'ശപിക്കപ്പെട്ട ദ്വീപ്': ഗയോളയിലെ നിഗൂഢതകൾ..!

നാൽപത് വർഷക്കാലമായി താമസക്കാരാരും ഇല്ലാത്ത ഈ ദ്വീപിനെ ചുറ്റിപ്പറ്റി നിരവധി കഥകൾ ഇന്നും നിലനിൽക്കുന്നു
Gaiola Island
Gaiola Island

ശപിക്കപ്പെട്ട ജന്മം, ശപിക്കപ്പെട്ട ജീവിതമെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ശപിക്കപ്പെട്ട ദ്വീപ് എന്ന് കേട്ടിട്ടുണ്ടോ? ഇറ്റലിയിലെ നേപ്പിൾസ് ഉൾക്കടലിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ശപിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന, വിനോദസഞ്ചാരികൾ എത്താൻ ഭയക്കുന്ന ഈ ദ്വീപിന്‍റെ പേര് ഗയോള എന്നാണ്. ഏകദേശം 42 ഹെക്‌ടറിൽ രണ്ട് ചെറിയ ദ്വീപുകൾ ചേർന്നതാണ് ഗയോള ദ്വീപ് സമൂഹം. തുടരെത്തുടെരെയുണ്ടായ അകാല മരണങ്ങളും മാനസിക വിഭ്രാന്തികളുടെ കഥകളും അപകടങ്ങളുമാണ് ദ്വീപ് കുപ്രസിദ്ധിയാർജിക്കാൻ കാരണം.

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മന്ത്രവാദി എന്നറിയപ്പെട്ടിരുന്ന താപസനായിരുന്നു ഗയോളയിലെ അന്തേവാസി. 1800 കളുടെ അവസാനത്തിൽ ലുയിഗി നെഗ്രി ദ്വീപ് വാങ്ങുകയും അവിടെ ഒരു വില്ല പണിയുകയും ചെയ്തു. എന്നാൽ, അതികം വൈകാതെ അയാൾക്ക് എല്ലാം വിൽക്കേണ്ടി വന്നു. ഈ വില്ല ഇപ്പോഴും അവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

പിന്നീട് 1911 ൽ, കപ്പൽ ക്യാപ്റ്റൻ ഗാസ്പേർ അൽബെംഗ ഈ ദ്വീപ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും അധികം വൈകാതെ ഒരു കപ്പൽ അപകടത്തിൽ അദ്ദേഹം മരിച്ചു. 1920 കളിൽ ദ്വീപ് വാങ്ങിയ ഹാൻസ് ബ്രോണിന്‍റെ മൃതദേഹം കബിളിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെടുക്കുകയായിരുന്നു. പിന്നീട് ദ്വീപിന്‍റെ ഉടമ അദ്ദേഹത്തിന്‍റെ ഭാര്യയായി. ദുർവിധി അവരെയും പിന്തുടർന്നു. കടലിൽ നിന്നാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതിനുശേഷം ദ്വീപ് വാങ്ങിയ ഓട്ടോ ഗ്രൺബാക്ക് ഹൃദയാഘാതം മൂലമാണ് മരിച്ചത്. പിന്നാലെ ഗയോള സ്വന്തമാക്കിനെത്തിയത് ഫാർമസ്യൂട്ടിക്കൽ വ്യവസായി മൗറിസ്-യെവ്സ് സാൻസോസായിരുന്നു. 1958 ൽ സ്വിറ്റ്സർലാൻഡിലെ ഒരു മാനസികരോഗാശുപത്രിയിൽവെച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.

ശേഷം നെൽസൽ പോളിയും ദ്വീപ് വാങ്ങി. 1896 മുതൽ1903 വരെ ഇവിടുത്തെ താമസക്കാരനായിരുന്ന, ലാൻഡ് ഓഫ് സൈറൺ എന്ന നോവൽ എഴുതിയ നോർമൻ ഡഗ്ലസാണ് പുറം ലോകവുമായി ദ്വീപിനെ ബന്ധിപ്പിക്കുന്ന കേബിൾ ചെയർ നിർമിച്ചത്. ഇദ്ദേഹം പീന്നിട് ഇത് നെൽസൺ പോളിക്ക് തിരിച്ചു നൽകി.

ജർമൻ സ്റ്റീൽ വ്യവസായ ഭീമൻ പോൾ ലാങ്ഹൈം ആ‍യിരുന്നു അടുത്ത ഉടമ. ദ്വീപ് കരസ്ഥാമാക്കി അതികം വൈകാതെ അദ്ദേഹത്തിന്‍റെ ബിസിനസ് തകർന്നു. ഫിയറ്റിന്‍റെ തലവനായിരുന്ന ജിയാനി ആഗ്നെല്ലി ദ്വീപ് വാങ്ങിയതോടെ പലവിധ കുടുംബപ്രശ്നങ്ങളും നേരിടേണ്ടി വന്നു. പിന്നീട് ഇതുവാങ്ങിയ അമെരിക്കൻ വ്യവസായി ജെ പോൾ ഗെറ്റിയുടെ ഇളയമകൻ ബ്രെയിൻ ടൂമർ ബാധിച്ച് മരിച്ചു. കൊച്ചുമകനെ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ദ്വീപിന്‍റെ അവസാന ഉടമയാണ് ഇൻഷുറൻസ് കമ്പനി ഉടമയായ ജിയാൻപാസ്ക്വേൽ ഗ്രപ്പോൺ. ഇദ്ദേഹത്തിന്‍റെ അന്ത്യം ജയിലിലായിരുന്നു. ഭാര്യ കാറപകടത്തിൽ മരിക്കുകയും ചെയ്തു.

1978 ൽ ഗയോള ദ്വീപ് ഇറ്റാലിയൻ സർക്കാരിന്‍റെ കീഴിലായി. ഗയോള അണ്ടർ വാട്ടർ പാർക്ക് എന്നാണ് ഇവിടം ഇപ്പോൾ അറിയപ്പെടുന്നത്. നാൽപ്പത് വർഷക്കാലമായി ഇവിടെ താമസക്കാരാരുമില്ല. ഇന്നും ദ്വീപിനെ ചുറ്റിപ്പറ്റി നിരവധി കഥകൾ നിലനിൽക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com