കായത്തിൽ മായം; രണ്ട് പ്രമുഖ ബ്രാൻഡുകൾ നിരോധിച്ചു

കായത്തിൽ അനുവദനീയമായതിലും അധികം സ്റ്റാർച്ചും, ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ട അളവിൽ ആൽക്കഹോളിൽ അലിയുന്ന സത്തുമില്ലെന്ന് ലബോറട്ടറി പരിശോധനയിൽ വ്യക്തമായി
FSSAI bans LG, Everest asafetida

എവറസ്റ്റ്, എൽജി എന്നിവയുടെ കായത്തിന് നിരോധനം.

Updated on

ന്യൂഡൽഹി: എവറസ്റ്റ്, എൽജി എന്നീ പ്രമുഖ ബ്രാൻഡുകളുടെ കായം ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിരോധനം ഏർപ്പെടുത്തി. ഉപഭോക്താവിന്‍റെ പരാതിയെ തുടർന്ന് നടത്തിയ വിപണി പരിശോധനയിലാണ് ഈ പ്രമുഖ കമ്പനികളുടെ കായം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്.

കായത്തിൽ അനുവദനീയമായതിലും അധികം സ്റ്റാർച്ചും, ഗുണനിലവാരം ഉറപ്പാക്കാൻ വേണ്ട അളവിൽ ആൽക്കഹോളിൽ അലിയുന്ന സത്തുമില്ലെന്ന് ലബോറട്ടറി പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. മുംബൈയിലെ എവറസ്റ്റ്, എൽ.ജി. ബ്രാൻഡ് യൂണിറ്റുകളിൽ നിന്നും ഗുജറാത്തിലെ എവറസ്റ്റിന്‍റെ ഫാക്ടറിയിൽ നിന്നും FSSAI-യും ഗുജറാത്ത് എഫ്.ഡി.എയും ചേർന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിരുന്നു.

ഫുഡ് സേഫ്റ്റി ചട്ടപ്രകാരം കായത്തിൽ കുറഞ്ഞത് 5 ശതമാനമെങ്കിലും ആൽക്കഹോളിൽ അലിയുന്ന സത്ത് ഉണ്ടായിരിക്കണം. എന്നാൽ, പരിശോധിച്ച സാമ്പിളുകളിൽ ഇത് വെറും 0 മുതൽ 3 ശതമാനം വരെ മാത്രമാണെന്ന് കണ്ടെത്തി. ആവശ്യമായ അളവിൽ ശുദ്ധമായ കായം ചേർക്കാതെ കമ്പനികൾ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും, നിശ്ചയിച്ചതിനെക്കാൾ 30 മുതൽ 40 ശതമാനം വരെ കുറവാണ് ഇതിലുള്ളതെന്നും FSSAI ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ, ശുദ്ധമായ കായത്തിൽ പരമാവധി ഒരു ശതമാനം വരെമാത്രം സ്റ്റാർച്ച് അടങ്ങിയിരിക്കാനാണ് അനുവാദമുള്ളത്. എന്നാൽ, എൽജി ബ്രാൻഡിന്‍റെ വിവിധ ഇനം കായങ്ങൾ പരിശോധിച്ചപ്പോൾ അവയിൽ 15% മുതൽ 32% വരെ സ്റ്റാർച്ച് അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ഈ ഗുരുതരമായ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് ഈ ഉത്പന്നങ്ങളുടെ വിൽപ്പന ഉടൻ നിരോധിച്ചുകൊണ്ട് FSSAI ഉത്തരവിറക്കിയത്.

ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്നും, വിപണിയിലുള്ള ഇത്തരം നിലവാരമില്ലാത്ത ഉത്പന്നങ്ങൾ കമ്പനികൾ സ്വയം തിരിച്ചുവിളിക്കണമെന്നും അഥോറിറ്റി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഈ ലംഘനങ്ങൾ എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ചുള്ള സമഗ്രമായ കർമ്മപദ്ധതി സമർപ്പിക്കാനും ഇരു കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com