അരനൂറ്റാണ്ട് മുൻപ് ഒരു ഗുരുവായൂർ ഏകാദശി ദിവസം...

1970 നവംബർ 29ന് അർധരാത്രി ഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയെക്കുറിച്ച് ഒരു ഓർമക്കുറിപ്പ്...
Guruvayur Temple.
Guruvayur Temple.

രാമയ്യർ പരമേശ്വരൻ

ലോക പ്രശസ്തിയിലെത്തിയ ഒരു ദേശീയ തീർഥാടന കേന്ദ്രമാണിന്ന് ഗുരുവായൂർ. ക്ഷേത്ര പ്രവേശന വിളംബരങ്ങൾക്കെല്ലാം എത്രയോ മുമ്പു തന്നെ എല്ലാ ഭക്തജനങ്ങൾക്കും ദർശനം ലഭിച്ചിരുന്ന പരിപാവനവും ചരിത്ര പ്രസിദ്ധവുമായ ഗുരുവായൂർ ഏകാദശി സുദിനം. ദശമി സുദിനത്തിൽ നിർമ്മാല്യ ദർശനം മുതൽ ദ്വാദശി ദിനത്തിലെ ഉഷപ്പൂജയും കഴിഞ്ഞ് ശീവേലിവരെയുള്ള ചടങ്ങുകൾ കഴിയും വരെ ദർശന സൗകര്യം ലഭിക്കുന്ന ഗുരുപവനപുരം.

അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാൽ 53 വർഷം. 1970 ഡിസംബർ 9ന് നടന്ന ഗുരുവായൂരപ്പന്‍റെ ഏകാദശിയെ കുറിച്ച് ഓർക്കുന്നു. ഏകാദശി മഹോത്സവത്തിന് ആഘോഷങ്ങൾ ഭംഗിയാക്കാൻ 6806 രൂപ 41 പൈസ പണമായും 695 ലിറ്റർ 50 മില്ലി ലിറ്റർ നെല്ലും ചെലവു വരുന്ന വിധമാണ് അന്നത്തെ ഗുരുവായൂർ ദേവസ്വം മാനേജരായിരുന്ന വേലായുധൻ നായർ എസ്റ്റിമേറ്റ് തയ്യാറാക്കി സാമൂതിരി കോവിലകം ആസ്ഥാനത്തേക്ക് അംഗീകാരത്തിനായി തയ്യാറാക്കിയത്. ദശമി വിളക്ക് സാമൂതിരി രാജകുടുംബം വകയായും ഏകാദശി സുദിനത്തിലെ ഗുരുവായൂരപ്പനുള്ള ഉദയാസ്തമനപൂജയും ചുറ്റുവിളക്കും കുന്നംകുളം ചിറളയം മണക്കുളം രാജകുടുബം വകയായുമാണ് നടന്നു വന്നിരുന്നത്.

പക്കമേളക്കാരോടുകൂടി സംഗീതാരാധനക്ക് വന്നിരുന്ന ചെമ്പൈ ഭാഗവതർ ക്ക് ഭക്ഷണത്തിന് 50 രൂപ റൊക്കമായി കൊടുക്കാനും ഭഗവാന്‍റെ കളഭവും പ്രസാദങ്ങളും നൽകാൻ 30 രൂപയും എസ്റ്റിമേറ്റിൽ വകയുണ്ടായിരുന്നു. ക്ഷേത്രമതിലകത്ത് അപ്പപ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ കൂലിക്കാരെ നിർത്താനും ചുറ്റുവിളക്കുകൾ തുടച്ചു വൃത്തിയാക്കാനും സത്രത്തിൽ ഭക്തജനങ്ങൾക്ക് വിശ്രമിക്കാൻ നെടുംപുര കെട്ടാനും പാട്ടുകച്ചേരിക്ക് പന്തൽ പ്ലാറ്റ്ഫോം കെട്ടി വിതാനിക്കാനും ദശമി,ഏകാദശി ദിവസങ്ങളിൽ മതപ്രസംഗം, അഖണ്ഡനാമജപം നടത്താനും,"അടുക്കള പുര" കെട്ടാനും കൂടി 625 രൂപ എസ്റ്റിമേറ്റിൽ വകയിരുത്തിയിരുന്നു. കലാപരിപാടികൾക്ക് വരുന്ന കലാകാരന്മാർക്ക് ഭക്ഷണ ചെലവിനും പ്രസിദ്ധീകരണത്തിനും കൂടി 600 രൂപയും പോലീസ് ബന്തവസിന് 2200 രൂപയും വകയിരുത്തിയിരുന്നു.

വഴിയമ്പലത്തിൽ (തിയ്യരമ്പലം) തുലാഭാരം സാധനങ്ങൾ കൊണ്ടുപോകേണ്ട കൂലിക്കും വഴിയമ്പലത്തിൽ വിളക്ക് കത്തിക്കാൻ എണ്ണക്കും കൂടി 12 രൂപയുണ്ടായിരുന്നു. ഉണങ്ങിയ ചന്ദനം ഉരുളകൾ കുതിർത്തി അരക്കുന്നതിന് അകത്തെ കോയ്മക്ക് 5 രൂപയും ലൈസൻസ് ഫീസ് വക ടൗൺഷിപ്പിലേക്ക് നൽകാൻ 500 രൂപയും ദേവസ്വം വക കുളങ്ങളിലേയും കിണറുകളിലേയും മലിനതകൾ നീക്കാൻ 25 രൂപ, സ്കൗട്ടുകൾക്ക് 150 രൂപ പുറത്തെ എഴുന്നള്ളിപ്പിന് ആനപ്പുറത്ത് കയറുന്നവർക്ക് മൊത്തം ജീവിതം നൽകാൻ 50 രൂപ, ഏകാദശി സദ്യക്ക് 50 ലിറ്റർ ചാമ അരിക്ക് 30 രൂപ, 5 ലിറ്റർ വെളിച്ചെണ്ണക്ക് 43 രൂപ 12 പൈസ, ദഹണ്ഡക്കാർക്ക് 10 രൂപ എന്നിങ്ങനെ ഇനം തിരിച്ചുള്ള കണക്ക് പ്രകാരം ഏകാദശി സദ്യക്ക് 418 രൂപ 47 പൈസയും ദ്വാദശി സദ്യക്ക് 615 രൂപ 14 പൈസയും ത്രയോദശി സദ്യക്ക് 615 രൂപ. 80 പൈസയുമാണ് വകയിരുത്തിയിരുന്നത്.

തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ട് സി. മുഹമ്മദിന്‍റെ കീഴിൽ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർക്കായിരുന്നു പൊലീസ് ബന്തവസിന് ചുമതല. ഇപ്രകാരം ഗുരുവായൂർ ഏകാദശി മഹോത്സവം നടത്താൻ എല്ലാ സംവിധാനങ്ങളും 1970 നവംബർ മാസം തന്നെ ഒരുങ്ങിയിരുന്നു. ഇപ്രകാരം 3 ദിവസങ്ങളിൽ നടക്കുന്ന ഏകാദശിക്ക് തയ്യാറെടുപ്പുകൾ നടക്കുമ്പോഴോ, സാമൂതിരി കോവിലകം ആസ്ഥാനത്ത് നിന്ന് അംഗീകാരം നൽകുമ്പോഴോ സ്വപ്നത്തിൽ പോലും കരുതാത്ത ഒരശനിപാതം ഏകാദശി മഹോത്സവത്തോടനുബന്ധിച്ച വിളക്കുകൾക്കിടയിൽ ഉണ്ടായി.

അതെ 1970 നവംബർ 29ന് അർദ്ധരാത്രി ഗുരുവായൂർ ക്ഷേത്രത്തിൽ വലിയൊരഗ്നിബാധ ഉണ്ടായി. എല്ലാം തകിടം മറിഞ്ഞു....അഗ്നിദേവന്‍റെ പരീക്ഷണത്തിൽ ഗുരുവായൂർ ക്ഷേത്ര സങ്കേതം ഭൂരിഭാഗവും അഗ്നിയിലമർന്നു. ഗുരുവായൂരപ്പന്‍റെ പരീക്ഷണമോ. ഇതെന്താ ഇങ്ങനെ...ഗുരുവായൂരപ്പാ....ഭക്തഹൃദയം തേങ്ങി.... ഗുരുവായൂർ ക്ഷേത്രത്തിന്‍റെ ചുറ്റമ്പലത്തിന്‍റെ ഭാഗങ്ങൾ പലതും നാമാവശേഷമായി.എങ്കിലും ഏകാദശി വിളക്കുകൾ, ചടങ്ങുകൾ, ആചാരങ്ങൾ മുടക്കം കൂടാതെ നടത്തി. ഏകാദശി സുദിനത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.പഴമക്കാരുടെ ഓർമ്മകളിൽ...... വർഷം 52 കഴിഞ്ഞപ്പോൾ ഗുരുവായൂർ ഏകാദശി.... ഗുരുവായൂരപ്പന്‍റെ ഏകാദശി മഹോത്സവത്തിന് വലിയതോതിലുള്ള ദേശീയ പ്രാധാന്യം കൈവന്നിരിക്കുന്നു. ഗുരുവായൂർ ഭൂലോകവൈകുണ്ഠമെന്ന് ഭക്തർക്കനുഭവപ്പെട്ടിരിക്കുന്നു.

അഗ്നിയിലമർന്ന ഗുരുവായൂർ ക്ഷേത്രം 4 വർഷത്തിനുള്ളിൽ അതായത് 1974 ആയപ്പോഴേക്കും മുഴുവനായും പുനർനിർമിച്ചു. ഗുരുവായൂരപ്പന്‍റെ ഏകാദശി മഹോത്സവിന് ചെമ്പൈ ഭാഗവതരുടെ നാമധേയത്തിൽ നടക്കുന്ന സംഗീതാരാധന 3 ദിവസങ്ങളിൽ നിന്ന് 15 ദിവസങ്ങളിലേക്ക് എത്തിയിരിക്കുന്നു. അന്ന് അരനൂറ്റാണ്ട് മുമ്പ് ദേവസ്വം വക ചെലവിനത്തിൽ 50 രൂപ വകയിരുത്തിയ ഭാഗവതരുടെ സംഗീതാരാധനക്ക് ദേശീയ പ്രശസ്തി വന്നു ചേർന്നു. ചെമ്പൈ സംഗീതോത്സവം എന്ന പേരിലുള്ള സംഗീതാരാധന മഹോത്സവത്തിന് 20 ലക്ഷവും അതിലധികവും ചെലവുണ്ട്. ചിറളയം രാജകുടുംബം വക നടത്തിയിരുന്ന ഉദയാസ്തമനപൂജ 1971 മുതൽ ഗുരുവായൂർ ദേവസ്വം വകയായിട്ടാണ് നടത്തുന്നത്.

53 വർഷമായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന ഏകാദശി സുദിനത്തിലെ ഗുരുവായൂരപ്പന്‍റെ ഉദയാസ്തമന പൂജയ്ക്കു മാത്രം 1,74,000ഓളം രൂപ ചെലവുണ്ട്. ഗുരുവായൂരപ്പന്‍റെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട് രാവിലെ ശീവേലിക്ക് ശേഷം പ്രത്യേക നിഷ്കർഷയോടെ ആരംഭിക്കുന്ന ഉദയാസ്തമനപൂജ പാരമ്പര്യ കുടുംബാംഗങ്ങളായ കക്കാട്, മുന്നൂലം, പൊട്ടക്കുഴി, പഴയം എന്നിങ്ങനെ 4 മനകളിലെ ഓതിക്കൻമാരും ചേർന്ന് നടത്തും. ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്കെല്ലാം ഗുരുവായൂരപ്പന്‍റെ പ്രസാദം "പ്രസാദഊട്ട്" എന്നപേരിൽ ലോക പ്രശസ്തി നേടിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ഗുരുവായൂർ ഭൂലോകവൈകുണ്ഠം തന്നെ. അതെ, അന്ന് 1970 നവംബർ മാസത്തെ ഭണ്ഡാരം വരവ് മൂന്ന് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി നാനൂറ്റി തൊണ്ണൂറ്റി മൂന്ന് രൂപ പത്ത് പൈസ എങ്കിൽ ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു മുമ്പ് 2023 നവംബറിൽ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ അത് ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക് കടന്ന് അഞ്ചരക്കോടിയിൽ എത്തിയിരിക്കുന്നു. അന്ന് മൂന്നോ, നാലോ തവണ മാത്രം എണ്ണി തിട്ടപ്പെടുത്തിയിരുന്ന ഭണ്ഡാര വരവ് ഇപ്പോൾ എല്ലാ മാസവും എണ്ണുന്ന സന്വ്രദായത്തിലേക്കെത്തിയിരിക്കുന്നു.. ലക്ഷ്മീ വല്ലഭനായ ഗുരുവായൂരപ്പന്‍റെ ഭണ്ഡാരത്തിലെ സംഖ്യ എത്ര കോടിയാണെന്ന് പറയാനും നിർവചിക്കാനും ആർക്കും കഴിയാത്ത ഒരവസ്ഥയാണിന്ന്. ഗുരുവായൂരപ്പന്‍റെ മഹാകാരുണ്യം.....അത്ര തന്നെ.....ഗുരുവായൂരൊരു മഹാക്ഷേത്രം... ഭക്തജനങ്ങളുടെ ഒരു ദേശീയ തീർഥാടകേന്ദ്രം. ഈ സന്നിധിയിൽ ഭജനം ചെയ്ത് വാതരോഗമുക്തി നേടിയ മേൽപ്പത്തൂർ ഭട്ടപാദർ സ്വാനുഭവം കൊണ്ട് നാരായണീയത്തിലൂടെ ഉദ്ഘോഷിച്ചതും അതുതന്നെയാണ് ഹന്ത! ഭാഗ്യം ജനാനാം !മനുഷ്യരാശിക്ക് രോഗശാന്തിയും ദുരിത നിവൃത്തിയും കാര്യസിദ്ധിയും അങ്ങനെ എല്ലാം എല്ലാം ഗുരുവായൂരപ്പൻ നൽകും. ഇത് ഭക്തജനങ്ങൾക്കെല്ലാം അനുഭവമാണ്. ഭക്താനാം കാമവർഷദ്യുതരുകിസലയം നാഥ ! തേ പാദമൂലം എന്ന് മേൽപ്പത്തൂർ ഭട്ടതിരിപാട് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. പണ്ഡിതനാകട്ടെ, പാമരനാകട്ടെ, ധനികനോ ദരിദ്രനോ ആയാലും ഈ ഗുരുപവനേശന്‍റെ സന്നിധിയിൽ ചെന്ന് പ്രാർത്ഥിച്ചാൽ ഫലിക്കാത്ത കാര്യമില്ല.

രാമയ്യർ പരമേശ്വരൻ
രാമയ്യർ പരമേശ്വരൻ

Trending

No stories found.

Latest News

No stories found.