വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്ത; ഔലിയിലെ സ്കീയിങ് കേന്ദ്രത്തിൽ കൃത്രിമ മഞ്ഞ് നിർമാണം ഉടൻ ആരംഭിക്കും

ചൊവ്വാഴ്ച നടത്തിയ പരീക്ഷണത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് മഞ്ഞ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞതായി ഉത്തരാഖണ്ഡ് വിന്‍റർ ഗെയിംസ് അസോസിയേഷൻ പ്രസിഡന്‍റ് അജയ് ഭട്ട് അറിയിച്ചു
Representative image

പ്രതീകാത്മക ചിത്രം

Updated on: 

ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള പ്രശസ്തമായ ഔലി സ്കീയിങ് കേന്ദ്രത്തിൽ കൃത്രിമ മഞ്ഞ് നിർമാണം ഉടൻ ആരംഭിക്കും. ഇതിനായി സ്ഥാപിച്ചിരുന്ന സ്നോ മേക്കിങ് യന്ത്രങ്ങളുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

ചൊവ്വാഴ്ച നടത്തിയ പരീക്ഷണത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ച് മഞ്ഞ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞതായി ഉത്തരാഖണ്ഡ് വിന്‍റർ ഗെയിംസ് അസോസിയേഷൻ പ്രസിഡന്‍റ് അജയ് ഭട്ട് അറിയിച്ചു. ഡിസംബർ 20നകം ഔലിയിലെ നന്ദാദേവി സ്കീയിങ് സെന്‍ററിൽ കൃത്രിമ മഞ്ഞിന്‍റെ പാളി ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് ടൂറിസം സെക്രട്ടറി ധീരജ് സിങ് ഗർബ്യാലിന്‍റെ നേതൃത്വത്തിൽ ഗഡ്‌വാൾ മണ്ഡൽ വികാസ് നിഗം, ടൂറിസം വകുപ്പ്, വിന്‍റർ ഗെയിംസ് അസോസിയേഷൻ എന്നിവർ ചേർന്ന് 20 ദിവസം മുൻപാണ് പ്രവർത്തനരഹിതമായ യന്ത്രങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

ജലവിതരണ സംവിധാനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഔലിയിലെ താപനില അനുകൂലമാകുന്നതോടെ കൃത്രിമ മഞ്ഞ് നിർമാണം ആരംഭിക്കും. ശൈത്യകാലത്ത് സ്വാഭാവിക മഞ്ഞുവീഴ്ച വൈകിയാലും വിനോദസഞ്ചാരികൾക്ക് ഔലിയിൽ മഞ്ഞ് ആസ്വദിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അജയ് ഭട്ട് പറഞ്ഞു.

2011ൽ ഔലിയിൽ നടന്ന ദക്ഷിണേഷ്യൻ വിന്‍റർ ഗെയിംസിനോടനുബന്ധിച്ചാണ് സ്വാഭാവിക മഞ്ഞിന്‍റെ കുറവ് പരിഹരിക്കാൻ സ്കീയിങ് സെന്‍ററുകൾക്ക് സമീപം കൃത്രിമ മഞ്ഞ് നിർമാണ യന്ത്രങ്ങൾ സ്ഥാപിച്ചത്. ഇതിനായി സമീപത്ത് ജലസംഭരണിയും നിർമിച്ചിരുന്നു. തുടക്കത്തിൽ ഏതാനും തവണ യന്ത്രങ്ങൾ ഉപയോഗിച്ചെങ്കിലും ആവശ്യസമയങ്ങളിൽ പലപ്പോഴും പ്രവർത്തനക്ഷമമായില്ല. 2018 മുതൽ ഇവ മിക്ക സമയത്തും പ്രവർത്തനരഹിതമായിരുന്നു.