പാനി പൂരിയെ ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ

2015 ജൂലൈ 12 മധ്യ പ്രദേശിലെ ഇന്ദോരി സയ്ക എന്ന റസ്റ്ററന്‍റ് 51 ഇനം പാനി പൂരി വിളമ്പി ലോക റെക്കോഡ് സൃഷ്ടിച്ചതിന്‍റെ വാർഷികത്തോടനുബന്ധിച്ചാണ് ഗൂഗിളിന്‍റെ ഡൂഡിൽ ആഘോഷം
പാനി പൂരി
പാനി പൂരി
Updated on

ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് പാനി പൂരി. ഉത്തർ പ്രദേശിൽ ഉദ്ഭവിച്ച മറ്റു പല ചാട്ട് വിഭവങ്ങളും എന്നതു പോലെ മുംബൈ തെരുവുകളിൽ നിന്നാണ് ഇത് ഇന്ത്യയൊട്ടാകെ വ്യാപിച്ചത്. ഇന്നു തിരുവനന്തപുരവും കൊച്ചിയും അടക്കം കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം സുലഭമാണ് പാനി പൂരി.

ഇപ്പോഴിതാ ഗൂഗിൾ ഡൂഡിലിലും ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം പാനി പൂരി. ഗോൽഗപ്പ, ഗുപ്ചുപ്പ്, ഫുച്ച്ക എന്നിങ്ങനെ പാനി പൂരിയുടെ വിവിധ നാമങ്ങളും അതിന്‍റെ സവിശേഷതയുമെല്ലാം ഉൾപ്പെട്ട ചെറുകുറിപ്പും ഫൺ ഗെയിമുമാണ് ഡൂഡിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2015 ജൂലൈ 12 മധ്യ പ്രദേശിലെ ഇന്ദോരി സയ്ക എന്ന റസ്റ്ററന്‍റ് 51 ഇനം പാനി പൂരി വിളമ്പി ലോക റെക്കോഡ് സൃഷ്ടിച്ചതിന്‍റെ വാർഷികത്തോടനുബന്ധിച്ചാണ് ഗൂഗിളിന്‍റെ ഡൂഡിൽ ആഘോഷം. നേഹ ഷാ എന്ന മാസ്റ്റർഷെഫിന്‍റെ നേതൃത്വത്തിലായിരുന്നു റെക്കോഡ് പ്രകടനം.

ഗൂഗിളിലെ പാനി പൂരി ഡൂഡിൽ
ഗൂഗിളിലെ പാനി പൂരി ഡൂഡിൽGoogle

മഹാരാഷ്‌ട്രയിലും ആന്ധ്ര പ്രദേശിലുമാണ് ഇതിന് പാനി പൂരി എന്നു പേരുള്ളത്. പഞ്ചാബ്, ജമ്മു കശ്മീർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഇതു ഗോൽഗപ്പയാണ്. പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിലാണ് ഫുച്ക എന്നു വിളിക്കുന്നത്.

ഓരോ സ്ഥലത്തും ഇതിൽ ചേർക്കുന്ന ഘടകങ്ങളും രുചിയുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ, എല്ലായിടത്തും പൊതുവായി രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ഇതു നിറയ്ക്കാൻ ഉപയോഗിക്കുന്ന, വറുത്തെടുത്ത ചെറിയ പൂരി; രണ്ട്, ഒറ്റയടിക്ക് വായിലേക്കിട്ട് കഴിച്ചിറക്കുന്ന രീതി.

കുറേശ്ശെ കടിച്ചുമുറിച്ച് ആസ്വദിച്ച് ചവച്ചരച്ച് കഴിക്കാൻ സാധിക്കുന്ന വിഭവമേയല്ല പാനി പൂരി. കൈകൊണ്ടെടുത്ത്, പരമാവധി പൊളിച്ച വായയിലേക്ക് തള്ളിവയ്ക്കുകയല്ലാതെ ഇതു കഴിക്കാൻ മറ്റൊരു മാർഗവുമില്ലെങ്കിലും, നൈഫും ഫോർക്കും ഉപയോഗിച്ച് ശീലിച്ച വിദേശികൾ പോലും ഇന്ത്യയിൽ വരുമ്പോൾ ഒരിക്കലെങ്കിലും ഇതു കഴിച്ചു നോക്കാൻ ശ്രമിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com