

ഗ്രെറ്റ ബാർത്തൽ
മുംബൈയിലെ തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ പാടുപെട്ട് ജർമൻ മോഡലും ‘ലവ് ഐലൻഡ് വിഐപി’ താരവുമായ ഗ്രെറ്റ ബാർത്തൽ. സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ നിർത്താതിരുന്നതോടെയാണ് ഗ്രെറ്റ ബുദ്ധിമുട്ടിലായത്.
മുംബൈയിലെ തിരക്കേറിയ റോഡിന്‍റെ ദൃശ്യങ്ങൾ ഗ്രെറ്റ തന്നെയാണ് വീഡിയോയായി പങ്കുവച്ചത്. ട്രാഫിക് സിഗ്നൽ ഇല്ലാത്ത റോഡിൽ വാഹനങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയായിരുന്നു. സീബ്ര ക്രോസിങ്ങിൽ എത്തിയിട്ടും വാഹനങ്ങൾ നിർത്താത്തതോടെ എങ്ങനെ റോഡ് മുറിച്ചുകടക്കണമെന്ന് അറിയാതെ ഗ്രെറ്റ കാത്തുനിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
“ഗയ്സ്, ഇവിടെ ആളുകൾ നിർത്തുന്നില്ലെന്ന് തോന്നുന്നു... കാറുകൾ നിർത്തുന്നില്ല. ഇവിടെ ഒരു നടപ്പാത പോലെയുണ്ട്. എങ്ങനെ റോഡ് മുറിച്ചുകടക്കും? ഒന്ന് നിർത്തൂ. ഗയ്സ്, ഹെൽപ്,” എന്നായിരുന്നു ഗ്രെറ്റയുടെ വാക്കുകൾ. ഒടുവിൽ ഗ്രെറ്റ റോഡ് മുറിച്ചുകടന്നു. “വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇന്ത്യയിൽ ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കുന്നത് ഇപ്പോഴും എനിക്ക് ഒരു വെല്ലുവിളിയാണ്,” എന്നായിരുന്നു വീഡിയോയ്ക്കൊപ്പമുള്ള ഗ്രെറ്റയുടെ കുറിപ്പ്.
ഗ്രെറ്റ വീഡിയോ പങ്കുവച്ചതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇന്ത്യയിലെ റോഡ് മുറിച്ചുകടക്കുന്നതിനെക്കുറിച്ച് നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. “ഒന്ന് കൈ ഉയർത്തിയാൽ മതി, മുഴുവൻ ട്രാഫിക്കും നിങ്ങൾക്ക് വഴിയൊരുക്കും. വിഐപിയെ പോലെ റോഡ് മുറിച്ചുകടക്കാം” എന്നായിരുന്നു ഒരാളുടെ രസകരമായ കമന്‍റ്. മുംബൈയിലെ തിരക്കേറിയ റോഡുകളിലെ ഗതാഗതരീതിയുമായി പരിചയമില്ലാത്ത സന്ദർശകർക്ക് നേരിടേണ്ടിവരുന്ന അനുഭവത്തിന്‍റെ ഒരു ഉദാഹരണമായാണ് ഗ്രെറ്റയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.