

ബ്രൂണെയിലെ പ്രധാന ആകർഷണമായ സുൽത്താൻ ഒമർ അലി സൈഫുദീൻ പള്ളി
വെള്ളത്തേക്കാൾ വിലക്കുറവിൽ ഇന്ധനം ലഭിക്കുന്നതും ഇന്ത്യക്കാർക്ക് മൂന്ന് ദിവസം വിസയില്ലാതെ സന്ദർശിക്കാനാകുന്നതുമായ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെ യാത്രാപ്രേമികളുടെ ശ്രദ്ധ നേടുന്നു. എണ്ണസമ്പന്നമായ സമ്പദ്വ്യവസ്ഥയും പ്രകൃതിരമണീയമായ മഴക്കാടുകളും മനോഹരമായ പള്ളികളുമാണ് രാജ്യത്തിന്റെ പ്രധാന ആകർഷണങ്ങൾ.
യാത്രാവിവരണങ്ങൾ പങ്കുവയ്ക്കുന്ന കണ്ടന്റ് ക്രിയേറ്ററായ അങ്കിത കുമാറാണ് ബ്രൂണെയിലെ അനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ബ്രൂണെയിൽ ഇന്ധനത്തിന് വലിയ സബ്സിഡി നൽകുന്നതിനാൽ കുപ്പിവെള്ളത്തേക്കാൾ കുറഞ്ഞ വിലയിൽ ഇന്ധനം ലഭിക്കുമെന്ന് അങ്കിത പറയുന്നു. ലോകത്ത് ഏറ്റവും കുറച്ച് സന്ദർശകരെത്തുന്ന രാജ്യങ്ങളിലൊന്നാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് വ്യക്തികൾക്ക് നികുതി നൽകേണ്ടതില്ലെന്നും വിദ്യാഭ്യാസം ഏറെക്കുറെ സൗജന്യമാണെന്നും സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് ഒരു ഡോളർ മാത്രമാണ് ചെലവെന്നും അങ്കിത അവകാശപ്പെട്ടു.
താൻ സന്ദർശിച്ച രാജ്യങ്ങളിൽ ഏറ്റവും ശാന്തമായ ഇടങ്ങളിലൊന്നാണ് ബ്രൂണെയെന്നും അവർ പറഞ്ഞു. തിരക്കേറിയ ജങ്ഷനുകളിൽ പോലും ആളുകളെ കാണാനില്ലാത്തത്ര ശാന്തമാണ് രാജ്യം. രാജ്യത്തിന്റെ ഏകദേശം 70 ശതമാനവും വനമേഖലയാണ്. രാത്രികാല വിനോദങ്ങൾ വളരെ പരിമിതമാണ്. തദ്ദേശവാസികൾക്ക് മദ്യത്തിന് നിരോധനവുമുണ്ട്.
ഇന്ത്യക്കാർക്ക് മൂന്ന് ദിവസം വരെ വിസയില്ലാതെ ബ്രൂണെ സന്ദർശിക്കാമെന്നും ഈ സമയത്തിനുള്ളിൽ രാജ്യത്തെ പ്രധാന കാഴ്ചകൾ കാണാനാകുമെന്നും അങ്കിത പറയുന്നു.
എങ്ങനെ എത്തിച്ചേരാം?
ചെന്നൈയിൽ നിന്ന് ബ്രൂണെയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുണ്ടെന്നും ഏകദേശം അഞ്ച് മണിക്കൂർ കൊണ്ട് അവിടെയെത്താമെന്നും അങ്കിത പറയുന്നു. റോയൽ ബ്രൂണെ എയർലൈൻസാണ് നേരിട്ടുള്ള സർവീസ് നടത്തുന്നത്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിൽ നിന്ന് സിംഗപ്പൂർ എയർലൈൻസ്, എയർഏഷ്യ, മലേഷ്യ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളും ഉപയോഗിക്കാം. സീസണും യാത്രാ സമയവും അനുസരിച്ച് ഒരു വശത്തേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഏകദേശം 17,000 മുതൽ 21,000 രൂപ വരെയായിരിക്കും. തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്ന രാജ്യമായിരിക്കും ബ്രൂണെ.