ അയാളുമായി മുന്നോട്ടുപോകാനാവില്ലെന്ന് എനിക്ക് മനസിലായി. ഞാൻ അത് പറയുകയും ചെയ്തു. എന്നിട്ടും അയാൾക്ക് എന്നെ ഹോട്ടലിൽ കൊണ്ടുവിടണം എന്ന് പറഞ്ഞു. ഞാൻ അയാളുടെ കാറിൽ കയറി.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ എന്നോട് ചോദിച്ചു. നമ്മൾ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന്. ഞാൻ അപ്പോൾ പറഞ്ഞു നിങ്ങളോട് താൽപ്പര്യമില്ലെന്ന് ഞാൻ പറഞ്ഞല്ലോ എന്ന്. പിന്നെ എന്ത് ചെയ്യാമെന്നാണ് പറയുന്നതെന്ന്. അപ്പോൾ അയാൾ എന്നെ തറപ്പിച്ച് നോക്കിയിട്ട് പറഞ്ഞു, സ്വീറ്റ്സ് വാങ്ങിക്കൊണ്ടുവന്നതും ഡിന്നറിന് പണം മുടക്കിയതും ആ പ്രതീക്ഷയോടെയാണെന്ന്. നാളെ എനിക്ക് പരീക്ഷയുണ്ടായിരുന്നു. പഠിക്കേണ്ട സമയത്താണ് ഞാൻ നിന്നെ കാണാൻ വന്നത് എന്തെങ്കിലും സംഭവിക്കും എന്ന് കരുതിയാണ്. അപ്പോൾ ഞാൻ പറഞ്ഞു, 'ക്ഷമിക്കൂ സഹോദരാ, ഞാൻ ഇതൊന്നും കരുതിയില്ല. നിങ്ങൾ പരീക്ഷയിൽ വിജയിക്കുക എന്നത് എന്‍റെ കാര്യമല്ല. നിങ്ങൾ പ്രതീക്ഷിച്ചെന്ന് കരുതി എനിക്കൊന്നും ചെയ്യാനാവില്ല'.
ഇതൊക്കെ കേട്ടിട്ടും ആ കാറിൽ നിന്ന് ഇറങ്ങിയില്ല എന്നത് ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ്. അതിനിടെ അയാൾ വഴിയരികത്ത് വണ്ടി നിർത്തി എന്നെ നോക്കി മിണ്ടാതെ ഇരുന്നു. അപ്പോൾ ഞാൻ അയാളോട് ചോദിച്ചു എന്താണ് നടക്കുന്നത്, നീ എന്നെ തട്ടിക്കൊണ്ടുപോവുകയാണോ അപ്പോൾ അവൻ അതേ എന്ന് പറഞ്ഞു. തമാശകാണിക്കുകയാണോ എന്നെല്ലാം ഞാൻ ചോദിച്ചു. വീണ്ടും വീണ്ടും ചോദിച്ചപ്പോഴും തട്ടിക്കൊണ്ടുപോകാൻ പോവുകയാണ് എന്നായിരുന്നു പ്രതികരണം. എനിക്ക് 5 അടി പത്ത് ഇഞ്ചാണ് ഉയരം. ആ സമയത്ത് 120- 125 കിലോ ഭാരം എനിക്കുണ്ടായിരുന്നു. അതിനാൽ സാധാരണ ഇന്ത്യൻ യുവാവിന് എന്നോട് പേടി തോന്നില്ല. ഞാൻ വളരെ സമാധാനത്തോടെ അവനോട് പറഞ്ഞു, ഇത് തമാശയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഞാൻ നിനക്ക് അവസാനമായി ഒരു അവസരം തരികയാണ്. എന്നെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയാൽ നമ്മളിൽ ഒരാൾ മാത്രമേ ജീവനോടെ ഈ വണ്ടിയിൽ നിന്ന് പോവുകയുള്ളൂ. ഇത് കേട്ടതോടെ താൻ തമാശ കാണിച്ചതാണ് എന്ന് പറഞ്ഞ് അവൻ ചിരിക്കാൻ തുടങ്ങി. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ അപ്പോൾ തന്നെ കാറിൽ നിന്ന് ഇറങ്ങുമായിരുന്നു. എന്നാൽ ഞാൻ ആ കാറിൽ ഇരുന്ന് അവനെ ചീത്ത വിളിച്ചുകൊണ്ടിരുന്നു. അവസാനം എന്‍റെ ഹോട്ടലിൽ എത്തിയപ്പോൾ ഒരു ഗുഡ്ബൈ കിസ് തരുമോ എന്ന് അവൻ ആവശ്യപ്പെട്ടു. അവൻ കൊണ്ടുവന്നു തന്ന ഖേവർ എന്തായാലും സ്വാദിഷ്ടമായിരുന്നു.