ഗോധാം: പ്രകൃതിയുടെ മടിത്തട്ടിലെ കാഴ്ചയുടെ വസന്തം

മുംബൈ നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് 70 കിലോമീറ്റർ അകലെ, പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഫാം ഹൗസ്.

ഹണി വി.ജി.

മുംബൈയിൽ നിന്നു ലോനാവാല റൂട്ടിൽ വരുമ്പോൾ ഘാലാപൂരിൽ നിന്നു തിരിഞ്ഞ് 30 കിലോമീറ്റർ യാത്ര ചെയ്‌താൽ ഗോധാം ഫാം ഹൗസിലെത്താം. കണ്ണഞ്ചിക്കുന്ന വിസ്മങ്ങളാണ് അവിടെ പ്രകൃതി ഒരുക്കിയിട്ടുള്ളത്. അവിടേക്കുള്ള പാതയ്ക്ക് ഇരുപുറവും വീടുകൾ കുറവാണ്. അതുകൊണ്ട് തന്നെ പാതകൾ ഏറെക്കുറെ വിജനം. ഫാം ഹൗസിലേക്ക് പോകുന്ന വഴിയുടെ ഇടതു വശം ഏകദേശം അഞ്ചു കിലോമീറ്ററോളം പുഴയോരത്തുകൂടിയാണ് യാത്ര.

Gaudham farm house
ഗോധാമിൽ നിന്നുള്ള കാഴ്ച

15 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് പതിനഞ്ചോളം ഹോം സ്റ്റേ കോട്ടേജുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു ഡോർമിറ്ററിയും. മനോഹരമായി പണി കഴിപ്പിച്ചിട്ടുള്ള ഒരു ഹോം സ്റ്റേയിൽ നാലു പേരടങ്ങുന്ന കുടുംബത്തിന് സസുഖം താമസിക്കാം. ഡോർമിറ്ററിയിൽ ഏകദേശം 16 പേർക്കും.

പതിനഞ്ച് ഏക്കറിലെ പകുതിയോളം സ്ഥലം മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ളത്. ബാക്കിയെല്ലാം പ്രകൃതിദത്തമായ രീതിയിൽ നിലനിർത്തിയിരിക്കുന്നു. ഇവിടെയെത്തിയാൽ നിമിഷനേരം മതി മനസും ശരീരവും റീചാർജ് ആയി ഫുൾ ഫോമിലെത്താൻ. പ്രത്യേകിച്ച് ഈ മൺസൂൺ കാലത്ത് കുളിർകാറ്റും കോടമഞ്ഞും കനവൂറും കാഴ്ചകളുമായി അത്രയേറെയാണ് പ്രകൃതിയുടെ പ്രസരിപ്പ്.

ഈ കുഞ്ഞു മലയോരത്തെ ഫാം ഹൗസിൽ നിന്നു ചുറ്റും നോക്കിയാൽ മനോഹരമായ ഫ്രെയിമുകൾ മാത്രം. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും കൊണ്ട് നിറഞ്ഞ ഈ ഭൂപ്രദേശം സഞ്ചാരികളെ മാടി വിളിക്കുന്നു. ഇവിടെ നിന്നു നോക്കിയാൽ ലോനാവാലയിലെ ടൈഗർ പോയിന്‍റും താഴെയുള്ള കൃഷിയിടങ്ങളും കാണാം.

കാഴ്ചകൾ കണ്ടാനന്ദിക്കുന്നതിനപ്പുറമുള്ള അനുഭവമാണ് ഇവിടത്തെ താമസം. ഒരു ദിവസത്തേക്കുള്ള കോട്ടേജ് ബുക്കിങ്ങിൽ ചെയ്യുന്നവർക്ക് പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകുന്നേരത്തെ ചായ-സ്നാക്സ്, രാത്രി ഭക്ഷണം എന്നിവ ഉൾപ്പെടുന്നു. ഭക്ഷണം നൽകുന്നു എന്നതിലല്ല, രുചികരമായ ഭക്ഷണം ഗുണ നിലവാരത്തോടെ വിളമ്പുന്നു എന്നതാണ് കൂടുതൽ പ്രധാനം. ആതിഥ്യമര്യാദയുള്ള ജീവനക്കാരും കൂടിയാകുമ്പോൾ വേറെ ലെവൽ അനുഭവം.

ഗോമാതാക്കളും കിടാങ്ങളും

150 ഓളം പശുക്കളുള്ള ഫാം ഹൗസിൽ പാൽ, തൈര്, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന യൂണിറ്റുമുണ്ട്. എല്ലാ ഉത്പന്നങ്ങൾക്കും മാർക്കറ്റിൽ നല്ല ഡിമാൻഡുമുണ്ട്. പാലും അനുബന്ധ ഉത്പന്നങ്ങളും ഫാമിൽ നിന്നു നേരിട്ടു വാങ്ങാനും സൗകര്യമുണ്ട്, അതും 15 ശതമാനം ഡിസ്കൗണ്ടോടെ. സന്ദർശകർക്കുള്ള ഭക്ഷണം തയാറാക്കാൻ ഉപയോഗിക്കുന്നതും ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്ന പാൽ ഉത്പന്നങ്ങളാണ്. അതുകൊണ്ടു തന്നെ, ഇവിടെനിന്ന് ഒരു നേരം ഭക്ഷണം കഴിച്ചാൽ തന്നെ ഉത്പന്നങ്ങളുടെ ഉന്നത ഗുണനിലവാരം രുചിച്ചറിയാം.

കൂടാതെ പശുവിനെ കുളിപ്പിക്കുന്നതും പാൽ കറക്കുന്നതുമൊക്കെ താമസക്കാർക്ക് ലൈവ് ആയി കാണാം. താത്പര്യമുണ്ടെങ്കിൽ നേരിട്ട് അരക്കൈ നോക്കുകയുമാകാം. നഗരവാസികളായ കുട്ടികളിൽ പലരും പശുവിനെ കറക്കുന്നത് നേരിട്ടു കണ്ടിട്ടില്ലാത്തിനാൽ അവർക്ക് ഇതൊക്കെ പുതിയൊരു അനുഭവമായിരിക്കും. ഫ്രഷ് ആയി കറന്നെടുത്ത പാലുകൊണ്ടുള്ള ചായയുടെയും കാപ്പിയുടെയും രുചി കൂടി അറിയുന്നതോടെ കവർ പാലും നല്ല പശുവിൻപാലും തമ്മിലുള്ള വ്യത്യാസം ബോധ്യമാകും.

പശുക്കൾക്കായുള്ള ആരതിയും ഇവിടത്തെ പ്രത്യേകതയാണ്. പശുവിനെ ശരിക്കും ഗോമാതാവായി തന്നെ കണക്കാക്കുന്നതിന്‍റെ ഭാഗമാണിത്. പശുക്കുട്ടികൾ മതിയാവുവോളം കുടിച്ചതിനു ശേഷം വൈകിട്ട് നാലു മണിക്ക് മാത്രമാണ് പശുക്കളെ കറക്കുന്നത്. പരമാവധി പാൽ ഊറ്റിയെടുത്ത ശേഷം പേരിനു മാത്രം കിടാങ്ങൾക്കു കൊടുക്കുന്ന രീതിയല്ല ഇവിടെ.

താമസത്തിനൊപ്പം ഫാം ഹൗസിലെ പാൽ ഉത്പന്നങ്ങളുടെയും മറ്റും കേന്ദ്രങ്ങൾ പലതും നേരിട്ട് കാണാനും അതിൽ പങ്കാളിയാകാനും മനസിലാക്കാനും സന്ദർശകർക്ക് അവസരം ലഭിക്കുന്നു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരാൻ ജീവനക്കാർ സദാ സജ്ജരായി കൂടെത്തന്നെയുണ്ടാകും. സഞ്ചാരികളെ കൊണ്ടു നടന്ന് കാണിക്കാനും കാര്യങ്ങൾ മനസിലാക്കി കൊടുക്കാനും കഴിയുന്ന ഗൈഡിന്‍റെ സാന്നിധ്യവും പ്രത്യേകതയാണ്.

ഫാം ടൂറിസത്തിലെ മലയാളി സാന്നിധ്യം

മുംബൈയിൽ നിന്ന് 72 കിലോമീറ്റർ മാത്രം അകലെ, റായ്ഗഡ് ജില്ലയിൽ ഖപോളി താഴ്‌വരയിലാണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഫാം ടൂറിസ്റ്റുകളുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നായി ഇതിനകം ഇവിടം മാറിക്കഴിഞ്ഞു. മലയാളികൾ നേതൃത്വം നൽകുന്ന കാർണിവൽ ഗ്രൂപ്പിനു കീഴിലാണ് ഫാം പ്രവർത്തിക്കുന്നത്.

ഇവിടത്തെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ കുടുംബത്തോടൊപ്പം കുറച്ചു ദിവസം പ്രകൃതിയുടെ മടിത്തട്ടിൽ താമസിക്കുക എന്നത് നഗരത്തിരക്കിന്‍റെ മടുപ്പുകളിൽനിന്നുള്ള മോചനം കൂടിയായിരിക്കും. വിവിധയിനം പക്ഷികളുടെ കലപില ശബ്ദമാണ് രാവിലെ എഴുന്നേൽപ്പിക്കുക. ഓരോ കോട്ടേജും പരിസ്ഥിതി സൗഹൃദപരമായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

നദിയോരത്ത് സ്ഥിതിചെയ്യുന്ന ഫാം ഹൗസ് എന്നൊരു സവിശേഷത കൂടിയുണ്ട്. വിശാലമായ പുൽമേടുകൾക്കിടയിൽ സജ്ജീകരിച്ചിരിക്കുന്ന ഫാമിലെത്താൻ മുംബൈയിൽ നിന്ന് ഏകദേശം രണ്ടു മണിക്കൂർ യാത്രയുണ്ട്. താഴെയുള്ള കൃഷിയിടത്തിന്‍റെയും ഗ്രാമങ്ങളുടെയും മനോഹരമായ ദൃശ്യം ആസ്വദിക്കാവുന്ന രീതിയിലാണ് കോട്ടേജുകൾ പണിതിരിക്കുന്നത്.

'കൈരളി', തനി കേരളീയം

തനതു കേരളീയ ആയുർവേദ ശൈലിയിലുള്ള 'കൈരളിയും' ഫാമിൽ നടത്തിവരുന്നു. വിദഗ്ധ പരിശീലനം നേടിയ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളും സേവനം കൈരളിയിൽ ലഭ്യമാണ്. പ്രകൃതിദത്ത ഔഷധസസ്യങ്ങളും എണ്ണകളും ഉപയോഗിച്ച്, അഭ്യംഗ (ആയുർവേദ മസാജ്), ശിരോധാര (നെറ്റിയിൽ എണ്ണ ഒഴിക്കൽ), പഞ്ചകർമ (വിഷവിമുക്തമാക്കൽ), സ്റ്റീം തുടങ്ങിയ ചികിത്സാരീതികൾ ഇവിടെ നടത്തി വരുന്നു.

ഉൾക്കാഴ്ചയുടെ കനലുകൾ

പ്രകൃതിസ്‌നേഹികൾക്കു മാത്രമല്ല, ആത്മീയാന്വേഷകർക്കും അനുയോജ്യമായ ഇടമാണിത്. പ്രകൃതിയുടെ സ്വാഭാവിക ശബ്ദങ്ങൾ ആസ്വദിക്കാനും നക്ഷത്രങ്ങൾ നിറഞ്ഞ രാത്രി ആകാശം കണ്ട് മനസ് നിറയ്ക്കാനും കഴിയും. ജന്മദിനം, വിവാഹം തുടങ്ങിയവയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്കും ഫാം വിട്ടുകൊടുക്കാറുണ്ട്. ഫാമിന്‍റെ മനോഹാരിതയെക്കുറിച്ചറിഞ്ഞ് പല എഴുത്തുകാരും കലാകാരൻമാരും ഇവിടം സന്ദർശിക്കാറുണ്ടെന്നു ജീവനക്കാർ സാക്ഷ്യപെടുത്തുന്നു. അതെ, വിശ്രമിക്കാൻ മാത്രമല്ല, വായിക്കാനും എഴുതാനുമെല്ലാം അനുയോജ്യമായ സങ്കേതമാണിത്.

തട്ടുകളായി കിടക്കുന്ന കുന്നുകളെ പാതി മറയ്ക്കുന്ന കോടമഞ്ഞ്, മരങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന ജലകണികകൾ, കൂടെ ഇത്തിരി തണുപ്പും ഒത്തിരി സുഖവും നൽകുന്ന ഇളം കാറ്റും! എല്ലാം കൂടി നല്ല കണിയാണ് അവിടുത്തെ പുലർകാലം.

പൂർണമായി സജ്ജീകരിച്ചിട്ടുള്ള ഫാം സ്റ്റേ അനുഭവം എളിമയുള്ളതും എന്നാൽ സുഖകരവുമാണ്. എല്ലാം കണ്ട് തിരികെ മലയിറങ്ങുമ്പോൾ കാഴ്ചകൾക്കൊപ്പം ഉൾക്കാഴ്ചയുടെ കനലും തിളങ്ങുന്നുണ്ടാകും.

എങ്ങനെ എത്തിച്ചേരാം

ട്രെയിൻ മാർഗം പോകുകയാണെങ്കൽ ഖപോളിയിൽ ഇറങ്ങി വെസ്റ്റിലേക്ക് കടന്ന് അവിടെ നിന്ന് ആദ്യം ഫാട്ട എന്ന സ്ഥലത്തേക്ക് റിക്ഷയിൽ എത്തിച്ചേരാം. സീറ്റ്‌ ഒന്നിന് 20 രൂപയാണ് ചാർജ് ചെയ്യുക. അവിടെ നിന്നു പറളി എന്ന ഇടത്തേക്ക് ബസ് അല്ലെങ്കിൽ ഷെയർ ടാക്സി ലഭ്യമാണ്, ഒരു സീറ്റിനു 50 രൂപയാണ് ഈടാക്കുന്നത്. അവിടെ നിന്നു ഫാമിലേക്ക് നേരിട്ട് റിക്ഷ ലഭിക്കും.

അടുത്തുള്ള ആകർഷകമായ പ്രശസ്ത സ്ഥലങ്ങൾ

  • ഗണപതി ക്ഷേത്രം പാലി (22കി മി)

  • പാലി ട്രക്കിങ്ങ് പോയിന്‍റ് (22കി മി )

  • ഗഗൻ ഗിരി മഠം (28 കി മി)

  • മുർഗഡ് ഫോർട്ട്‌ (5 കി മി)

Contact details

Trending

No stories found.

More Videos

No stories found.